മലയാളസിനിമയിൽ തിരക്കഥ, എഡിറ്റിങ്ങ്, ഗാനങ്ങൾ, സംവിധാനം തുടങ്ങി ഒട്ടനവധി മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള പ്രതിഭാശാലിയായ കലാകാരനാണ് അലി അക്ബർ. 1988’ൽ ‘മാമലകൾക്കപ്പുറത്ത്’ എന്ന സിനിമ രചന നിർവ്വഹിച്ച് സംവിധാനം ചെയ്തു കൊണ്ടായിരുന്നു അലി അക്ബറിന്റെ തുടക്കം. ശേഷം ഇരുപതിലേറെ സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം കൂടുതലും ശ്രദ്ധ കൊടുത്തിട്ടുള്ളത് കോമഡി അടിസ്ഥാനമാക്കിയുള്ള ജനപ്രിയ വിഷയങ്ങളിലാണ്. അവയിൽ ‘ജൂനിയർ മാൻഡ്രേക്ക്’, ‘കുടുംബ വാർത്തകൾ’, ‘പൈ ബ്രദേഴ്‌സ്’ എന്നിവ സൂപ്പർ ഹിറ്റുകളായിരുന്നു.
ഏറ്റവും ഒടുവിൽ, ‘അച്ഛൻ’ (2010) എന്ന സിനിമയുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ സംഘടനകൾ ഏർപ്പെടുത്തിയ അനിശ്ചിതകാല വിലക്ക് കാരണം ഈ കഴിഞ്ഞ 7 വർഷങ്ങളായി സിനിമയിൽ നിന്നും അകന്നു നിൽക്കുകയാണ് അലി അക്ബർ. പ്രസ്തുത സംഘടനകളുടെ നോട്ടപ്പുള്ളിയായ തിലകൻ എന്ന നടനെ ആ സിനിമയിൽ അഭിനയിപ്പിച്ചു എന്നതായിരുന്നു അലി അക്ബർ ചെയ്ത ഏക കുറ്റം. അഭിനേതാക്കൾ, സംവിധായകർ, നിർമ്മാതാക്കൾ, വിതരണക്കാർ, തീയറ്റർ ഉടമകൾ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളുടെയും സംഘടനകളെ സ്വാധീനത്തിലാക്കി ചില വ്യക്തികൾ നടത്തിയ കളികളായിരുന്നു എല്ലാത്തിന്റെയും പിറകിൽ. തനിക്ക് നേരിടേണ്ടി വന്ന, എന്നാൽ ഇതുവരെയും പരിഹരിക്കപ്പെടാത്ത അപ്രഖ്യാപിത വിലക്കുമായി ബന്ധപ്പെട്ട് ഈസ്റ്റ് കോസ്റ്റ് ഡെയിലിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം ഇഷ്ടപ്രകാരമല്ലാതെ, നീണ്ട ഏഴു വർഷക്കാലം താങ്കൾക്ക് സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. എന്താണ് സംഭവിച്ചത് ?
2010’ൽ ഞാൻ ചെയ്ത ‘അച്ഛൻ’ എന്ന സിനിമയിൽ തിലകനെ അഭിനയിപ്പിച്ചു എന്നതായിരുന്നു എനിക്കെതിരെ വിലക്കേർപ്പെടുത്താനുള്ള ഒരേ ഒരു കാരണം. ആ സമയത്ത് നമ്മുടെ സംഘടനകൾക്കെല്ലാം തന്നെ തിലകൻ എന്ന നടൻ അനഭിമിതനായിരുന്നല്ലോ. തികച്ചും വ്യക്തിപരമായ അത്തരം പ്രശ്നങ്ങൾ കാരണം, ഈ കഴിഞ്ഞ ഏഴു വർഷങ്ങളായി എൻ്റെ അന്നം മുടക്കിയവരിൽ പലരും ഇന്ന് ഇവിടെ രാജാക്കന്മാരായി പല സിനിമാ സംഘടനകളുടെയും തലപ്പത്ത് വിരാജിക്കുകയാണ്. പേരെടുത്ത് പറയുന്നതിൽ എനിക്ക് ഭയമൊന്നും ഇല്ല. കമൽ, ബി.ഉണ്ണികൃഷ്ണൻ, സിബി മലയിൽ എന്നിവരൊക്കെ തന്നെയായിരുന്നു എനിക്കെതിരെയുണ്ടായ അപ്രഖ്യാപിത വിലക്കിനു പിറകിൽ. അതിന് ബന്ധപ്പെട്ട സംഘടനകളെ അവർ കൂട്ടു പിടിച്ചു എന്നേയുള്ളൂ.
