സോഫ്റ്റ്‌വേറിന്റെ ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ലോകമാകും നാളെത്തേത്. നമ്മുടെ ലോകത്തെ ഇതുവരെ സാധ്യമാകാത്ത വിധം കാണാനും പ്രകടിപ്പിക്കാനും പങ്കിടാനും കഴിയുന്ന വിധം, സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി നമ്മള്‍ ബന്ധിപ്പിക്കപ്പെടുന്ന കാലമാണ് വരുന്നത്. മൈക്രോസോഫ്റ്റിന്റെ പുതിയ മേധാവി ഇന്ത്യക്കാരനായ സത്യ നാദെല്ല പറയുന്നു .
കഴിഞ്ഞ പത്തുവര്‍ഷത്തെക്കാളും തന്നെ ആവേശം കൊള്ളിക്കുന്നത് വരുന്ന പത്തുവര്‍ഷങ്ങളാണെന്ന് സക്കര്‍ബര്‍ഗ് പറയുന്നു .തീര്‍ച്ചയായും അത് വെല്ലുവിളികള്‍ നിറഞ്ഞതാകുമെന്നുറപ്പ്.
‘നെറ്റ്‌വര്‍ക്കിനെ ചുവടുപ്പിക്കുന്നതിനുള്ളതായിരുന്നു ആദ്യ പത്തുവര്‍ഷങ്ങള്‍. പ്രാധാന്യമേറിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശേഷി ഇപ്പോള്‍ നമുക്കുണ്ട്. പങ്കുവെയ്ക്കലിനാണ് ഇപ്പോള്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കുന്നതെങ്കില്‍, ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാനും സങ്കീര്‍ണപ്രശ്‌നങ്ങള്‍ പരിഹരിക്കാനുമാകും അടുത്ത ദശകത്തില്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കുകള്‍ ശ്രമിക്കുക’. അദ്ദേഹം പറയുന്നു
യഥാര്‍ഥത്തില്‍ സക്കര്‍ബര്‍ഗും നാദെല്ലയും പ്രവചിക്കുന്നതുപോലെയാകുമോ അടുത്ത പത്തുവര്‍ഷങ്ങള്‍? 2025 ആകുമ്പോഴേക്കും ലോകം ഇവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ പരിണമിക്കുമോ? ഉറപ്പില്ല. കാരണം, ഭാവി പ്രവചിക്കുകയെന്നത് വളരെ റിസ്‌ക്കുള്ള ഒരു ഏര്‍പ്പാടാണ്. നിലവിലെ സൂചനകള്‍ പ്രകാരം ലോകം ഭാവിയില്‍ എങ്ങനെയാകുമെന്ന് ഏതാണ്ട് കൃത്യമായി പ്രവചിക്കാന്‍ വളരെ ചുരുക്കംപേര്‍ക്കേ കഴിഞ്ഞിട്ടുള്ളൂ.
ഭാവി പ്രവചിക്കുന്നതിന് പകരം ‘ഭാവി കണ്ടുപിടിക്കാന്‍’ ആപ്പിളിന്റെ സഹസ്ഥാപകനും മുന്‍മേധാവിയുമായിരുന്ന സ്റ്റീവ് ജോബ്‌സിനെപ്പോലുള്ളവര്‍ ശ്രമിച്ചത് അതുകൊണ്ടാണ്!
പത്തുവര്‍ഷംമുമ്പ്, അന്നത്തെ സ്ഥിതിഗതികള്‍ക്കനുസരിച്ച് ഭാവി പ്രവചിക്കാന്‍ സ്റ്റീവ് ജോബ്‌സ് ശ്രമിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, ഐഫോണോ ഐപാഡോ ആപ്പിള്‍ പുറത്തിറക്കില്ലായിരുന്നു. അത്തരം ഉപകരണങ്ങള്‍ ലോകം കീഴടക്കാന്‍ പോകുന്നുവെന്ന കാര്യമായ സൂചനകളൊന്നും 2004ല്‍ ഉണ്ടായിരുന്നില്ല. അന്നത്തെ സൂചനകള്‍ക്കനുസരിച്ചാണെങ്കില്‍, ഐപോഡ് എന്ന മ്യൂസിക് ഉപകരണം കൂടുതല്‍ പരിഷ്‌ക്കരിച്ച് ആപ്പിള്‍ ഇന്നും കഴിച്ചുകൂട്ടിയേനെ!
മൊബൈല്‍ കമ്പ്യൂട്ടിങില്‍ ടാബ്‌ലറ്റ് യുഗം ആരംഭിച്ചത് 2010ല്‍ ആപ്പിളിന്റെ ഐപാഡ് രംഗത്തെത്തിയതോടെയാണ്. ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലേക്ക് തള്ളിയിട്ടുകൊണ്ട്, 2007ല്‍ ഐഫോണ്‍ അവതരിപ്പിച്ച ശേഷമാണ് ആപ്പിളും സ്റ്റീവും ഐപാഡിലേക്ക് തിരിഞ്ഞത് എന്നാണ് പലരും കരുതുന്നത്. പക്ഷേ, അത് തെറ്റാണെന്ന് സ്റ്റീവിന്റെ ജീവചരിത്രകാരന്‍ വാള്‍ട്ടര്‍ ഇസാക്‌സണ്‍ സാക്ഷ്യപ്പെടുത്തുന്നു.
Post Your Comments