Kerala

ഐ.എ.എസുകാരുടെ കൂട്ട അവധി: സംസ്ഥാനത്ത് സൃഷ്ടിച്ചിരിക്കുന്നത് ഭരണഘടനാ പ്രതിസന്ധിയെന്ന് ബി.ജെ.പി

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തേമസിനെതിരേ അതിഗുരുതര സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍മാര്‍ ഒറ്റക്കെട്ടായി അവധി എടുക്കുന്നത് സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍. തങ്ങളെ മുഴുവന്‍ അഴിമതിക്കാരായി മുദ്രകുത്തുന്ന വിജിലന്‍സ് ഡയറക്ടറുടെ നടപടി തങ്ങളുടെ മനോവീര്യം തകര്‍ത്തിരിക്കുകയാണെന്നാണ് ഐ.എ.എസുകാരുടെ പ്രധാന പരാതി.

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരേ അവര്‍ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളും ഉന്നയിച്ചിരിക്കുകയാണ്. തുറമുഖ ഡയറക്ടറായിരിക്കേ 35-50 കോടി രൂപ സര്‍ക്കാരിന് നഷ്ടംവരുത്തിയതിന്റെ തെളിവുകള്‍ ഫയലുകളില്‍ വ്യക്തമാണെന്നും കര്‍ണാടകയില്‍ പരിസ്ഥിതിദുര്‍ബലപ്രദേശത്ത് 150 ഏക്കര്‍ ഭൂമി വിജിലന്‍സ് ഡയറക്ടറുടെ ബന്ധു കൈയേറിയെന്നും ഐ.എ.എസുകാര്‍ പറയുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്ക് 35-40 കോടിയുടെ അനധികൃത സ്വത്തുണ്ടെന്ന പരാതിയില്‍ സര്‍ക്കാര്‍ വിശദീകരണം പോലും ചോദിച്ചില്ലെന്നു തുടങ്ങിയ ആരോപണങ്ങള്‍ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണം നടത്താന്‍ ഉത്തരവാദപ്പെട്ട ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തെ ഏറ്റവും ഉന്നതമായ അന്വേഷണ ഏജന്‍സിയുടെ തലവനെതിരേ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഞെട്ടിക്കുന്നതാണ്. വിജിലന്‍സ് അന്വേഷിക്കുന്ന കേസുകളെക്കാള്‍ ഗുരുതരമായ ആരോപണങ്ങള്‍ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരേ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിജിലന്‍സ് സംവിധാനത്തിന്റെ വിശ്വാസ്യതയും നിലനില്‍പ്പുംതന്നെ അപകടത്തിലായിരിക്കുകയാണ്.

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായി നിലനിര്‍ത്തുന്നിടത്തോളം കാലം ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ഭരണനേതൃത്വവുമായി സഹകരിക്കില്ലെന്ന പരോക്ഷ സന്ദേശമാണ് കൂട്ട അവധി എടുത്തതിലൂടെ അവര്‍ നല്‍കിയിരിക്കുന്നത്. അവര്‍ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരേ ഉന്നയിച്ചിരിക്കുന്ന ഗുരുതരമായ ആരോപണങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിജിലന്‍സ് അന്വേഷണങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തിരിക്കുകയാണ്. വിജിലന്‍സ് ഡയറക്ടറും ഐ.എ.എസുകാരും ഏറ്റുമുട്ടുമ്പോള്‍ ഉണ്ടായിരിക്കുന്ന ഭരണഘടനാ പ്രതിസന്ധിക്ക് ഉത്തരവാദി ആര്‍ജവവും ഇച്ഛാശക്തിയില്ലാത്തതുമായ ഭരണ നേതൃത്വമാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button