ഞാൻ ഏറെ ആരാധിച്ചിരുന്ന ഒരു സംവിധായകനാണ് കമൽ. പക്ഷെ ഇപ്പോൾ എനിക്ക് ആ ആരാധനയിൽ ഒരു ശതമാനം പോലും ബാക്കിയില്ല. കാരണം കമൽ ഇപ്പോൾ വെറും രാഷ്ട്രീയക്കാരൻ മാത്രമാണ്, കലാകാരനല്ല. അക്കാദമിയുടെ തലപ്പത്ത് കമൽ എന്ന ഒരു പക്കാ രാഷ്ട്രീയ നേതാവിനെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ. ബി.ഉണ്ണികൃഷ്ണൻ, കമൽ, ഇവരൊക്കെ ചേർന്ന് ഫെഫ്ക്കയെ ഇപ്പോൾ ഇടതുപക്ഷ സംഘടനയാക്കി മാറ്റുകയാണ്. അവിടെയുള്ള അംഗങ്ങളിൽ പലർക്കും പല തരം രാഷ്ട്രീയ ചിന്തകളാണെന്നിരിക്കെ, നിലവിൽ നടക്കുന്നത് ഈ പറഞ്ഞ രണ്ടുപേരുടെയും ഇഷ്ടാനിഷ്ടങ്ങളുടെ കളികളാണ്. ഇതാണോ സംഘടന? ഇങ്ങനെയാണോ ഒരു സംഘടന പ്രവർത്തിക്കേണ്ടത്?
സംവിധായകൻ കമലിനെ മറ്റുള്ളവർ രാഷ്ട്രീയ ലക്‌ഷ്യം വച്ചു കൊണ്ട് ആക്രമിക്കുമ്പോൾ അദ്ദേഹം ഈ പറഞ്ഞ രീതികളിൽ പ്രതിരോധിക്കുന്നതായിരിക്കുമോ?
ഒരിക്കലുമല്ല. പിന്നെ, ഇവിടെ ആരാണ് കമലിനെ ആക്രമിക്കുന്നത്? കമാലുദീൻ എന്ന് വിളിച്ചാൽ അത് മുസ്ളീം പേരു പറഞ്ഞ് അപമാനിക്കുന്നതാണെന്ന് കമൽ പറഞ്ഞതായി കേട്ടു. അതെങ്ങനെയാണ് അപമാനമാകുന്നത്? കമാലുദീൻ ‘കമാലുദീൻ’ അല്ലെങ്കിൽ പിന്നെയാരാണ്? ഞാൻ മുസ്ലീമാണ്. എന്നെ ‘ലി’യെന്നോ, ‘അലി’യെന്നോ ചിലർ വിളിച്ചാൽ ഞാൻ അലി അക്ബർ അല്ലാതാകുമോ? ഇതൊക്കെ വെറുതെയാണ്. കമൽ തികച്ചും സ്വാർത്ഥ മതിയാണ്. വർഗീയവാദം പറയുന്നവർക്ക് സ്വന്തം വർഗ്ഗത്തോടെങ്കിലും സ്നേഹമുണ്ടാകും. ഇയാൾക്ക് അതും ഇല്ല. ടി.എ.റസാക്ക് എന്ന തിരക്കഥാകൃത്തിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവിന് കമലിനോട് പടച്ചോൻ പൊറുക്കുമോ? ആ മനുഷ്യനെ ഒരു അനാഥനെപ്പോലെ റോഡിൽ തള്ളിയിട്ട്, ഇവരൊക്കെ ആഘോഷിക്കാൻ പോയി, ഒപ്പം റസാഖിന്റെ കുടുംബത്തെ സഹായിക്കാനാണ് എന്ന പച്ചക്കള്ളവും. അതിനൊക്കെ കമൽ കൂട്ടു നിന്നു. എന്നിട്ട് അങ്ങനെയല്ല നടന്നത് എന്നൊക്കെ മാധ്യമങ്ങളോട് പറയുകയും ചെയ്‌തു. പിന്നീടെന്താ സംഭവിച്ചത്, എല്ലാം ജനങ്ങൾ അറിഞ്ഞല്ലോ. ഇങ്ങനെയൊക്കെ കാണിച്ച് കൂട്ടിയിട്ട്, അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്നൊക്കെ പറയാൻ ഇവർക്കൊക്കെ നാണം തോന്നുന്നില്ലേ? ചോദിച്ചു പോവുകയാണ്.
