തിരുവനന്തപുരം: മലബാര്‍ സിമന്റ്സ് മുന്‍ എം.ഡി. പത്മകുമാറിനെ സസ്പെന്‍ഡ് ചെയ്തത് വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിയെ ബ്ലാക്‌മെയിൽ ചെയ്തതുകൊണ്ടാണോ എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നു ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. പത്മകുമാറിനെതിരേ ചുമത്തപ്പെട്ട കേസുകള്‍ നിലനില്‍ക്കുകയില്ലെന്നും സുപ്രീം കോടതി വിധികളുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തീര്‍ത്തും ലംഘിച്ചുമാണ് പത്മകുമാറിനെ അറസ്റ്റു ചെയ്തതെന്നും വ്യക്തമാക്കി നിയമ സെക്രട്ടറി നല്‍കിയ നിയമോപദേശവും വ്യവസായ സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവരുടെ അഭിപ്രായങ്ങളും അവഗണിച്ച് അദ്ദേഹത്തെ എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സസ്പെന്‍ഡ് ചെയ്തത് എന്ന് വ്യക്തമാക്കണം. പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത് സുപ്രീം കോടതിയുടെ ഒട്ടേറെ വിധികളുടെ ലംഘനമാണെന്നും അദ്ദേഹത്തിനെതിരേ ചുമത്തിയ കേസുകള്‍ നിലനില്‍ക്കില്ലെന്നും നിയമവകുപ്പ് സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. പത്മകുമാറിന്റെ കേസില്‍ വിജിലന്‍സ് ഡയറക്ടറെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന ആരോപണം ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ സംഘടനയും ഉയര്‍ത്തിയിരുന്നു. പത്മകുമാറിനെതിരായ കേസുകള്‍ നിലനില്‍ക്കുന്നതല്ലെന്നും അറസ്റ്റ് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നതുമാണെന്ന അഭിപ്രായം വ്യവസായ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയെ അറിയിച്ചു. ഇവയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് മുഖ്യമന്ത്രി പത്മകുമാറിനെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. മലബാര്‍ സിമന്റ്സിന്റെ സമ്പൂര്‍ണ തകര്‍ച്ചയ്ക്ക് ഉത്തരവാദിയായ പാലക്കാട്ടെ ഒരു പ്രമുഖ വ്യവസായിയുടെ ഇംഗിതത്തിന് വഴങ്ങിയാണോ, അദ്ദേഹത്തിന്റെ ഇച്ഛക്ക് എതിരായി പ്രവര്‍ത്തിച്ച പത്മകുമാറിനെ മുഖ്യമന്ത്രി സസ്പെന്‍ഡ് ചെയ്തത് എന്നറിയാനും ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും വി.മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments