Latest NewsKeralaNews

കൊലപാതകം, കഞ്ചാവ്, വ്യാജ രേഖ പ്രതികളായ കോണ്‍ഗ്രസ് നേതാക്കളുടെ പേര് ഓര്‍ത്തെടുക്കാനാവുന്നുണ്ടോ?? എം സ്വരാജ്

ധീരജ് വധക്കേസിലെ പ്രതിയുമായ നേതാവിന്റെ പേര് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ ?

നിരന്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതാക്കളെ സംരക്ഷിക്കുകയാണ് മാധ്യമ രീതിയെന്ന വിമർശനവുമായി സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം സ്വരാജ്. മാധ്യമങ്ങളുടെ ഈ ശൈലിയെ വിമര്‍ശിച്ചാണ് സ്വരാജിന്റെ ഫേസ് ബുക്ക് കുറിപ്പ്.

കൊലപാതകം, കഞ്ചാവ്, തട്ടിപ്പ്, വ്യാജ രേഖ കേസുകളിലെ പ്രതികളായ കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ മാധ്യമങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നില്ല.  രാത്രി ചര്‍ച്ചകളില്‍ ചാനല്‍ അവതാരകര്‍ ധാര്‍മികരോഷം കൊണ്ട് ആവര്‍ത്തിച്ച്‌ അലറി വിളിച്ചിട്ടുമില്ലെന്നും ദിവസം മുഴുവന്‍ ബ്രേക്കിങ്ങ് ന്യൂസായി ഇതൊന്നും പിന്തുടര്‍ന്നിട്ടില്ലെന്നും സ്വരാജ് വിമര്‍ശിച്ചു.

READ ALSO: എല്‍ഡി ക്ലര്‍ക്കിന് അപേക്ഷിക്കാത്തവർക്ക് ഒരവസരം, അവസാന തീയതി നീട്ടി പിഎസ്‌സി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

നിങ്ങള്‍ക്കോര്‍മയുണ്ടോ … ?

* ഒരു യുവതിയെ തല്ലിക്കൊന്ന് സ്വന്തം വീട്ടുമുറ്റത്ത് കുഴിച്ചിട്ട ശേഷം യുവതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പോലീസിനും സര്‍ക്കാരിനും എതിരെ സമരത്തിന് നേതൃത്വം നല്‍കിയ മലപ്പുറത്തെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുടെ പേര് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ?

* സ്വന്തം വീട്ടില്‍ നിന്നും 2.5 കിലോ കഞ്ചാവുമായി പിടിയിലായ പത്തനംതിട്ടയിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ പേര് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ ?

* കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് ദിവസം കഞ്ചാവുമായി പോലീസ് പിടിയിലായ സ്ഥാനാര്‍ത്ഥി കൂടിയായ തിരുവനന്തപുരത്തെ കെ എസ് യു നേതാവിന്റെ പേര് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ?

* നാല്‍പ്പത് കിലോ കഞ്ചാവുമായി പിടിയിലായ യൂത്ത് കോണ്‍ഗ്രസ് അരുവിക്കര മണ്ഡലം സെക്രട്ടറിയുടെ പേര് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ ?

* എല്‍ എല്‍ ബി പാസാവാതെ വക്കീല്‍ ചമഞ്ഞ് കോടതിയില്‍ പ്രാക്ടീസ് തുടങ്ങുകയും പിടിയിലാവുകയും ചെയ്ത കോണ്‍ഗ്രസ് അഭിഭാഷക സംഘടനയുടെ ആലപ്പുഴയിലെ നേതാവിന്റെ പേര് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ ?

* വ്യാജസര്‍ട്ടിഫിക്കറ്റ് വിതരണ മാഫിയാ സംഘത്തിന് നേതൃത്വം നല്‍കിയതിന് പിടിക്കപ്പെട്ട കൊല്ലത്തെ കെഎസ്യു ജില്ലാ നേതാക്കന്‍മാരില്‍ ആരുടെയെങ്കിലും പേരുകള്‍ നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ ?

* ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയതിന് പിടിയിലായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും പിന്നീട് സംസ്ഥാന സെക്രട്ടറിയുമായ പത്തനംതിട്ട സ്വദേശിയുടെ പേര് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ?

* ആലുവയില്‍ ക്രൂരമായി കൊല്ലപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നും നഷ്ടപരിഹാരത്തുക തട്ടിയെടുത്ത ദമ്ബതിമാരായ കോണ്‍ഗ്രസ് നേതാക്കളുടെ പേര് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ ?

* റെയില്‍വേയുടെ വസ്തുവകകള്‍ മോഷ്ടിച്ച്‌ വില്‍ക്കുന്നതിനിടയില്‍ പിടിക്കപ്പെട്ട് ജയിലിലായ യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ സെക്രട്ടറിയുടെ പേര് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ?

* ആറാമത്തെ കാര്‍ മോഷ്ടിക്കുന്നതിനിടയില്‍ മാളയില്‍ വെച്ച്‌ പിടിയിലായ കെ എസ് യു ജില്ലാ സെക്രട്ടറിയും , ധീരജ് വധക്കേസിലെ പ്രതിയുമായ നേതാവിന്റെ പേര് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ ?

* വ്യാപാരിയെ അക്രമിച്ച്‌ പണം തട്ടിയെടുക്കുകയും പിടിയ്ക്കപ്പെട്ടതിനെ തുടര്‍ന്ന് ജയിലിലടയ്ക്കപ്പെടുകയും , ഇപ്പോഴും കോര്‍പ്പറേഷന്‍ കൗണ്‍സിലറായി തുടരുകയും ചെയ്യുന്ന എറണാകുളത്തെ കോണ്‍ഗ്രസ് നേതാവിന്റെ പേര് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ ?