പണ്ട് നടൻ മാളയ്ക്കെതിരെ സിനിമാ സംഘടനകളുടെ വിലക്കുണ്ടായിരുന്നപ്പോൾ താങ്കളുടെ സിനിമയുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. അതെന്താ കാരണം?
വിനയന്റെ സിനിമയിൽ അഭിനയിച്ചു എന്ന കാരണത്താൽ ഇവരൊക്കെ ചേർന്ന് മാളയെ വിലക്കി. അദ്ദേഹത്തെ ഞാൻ എൻ്റെ സിനിമയിൽ അഭിനയിപ്പിക്കാനുള്ള ശ്രമം നടത്തിയപ്പോൾ, എൻ്റെ നിർമ്മാതാവിനെ വിളിച്ച് ഭീഷണിപ്പെടുത്തി മാളയെ ഒഴിവാക്കാനായി അവർ ആവശ്യപ്പെട്ടു. ഒടുവിൽ അങ്ങനെ തന്നെ സംഭവിച്ചു. ശേഷം മരണം വരെയും സിനിമയിൽ അഭിനയിക്കാൻ മാളയ്ക്ക് കഴിഞ്ഞില്ല. സത്യം പറഞ്ഞാൽ അദ്ദേഹത്തിന്റെ മരണത്തിന് ഈ പറഞ്ഞ സംഘടനാ തലവന്മാർ തന്നെയാണ് ഉത്തരവാദികൾ. കമലൊക്കെ പലപ്പോഴും പറഞ്ഞിട്ടുണ്ട്, എല്ലാം ശരിയാക്കുന്നുണ്ട് എന്ന്. ഇപ്പോൾ അക്കാദമി ചെയർമാൻ സ്ഥാനത്തെത്തിയിട്ട് പുള്ളിക്കാരൻ എന്താണ് ശരിയാക്കുന്നത്? ഏഴു വർഷങ്ങളായി എന്നെ പട്ടിണിക്കിട്ടിട്ട്, തൊഴിൽ ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തിയിട്ട്, എന്നെപ്പോലെ പലരെയും ഇതേ പോലെ കഷ്ടപ്പെടുത്തിയിട്ട്, ഇവരൊക്കെ തെരുവുകൾ തോറും പ്രസംഗിച്ച് നടന്നിട്ട് എന്താണ് ഫലം?
ലോകം ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല. അത് ഓർത്താൽ നന്ന്. ഫെഫ്ക്കയിലെ അംഗത്വം പുതുക്കാനായി ഞാൻ കൊടുത്ത കാശ്, തിരികെ എനിക്ക് ചെക്കായിട്ട് തന്നു ഏമാന്മാർ. ഇതുവരെയും ആരും പറയുന്നില്ല, എന്നെ വിലക്കുന്നതിന്റെ ശരിക്കുള്ള കാരണം എന്താണെന്ന്. ഈ പറഞ്ഞ തോന്നിയവാസങ്ങൾക്കെതിരെ ഞാൻ ഈ നിമിഷം വരെ കോടതിയിൽ പോകാത്തത് എൻ്റെ മര്യാദ കൊണ്ടാണ്.
