ജ്യോതിര്‍മയി ശങ്കരന്‍
എൺപതുകളിലാണു ജോലി കിട്ടി ആദ്യമായി ബാംഗളൂരിലെത്തിയത്. കേരളം വിട്ട് ആദ്യമായി എത്തിയ സ്ഥലം. പുതിയ ഭാഷ, പുതിയ ജോലിസ്ഥലം,പുതിയ കൂട്ടുകാർ , പുതിയ ജീവിതരീതി. മലയാളമൊഴികെ ഇതുവരെ മറ്റൊരു ഭാഷ- തട്ടിക്കൂട്ടി ഇംഗ്ലീഷ് പറയാനുള്ള ധൈര്യം ഉണ്ടായിരുന്നെങ്കിലും- സംസാരിയ്ക്കേണ്ടി വന്നിട്ടില്ല ഇതു വരെ. തമിഴും ഒപ്പിയ്ക്ക്കാമായിരുന്നു, ചില സുഹൃത്തുക്കൾ കാരണം. ബാംഗളൂരിനെക്കുറിച്ചോ അവിടത്തെ യാത്രാസംവിധാനത്തെക്കുറിച്ചോ യാതൊരുവിധ ധാരണയും ഉണ്ടായിരുന്നില്ല. അമ്മാമന്റെ കുടുംബത്തിനൊത്തായിരുന്നു താമസം. ഏതാനും ദിവസങ്ങൾക്കകം തന്നെ ബാംഗളൂർ എനിയ്ക്കിഷ്ടപ്പെട്ട സ്ഥലമായി മാറാൻ പ്രധാന കാരണം അവിടെ ഞാൻ പരിചയപ്പെട്ട നല്ലവരായ ജനങ്ങൾ തന്നെയായിരുന്നു എന്ന് നന്ദിപൂർവ്വം സ്മരിയ്ക്കുന്നു. അവരിൽ ബംഗാളികളും , പഞ്ചാബികളും, മലയാളിയും, തമിഴനും, കന്നഡിഗയും എല്ലാം തന്നെ ഉണ്ടായിരുന്നു താനും. എത്ര സ്നേഹപൂർവ്വം അവരെല്ലാം ഓറോ കാര്യങ്ങൾക്കും സഹായിച്ചിരുന്നതും ഓറ്മ്മ വരുന്നു. വെള്ളിയാഴ്ച്ച രാത്രികളിൽ മൈസൂരിലുള്ള സഹോദരനെ കാണാൻ ഒറ്റയ്ക്കു മൂന്നു മണിക്കൂറിലധികം ബസ് യാത്രയും അന്നു പതിവായിരുന്നു. ശാന്തമായ നഗരം അന്ന് എത്ര മനോഹരിയായിരുന്നു. ലാൽബാഗിലെ പൂക്കൾ പോലെ ചിരിച്ചു നിന്നിരുന്ന ഈ നഗരം പുതുവർഷപ്പിറവിയിൽ നമ്മെയെല്ലാം നടുക്കിക്കളഞ്ഞല്ലോ? ഗാർഡൻ സിറ്റി എന്നു നമ്മൾ ഓമനപ്പേരിട്ടു വിളിച്ച ഈ നഗരം ആഭാസന്മാരുടെ വിളയാട്ടു നിലമായി മാറിയതെങ്ങനെ? നാനാവിധത്തിലുള്ള വികസനം നഗരത്തിനെ സമൃദ്ധമാക്കിയപ്പോൾ അതിനൊപ്പം വന്ന ആപത്തുകളെക്കുറിച്ചും നമ്മൾ ബോധവാന്മാരാകേണ്ടതായിരുന്നില്ലേ?
ഐ.ടി. മേഖലയുടെ കുതിച്ചുകയറ്റം ഇന്ത്യയൊട്ടുക്കും വരുത്തിയ മാറ്റങ്ങൾ നഗരങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങളിലും പ്രതിഫലിച്ചു തുടങ്ങിയിട്ട് കുറച്ചു കാലമായല്ലോ? ആമസോണും , ഫ്ലിപ്പ്കാർട്ടും വഴിയെത്തുന്ന ബ്രാൻഡഡ് സാധനങ്ങൾ ഗ്രാമങ്ങളിൽപ്പോലും നിത്യക്കാഴ്ച്ചകൾ മാത്രം.മാൾ കൾച്ചർ മലയാളിയ്ക്കും പെട്ടെന്നുൾക്കൊള്ളാനായി. അപ്പോൾപ്പിന്നെ ഇൽക്ട്രോണിക് സിറ്റിയെപ്പോലും സ്വന്തമാക്കിയ ബാംഗളൂരിനെക്കുറിച്ചു മറ്റെന്തുപറയാൻ? തിരപോലെ തള്ളി വന്ന അന്യസംസ്ഥാന ജനതയുടെ മുന്നിൽ കന്നഡ ഭാഷ അടിച്ചേൽപ്പിയ്ക്കാൻ തുനിഞ്ഞ് നടത്തിയ പ്രക്ഷോഭങ്ങളെല്ലാം തന്നെ കാലക്രമേണ അലിഞ്ഞലിഞ്ഞില്ലാതായെങ്കിലും അവിടുത്തുകാരുടെ മനസ്സിൽ നിന്നത് മാഞ്ഞു പോകാതെ നിൽക്കുന്നുണ്ടെന്നറിയാൻ കഴിയുന്നു. മെട്രൊകളായ മുംബൈ , ഡെൽഹി എന്നിവിടങ്ങളിൽ തീരെ കാണാൻ കഴിയാത്ത ഒരു മനോഭാവമാണിത്. നമ്മുടെ മുംബൈ എന്നല്ലാതെ ഞങ്ങളുടെ മുംബൈ എന്നൊരു മറാഠിയും പറയില്ല, തീർച്ച. തെക്കൻ സംസ്ഥാനങ്ങൾ അത്രയും ഉദാരമനസ്കത കാണിയ്ക്കാൻ തയ്യാറാകുന്നില്ലെന്നു കാണാം.പക്ഷേ പുതുവർഷം സമ്മാനിച്ച ഈ വ്രണങ്ങ ൾ അത്ര വേഗം ഉണങ്ങില്ല തീർച്ച.
