
കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. നോട്ട് നിരോധനത്തിന് ശേഷം കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിക്കപ്പെടുന്ന വലിയ സ്വര്‍ണ്ണക്കടത്താണിത്. വാഹനങ്ങള്‍ കഴുകാനുള്ള വാട്ടര്‍ പമ്പിന്റ മോട്ടറിനുള്ളിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ചത്. കൊടുവള്ളി കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന കള്ളക്കടത്ത് സംഘത്തിനു വേണ്ടിയാണ് സ്വര്‍ണ്ണം കടത്തിയതെന്ന് പിടിയിലായയാള്‍ മൊഴി നല്‍കി.
ഇന്നലെ രാത്രി അബുദാബിയില്‍ നിന്ന് കരിപ്പൂരിലെക്കെത്തിയ കോഴിക്കോട് അത്തോളി സ്വദേശി റമീസിന്റെ പക്കല്‍ നിന്നാണ് ഒരു കോടിയോളം വിലമതിക്കുന്ന 3.5 കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയത്. വിമാനത്താവളത്തിനു പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് റമീസിനെ, കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്.
കൊടുവള്ളി, താമരശ്ശേരി എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണക്കടത്ത് സംഘത്തിന് വേണ്ടിയാണ് സ്വര്‍ണ്ണം എത്തിച്ചെതെന്ന് റമീസ് മൊഴി നല്‍കി. 25,000 രൂപയ്ക്കായാണ് ഇയാള്‍ സ്വര്‍ണ്ണം കടത്തിയത്. കോഴിക്കോട് വെച്ച് സ്വര്‍ണ്ണം കൈമാറണമെന്നാണ് തനിക്ക് ലഭിച്ച നിര്‍ദ്ദേശമെന്നും മൊഴിയില്‍ പറയുന്നു. സ്വര്‍ണ്ണം കടത്താന്‍ ശ്രമം വ്യാപകമാവുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ കസ്റ്റംസ് നിര്‍ദ്ദേശം നല്‍കി.
Post Your Comments