NewsPrathikarana Vedhi

ഒരു വെടിയ്ക്ക് 3 പക്ഷികൾ എന്ന (കു)തന്ത്രവുമായി ഒരു സിനിമാ നടന്റെ വിഡ്ഢി വേഷം കെട്ടൽ – രാജീവ് കരുമം എഴുതുന്നു

ഒരു കലാകാരന് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതിനെതിരെ, അയാൾക്കെതിരെയുള്ള സംഘടിത ആക്രമണങ്ങൾക്കെതിരെ, ഫാസിസ്റ്റ് നയങ്ങൾക്കെതിരെ, മറ്റൊരു കലാകാരന്റെ പ്രതിഷേധം! സംവിധായകനും, ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമലാണ് ഇത്തരത്തിൽ കാലാകാലങ്ങളായി സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട, ഇപ്പോൾ നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, ഭാവിയിൽ നിഷേധിക്കപ്പെടാൻ സാധ്യതയുള്ള ആ “പാവം” കാലാകാരൻ. അതിനെതിരെ പ്രതിഷേധിക്കുന്ന ആ “നിഷ്‌ക്കളങ്കനായ” കലാകാരൻ നടൻ അലൻസിയറാണ്. അണിയറയിൽ വേറെയും ഒരുപാട് കലാകാരന്മാരുണ്ട്. അവർക്കെല്ലാം തന്നെ ഈ പറഞ്ഞ ആവിഷ്‌ക്കാര-അഭിപ്രായ സ്വാതന്ത്ര്യമില്ലായ്മയുടെ വല്ലാത്തൊരു പ്രശ്നമുണ്ട്. മാത്രമല്ല ഫാസിസവും അവരെ നോക്കി കണ്ണുരുട്ടി കാണിക്കുകയാണ്. പക്ഷെ ഒരേ ഒരു വ്യത്യാസം, ആളും തരവും നോക്കി മാത്രമേ ഈ പറഞ്ഞ പ്രതിഷേധവും, സഹകരണവും, സഹായവും, പിന്നെ ഫാസിസം എന്ന വാക്കിന്റെ പ്രയോഗവും ഒക്കെ ഉണ്ടാകൂ എന്ന് മാത്രം. ഇവിടെയും അത് തന്നെയാണ് രീതി.

ഒരു വെടിയ്ക്ക് 3 പക്ഷികൾ എന്ന പുത്തൻ പുതിയ (കു)തന്ത്രവുമായിട്ടാണ് നടൻ അലൻസിയറിന്റെ ഈ പ്രതിഷേധ നാടകം എന്ന് പറയാതിരിക്കാൻ വയ്യ. ഒന്ന്, കമൽ സംവിധാനം ചെയ്യുന്ന സിനിമയിൽ നല്ലൊരു റോൾ! എന്തായാലും ഇതോടെ അഡ്വാൻസ് കിട്ടിക്കാണും എന്ന് ഉറപ്പിക്കാം. രണ്ട്, സിനിമയിൽ അഭിനയിച്ചാൽ മാത്രം പോരല്ലോ, ഇതുപോലുള്ള ‘നാടകങ്ങളിലും’ അഭിനയിച്ചാലല്ലേ മാധ്യമ ശ്രദ്ധ കിട്ടൂ. അപ്പോൾ അതും ഒരു വിഷയമാണ്. ഇനി മൂന്ന്, ഇക്കാലത്ത് ഏറ്റവും വലിയ സാധ്യതയുള്ള വിൽപ്പന ചരക്കായ കപടമതേതരത്വം അവകാശപ്പെടുന്നതിലൂടെ വാഴ്ത്തപ്പെടാനുള്ള അവസരം. അതെന്താ ഇങ്ങനെയൊരു ചെറിയ ‘വെടി’യിലൂടെ ഈ പറഞ്ഞ മൂന്ന് പക്ഷികളെ കിട്ടിയാൽ പുളിക്കുമോ? ഒരിക്കലുമില്ല. സ്വന്തം കാര്യം സുന്ദരമാക്കാൻ, എന്ത് അസംബന്ധവും പറയാം, പ്രവർത്തിക്കാം. കാരണം അതൊക്കെയാണ് ഇക്കാലത്തെ ഏറ്റവും വലിയ വിപ്ലവം.

അലൻസിയർ എന്ന നടൻ അറിയുന്നതിന്, കമൽ എന്ന വ്യക്തിയ്‌ക്കോ, സംവിധായകനോ, അക്കാദമി ചെയർമാനോ ജീവിക്കാൻ പറ്റാത്തതായ ഒരു സാഹചര്യവും നമ്മുടെ നാട്ടിലില്ല. സ്വന്തം പ്രവൃത്തികളിൽ നിന്നും കിട്ടുന്ന തിരിച്ചടികളാണ് ഇതെല്ലാം. തന്റെ തീവ്ര ആശയങ്ങളോട് വിയോജിപ്പുള്ളവരെയെല്ലാം അടച്ചാക്ഷേപിക്കുക എന്നതാണ് കമൽ എന്ന വ്യക്തിയുടെ സ്ഥിരം രീതി. പക്ഷെ തിരികെ ആർക്കും, ഒന്നും പറയാൻ പാടില്ല, എങ്കിൽ അതു പിന്നെ മതപരം, അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റം, ഫാസിസം, ഇങ്ങനെ ഒരു കൂട്ടം സംഗതികളായി മാറും! എന്തു വേണോ പറഞ്ഞോളൂ, പക്ഷെ ഒരു രാജ്യത്തെ പ്രധാനമന്ത്രിയെ നരാധമനെന്നും, കൂട്ടക്കുരുതിയുടെ ആളെന്നുമൊക്കെ അതേ രാജ്യത്ത് ഒരു വേദിയിൽ നിന്ന് പരസ്യമായി അഭിസംബോധന ചെയ്യുമ്പോൾ, എല്ലാവരും അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് കമലിനെ അടുത്ത പ്രധാനമന്ത്രിയാക്കണം എന്നാണോ പറയുന്നത്, മിസ്റ്റർ അലൻസിയർ? നരേന്ദ്ര മോഡി നരന്മാരിൽ അധമനാണെന്നതിനും, അദ്ദേഹം കൂട്ടക്കുരുതി നടത്തിയതിനും കമലിന്റെ കയ്യിൽ തെളിവുണ്ടോ? സുപ്രീം കോടതിയ്ക്ക് പോലും യാതൊരു വിധ സംശയവും ഇല്ലാത്ത വിഷയത്തിൽ കമലാണോ തീർപ്പു കൽപ്പിക്കേണ്ടത് ?