ഫെഫ്ക്കയിൽ അംഗത്വം ലഭിക്കാനായി വീണ്ടും ശ്രമിച്ചില്ലേ?
മാപ്പ് പറഞ്ഞാൽ അത് ശരിയാക്കാം എന്നാണ് എനിക്ക് കിട്ടിയ പ്രതികരണം. അത് മാത്രം ഞാൻ ഒരിക്കലും ചെയ്യില്ല. നിശ്ചയിച്ച് ഉറപ്പിച്ചതാണ്. ഇതുപോലുള്ളവരുടെയൊക്കെ മുന്നിൽ മുട്ടുമടക്കാൻ എനിക്ക് കഴിയില്ല. അതല്ല എൻ്റെ പാരമ്പര്യം. തിലകനെ വച്ച് സിനിമ ചെയ്യാൻ പാടില്ല എന്ന് നിയമമില്ലല്ലോ. അതോ, ആ ചെയ്തത് ഈ ലോകത്തിലെ ഏറ്റവും വലിയ തെറ്റാണോ? പിന്നെ എന്തിനാണ് ഞാൻ മാപ്പ് പറയുന്നത്. അത് സ്വീകരിക്കാൻ തക്ക എന്ത് യോഗ്യതയാണ് ഇവർക്കൊക്കെയുള്ളത്. അലി അക്ബർ തിലകനെ തിരികെ കൊണ്ടു വന്നു. അത് വലിയ കുറ്റമാണ്. അത് അങ്ങനെ തന്നെ ഇരുന്നോട്ടെ.
സിനിമയിൽ രാഷ്ട്രീയമുണ്ടോ? ഉണ്ടെങ്കിൽ തന്നെ അത് ശരിയായ പ്രവണതയാണോ?
ഇത്രയും പേർ ചേർന്ന്, കൈ മെയ് മറന്നു ജോലി ചെയ്യുന്ന സിനിമാ മേഖലയിൽ രാഷ്ട്രീയം പാടില്ല എന്ന് ഞാൻ പറയും. സിനിമയിൽ രാഷ്ട്രീയം ഉണ്ടായിരിക്കാം, പക്ഷെ സിനിമാക്കാർക്ക് ഒരിക്കലും രാഷ്ട്രീയം ഇല്ലായിരുന്നു. പക്ഷെ ഇപ്പോൾ ഇവരൊക്കെ ചേർന്ന് സിനിമാ വ്യവസായം രാഷ്ട്രീയവത്ക്കരിക്കുകയാണ്. കമലൊക്കെ ചേർന്ന് സിനിമാക്കാർക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുകയാണ്. സർക്കാരിൽ നിന്നും ശമ്പളം മേടിക്കുന്ന ഒരു വ്യക്തിയും കൂടെയാണ് കമൽ. അപ്പോൾ ആ ഒരു കൂറും അയാൾക്ക് കാണിക്കണം. അക്കാദമി പോലൊരു സ്ഥാനത്ത് ഇങ്ങനെ അന്ധമായ രാഷ്ട്രീയ ചായ്‌വും വച്ചു കൊണ്ടു ഒരാൾ ഇരിക്കുമ്പോൾ, ഇനി എനിക്ക് എന്റെയൊരു സിനിമ അവാർഡിനൊക്കെ അയച്ചാൽ അതിൽ എങ്ങനെയായിരിക്കും ഇദ്ദേഹം ഇടപെടുക? ഒരു സ്ഥാനത്ത് ഇരിക്കുമ്പോൾ രാഷ്ട്രീയം പാടില്ല. അതാണ് ശരിയായ രീതി. മാത്രമല്ല, കമലിന്റെ ചില പ്രസ്താവനകൾ, അതിനോടൊന്നും ഒരു കാലത്തും യോജിക്കാൻ കഴിയില്ല. പ്രധാനമന്ത്രിയെ നരാധമൻ എന്നൊക്കെ അഭിസംബോധന ചെയ്ത വ്യക്തിയിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല.