* സര്‍ക്കാര്‍ ഉത്തരവും, ഭൂനികുതിയുടെ രശീതിയും പ്രസ്സില്‍ നിന്നും വ്യാജമായി അച്ചടിച്ച്‌ തട്ടിപ്പു നടത്തിയതിന് പിടിയിലായ യൂത്ത് കോണ്‍ഗ്രസ് തൃക്കാക്കര മണ്ഡലം സെക്രട്ടറിയുടെ പേര് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ?

* വഴി ചോദിക്കാനെന്ന വ്യാജേന ബൈക്കിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ചെടുത്ത് കടന്നതിന് പോലീസ് പിടികൂടി ജയിലിലടച്ച യൂത്ത് കോണ്‍സ് ജില്ലാ വൈസ് പ്രസിഡന്റിന്റെ പേര് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ ?

* അമ്മയെയും മകളെയും പീഡിപ്പിച്ചതിന് ജയിലില്‍ അടയ്ക്കപ്പെട്ട യൂത്ത് കോണ്‍സ് മണ്ഡലം സെക്രട്ടറിയും ജവഹര്‍ ബാലവേദി ജില്ലാ വൈസ് ചെയര്‍മാനുമായ നേതാവിന്റെ പേര് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ?

* കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയംഗമായിരുന്ന നേതാവിന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതിന് പിടിയിലായ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്ന നേതാവിന്റെ പേര് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ ?

* കള്ളനോട്ടടി കുടില്‍ വ്യവസായമാക്കി മാറ്റുകയും തുടര്‍ച്ചയായി പിടിക്കപ്പെടുകയും ചെയ്യുന്ന ബി ജെ പി പ്രവര്‍ത്തകരായ തൃശൂരിലെ സഹോദരങ്ങളുടെ പേരുകള്‍ നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ?

മേല്‍പ്പറഞ്ഞവരില്‍ ഒരാളുടെയെങ്കിലും പേര് നിങ്ങള്‍ക്ക് ഓര്‍ത്തെടുക്കാനാവുന്നുണ്ടോ ???

അടുത്ത കാലത്തുണ്ടായ ഇത്തരം സംഭവങ്ങളിലെ പ്രതികള്‍ പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്നവരും സമൂഹത്തില്‍ അറിയപ്പെടുന്നവരുമായിട്ടും അവര്‍ പ്രതികളായ കുറ്റകൃത്യങ്ങളുമായി ചേര്‍ത്ത് അവരുടെയൊന്നും പേരുകള്‍ ഓര്‍മയില്‍ കടന്നുവരാത്തത് എന്തുകൊണ്ടാണ് ? പേടിക്കണ്ട. നിങ്ങളുടെ ഓര്‍മശക്തിക്കു തകരാറൊന്നും പറ്റിയിട്ടില്ല.

ഇത്തരം കുറ്റകൃത്യങ്ങളിലെ പ്രതികളെ നിങ്ങളുടെ മനസില്‍ പതിയും വിധം വാര്‍ത്തകളിലൂടെ മാധ്യമങ്ങള്‍ തുറന്നു കാട്ടിയിട്ടില്ല. രാത്രി ചര്‍ച്ചകളില്‍ ചാനല്‍ അവതാരകര്‍ ധാര്‍മികരോഷം കൊണ്ട് ആവര്‍ത്തിച്ച്‌ അലറി വിളിച്ചിട്ടുമില്ല. ദിവസം മുഴുവന്‍ ബ്രേക്കിങ്ങ് ന്യൂസായി ഇതൊന്നും നിങ്ങളെ പിന്തുടര്‍ന്നിട്ടില്ല.
മുഖപ്രസംഗങ്ങളും ലേഖന പരമ്ബരകളും കാര്‍ട്ടൂണുകളുമായി നിങ്ങളുടെ മനസിലേക്ക് ഇതൊന്നും ഇടിച്ചു കയറിയിട്ടില്ല.

സാമൂഹ്യദ്രോഹികളായ ഈ കുറ്റവാളികളെ പ്രമുഖ മാധ്യമങ്ങളൊന്നു ചേര്‍ന്ന് ചിറകിനടിയില്‍ സംരക്ഷിച്ചു. ഏതേതോ എഡിഷനുകളിലെ ഉള്‍പ്പേജിലൊരു മൂലയില്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നു വരുത്തി കളം വിട്ട മാധ്യമങ്ങളാണ് കുറ്റവാളികള്‍..

പക്ഷേ, എനിക്കുറപ്പുണ്ട്.. ദുരിതാശ്വാസക്യാമ്ബിലേക്ക് അവശ്യ സാധനങ്ങളുമായി വന്ന ഓട്ടോറിക്ഷക്ക് കൂലി കൊടുക്കാന്‍ കയ്യില്‍ കാശില്ലാത്തതിനാല്‍ 2 രൂപ പിരിവെടുത്ത ആലപ്പുഴയിലെ പാര്‍ട്ടി സഖാവിന്റെ പേര് നിങ്ങള്‍ മറന്നിട്ടില്ല. താല്‍ക്കാലിക ജോലികിട്ടാനായി തൊഴില്‍ പരിചയരേഖ കൃത്രിമമായി ചമച്ചെന്ന ആരോപണം നേരിട്ട മുന്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകയുടെ പേര് മരിക്കുംവരെ നിങ്ങള്‍ മറക്കില്ല. ഇങ്ങനെയൊക്കെയാണ് നമ്മുടെ മാധ്യമങ്ങള്‍ രാഷ്ട്രീയ ഉത്തരവാദിത്വം നിര്‍വഹിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button