അലൻസിയറിന് ഓർമ്മയുണ്ടോ എന്നറിയില്ല. ഓർമ്മ കാണില്ല, കാരണം താങ്കളുടെ കാഴ്ചപ്പാടിൽ ഇതൊന്നും അത്ര പ്രാധാന്യമുള്ള സംഭവങ്ങളായിരിക്കില്ല. ഇവിടെ മോഹൻലാൽ, സുരേഷ് ഗോപി, മേജർ രവി തുടങ്ങി പലർക്കും ഇതു പോലെ അഭിപ്രായ സ്വാന്ത്ര്യവും, ആവിഷ്‌ക്കാര സ്വാതന്ത്ര്യവുമൊക്കെ ഇല്ലാതിരുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ആദികാലത്തല്ല, അടുത്തിടെ തന്നെയാണ്. പിന്നെ, റാഗിംഗ്, പുലയക്കുടിൽ പ്രശ്നം, ചവിട്ടി പുറത്താക്കൽ, ചോറിൽ മണ്ണ് വാരിയിടൽ, മനുഷ്യരെ ജീവനോടെ ചുട്ടെരിക്കൽ തുടങ്ങി ഒട്ടേറെ കലാപരിപാടികളും ഈ നാട്ടിൽ അരങ്ങേറി. അതും പണ്ട് ദിവാന്റെ കാലത്തല്ല, അടുത്തിടെ തന്നെയാണ്. അപ്പോഴൊക്കെ ഈ ഫാസിസം എവിടെയായിരുന്നു സാർ? ഉറക്കമായിരുന്നോ, അതോ ഊട്ടിയ്ക്ക് ടൂറ് പോയിരുന്നോ? ഉറക്കമാവാനാണ് ചാൻസ് കൂടുതൽ. കാരണം, ഉറക്കം നടിച്ചാൽ ഉണർത്താൻ ആർക്കാ കഴിയുക? അപ്പോൾ പ്രശ്‌നം ഇതൊന്നും അല്ല. എന്ത് ഫാസിസമായാലും, അസഹിഷ്ണുതയായാലും, അതൊക്കെ പ്രയോഗിക്കാനുള്ള സമയവും, സാഹചര്യവും, വ്യക്തികളുമൊക്കെ നിങ്ങൾക്ക് അച്ചട്ടാണ്. സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി, ‘ആണ്’, ‘അല്ല’, ‘ഉണ്ട്’, ‘ഇല്ല’ എന്നൊക്കെ നിങ്ങൾക്ക് എത്ര വേണോ മാറ്റിപ്പറയാൻ കഴിയും. അതും പുതുതലമുറ വിപ്ലവത്തിന്റെ ഭാഗമായിട്ട് തന്നെ വരും.

നമ്മുടെ നാട്ടിൽ ഇപ്പോൾ ഒരു പ്രശ്നവും ഇല്ല. പ്രത്യേകിച്ച്, കപടമതേതരത്വം വിളമ്പുന്ന, അനാവശ്യ അഭിപ്രായ സ്വാതന്ത്ര്യം അവകാശപ്പെടുന്ന, എന്തിനെയും എതിർക്കുന്ന, ഒരു പട്ടിക്കുഞ്ഞിന് പോലും പ്രയോജനമില്ലാത്ത കാലഹരണപ്പെട്ട ആശയങ്ങളും തൂക്കിപ്പിടിച്ച് നടക്കുന്ന കുറേ മനുഷ്യഗണങ്ങളെ അടക്കി നിർത്തിയാൽ ഇവിടം സ്വർഗ്ഗമാണ്! ആദ്യം സ്വയം നന്നാക്കൂ, എന്നാൽ പിന്നെ പ്രധാനമന്ത്രിയെ ചീത്ത വിളിക്കേണ്ടി വരില്ല. കാരണം, സ്വയം നന്നാകാൻ തീരുമാനിക്കുന്നവനാണ് നാടിനെ നന്നാക്കുന്നതിൽ ഏറ്റവും പ്രധാനി. സ്വയം രക്ഷിക്കാൻ ആഗ്രഹമില്ലാത്തവരെ ദൈവം പോലും രക്ഷിക്കില്ല. അങ്ങനെയുള്ള വ്യക്തികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിലും ഭേദം, പത്ത് പേർക്ക് അന്നദാനം ചെയ്യുന്നതാണ്. പുണ്യം കിട്ടും.

രാജീവ് കരുമം

shortlink

Related Articles

Post Your Comments

Related Articles


Back to top button