ഭാവിയിലെങ്കിലും നമ്മുടെ സിനിമാ സംഘടനകളിൽ നിന്നും എന്തെങ്കിലും നല്ലത് പ്രതീക്ഷിക്കാമോ?
വൃദ്ധനായ തിലകനോടും, മാളയോടും, ടി.എ.റസാഖിന്റെ മൃതദേഹത്തിനോടും ഒക്കെ ഇവരെല്ലാം ചേർന്ന് കാണിച്ച മര്യാദകേട് നമ്മളെല്ലാവരും കണ്ടതാണ്. ആ വകയിൽ ഇവർക്കാർക്കും തന്നെ മാനുഷിക മൂല്യത്തെക്കുറിച്ചോ, സ്വാതന്ത്ര്യത്തെക്കുറിച്ചോ സംസാരിക്കാൻ യാതൊരു അവകാശവും ഇല്ല. ശരിക്കും പറഞ്ഞാൽ ബി.ഉണ്ണികൃഷ്ണൻ എന്ന വ്യക്തി ഈ സംഘടനയുടെ തലപ്പത്ത് വന്നത് മുതലാണ് പ്രശ്നങ്ങൾ ഒക്കെ തുടങ്ങുന്നത്. അതു വരെ മലയാള സിനിമയിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു.
ടി.എ.റസാക്കിന്റെ വീട്ടിൽ ഇവർ ഈ പറഞ്ഞ കാശ് കൊടുത്തിട്ടുണ്ടാകും എന്ന് എന്താണ് ഉറപ്പ്? ഇത് സംബന്ധിച്ച് ഞാൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തുകൾ എഴുതി. പക്ഷെ ഇതുവരെയും ഒന്നിനും മറുപടി കിട്ടിയിട്ടില്ല. ഒരു കാര്യം തുറന്നു പറയാം, ഇവിടെ ആരും തന്നെ ഹിന്ദു-മുസ്ളീം എന്ന വേർതിരിവോടെയല്ല തീയറ്ററുകളിൽ സിനിമ കാണാൻ വരുന്നത്. ഇവിടെ എല്ലാവരും അമ്പലങ്ങളിൽ ഷൂട്ട് ചെയ്യാറുണ്ട്, പള്ളികളിൽ ഷൂട്ട് ചെയ്യാറുണ്ട്. ഇക്കാലം വരെയും ഇതൊന്നും ഒരു പ്രശ്നമായിരുന്നില്ല. പക്ഷെ ഇപ്പോൾ കമലൊക്കെ ചേർന്ന് ഇതിനെല്ലാം തുരങ്കം വയ്ക്കാൻ നോക്കുകയാണ്. എം.ടി.യുടെ ‘നിർമ്മാല്യം” എന്ന സിനിമയിൽ വിഗ്രഹത്തെ തുപ്പുന്നത് ഇന്നായിരുന്നെങ്കിൽ വലിയ പ്രശ്നമുണ്ടാകുമായിരുന്നു എന്ന് കമൽ പറഞ്ഞു. അതെന്താ ഇന്ന്? അന്നും പ്രശ്നമുണ്ടാകുമായിരുന്നു. പക്ഷെ, അന്നത്തെക്കാലത്ത് ഈ കമലൊക്കെ ചെയ്യുന്നത് പോലെ, ജനങ്ങളിൽ വർഗ്ഗീയ വിഷം കുത്തി നിറയ്ക്കാൻ ആരും ഇല്ലായിരുന്നു. അതു കൊണ്ടു പ്രശ്നങ്ങളും ഇല്ല. എ.എൻ.രാധാകൃഷ്ണൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല. ഇമ്മാതിരി വൃത്തികെട്ട ചിന്തകൾ കൊണ്ടു നടക്കുന്നവർക്ക് നമ്മുടെ ഈ നിർമ്മലമായ നാട് പറ്റിയതല്ല.
തയ്യാറാക്കിയത്
സുരേഷ് കുമാര്‍ രവീന്ദ്രന്‍
Post Your Comments