ബാംഗളൂർ വളരെ ചെറിയ ഒരു നഗരിയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ അവിടെ ജനസാന്ദ്രത നഗരത്തിനു താങ്ങാവുന്നതിലുമധികമായി മാറിയിട്ടുണ്ട്. കന്നഡയല്ലാത്ത ഭാഷ സംസാരിയ്ക്കുന്നവർ തന്നെ അധിക. പണ്ടും തമിഴരും തെലുങ്കരും മലയാളിയും ഇവിടെ ധാരാളമുണ്ടായിരുന്നെങ്കിലും ഉത്തരേന്ത്യയിൽ നിന്നുള്ള കുടിയേറ്റത്തിന്റെ ഒഴുക്കിൽ കന്നഡ സംസ്ക്കാരം ഒഴുകിപ്പോയിക്കഴിഞ്ഞിരിയ്ക്കുന്നതായി തോന്നാം. ജനസാന്ദ്രതയ്ക്കൊത്ത ഇൻഫ്രാസ്റ്റ്രക്ച്ഛറിന്റെ കുറവ് വലിയൊരു ന്യൂനത തന്നെ. യാത്ര എന്നും പ്രശ്നമാണിവിടെ ഇടുങ്ങിയതും പൊട്ടിപ്പൊളിഞ്ഞതുമായ പ്രധാനവീഥികൾ തന്നെ നമ്മെ അത്ഭുതപ്പെടുത്തുന്നു. ബസ്സുകൾ പലപ്പോഴും വളഞ്ഞയാത്രകൾക്കു കാരണമാകുന്നു. ഓട്ടോ റിക്ഷകൾ കൊള്ളലാഭം മാത്രം നോക്കുന്നവയാണു. അത്യാവശ്യമായി ഒരു സ്ഥലത്തു പോകാൻ വന്നെന്നു വരില്ല. ഇപ്പോൾ ഓല മുതലായ പ്രൈവറ്റ് ടാക്സികൾ അൽപ്പം ആശ്വാസം തരുന്നെന്നു മാത്രംക്ഷേ റോഡുകളുടെ സ്ഥിതി പരിതാപകരമായിത്തന്നെ തുടരുന്നു. ഇതിനിടയിൽ സിറ്റി വളർന്നുകൊണ്ടേയിരിയ്ക്കുന്നു. എൺപതുകളിൽ സായാഹ്നസവാരിയ്ക്കായി പോയിരുന്ന വിജനമായ പലപ്രദേശങ്ങളും ഇന്ന് ജനനിബിഡമായ നഗരഭാഗങ്ങളായി മാറിയിരിയ്ക്കുന്നു.
വളരുന്ന നഗരിയിലെ മാറിക്കൊണ്ടിരിയ്ക്കുന്ന സംസ്ക്കാരം എന്നും എവിടെയും തലവേദന തന്നെ. അതു തന്നെയാണിവിടെയും സംഭവിച്ചിരിയ്ക്കുന്നത്.എങ്കിലും പുതുവർഷമാഘോഷിയ്ക്കുന്ന തിരക്കിൽ നടന്നവ ഒരിയ്ക്കലും ബാംഗളൂരിനു മറക്കാനാവില്ല. സിസിടിവി കാണിച്ചു തന്ന ദൃശ്യങ്ങൾ നമ്മെ ഭയചകിതരാക്കുന്നു. ആർക്ക് ആരെ രക്ഷിയ്ക്കാനാകും എന്ന ചിന്തയ്ക്കു ഉത്തരം കിട്ടുന്നില്ല. കൂട്ടം കൂടി പ്ലാൻ ചെയ്തു നടത്തുന്ന ഇത്തരം കൃത്യങ്ങൾ ചെയ്തവരെ വേണ്ടവിധം ശിക്ഷിയ്ക്കാനെങ്കിലും കഴിഞ്ഞെങ്കിൽ എന്ന ചിന്ത മാത്രമാണിപ്പോൾ. അതും അവർ അർഹിയ്ക്കും വിധം കഠിനമായ ശിക്ഷതന്നെ കൊടുക്കണം.സ്ത്രീയുടെ അനുവാദം കൂടാതെ മറ്റൊരാൾ അവളുടെ ദേഹത്തിൽ കൈവയ്ക്കുന്നത് ഒരിയ്ക്കലും അനുവദനീയമല്ലെന്ന ചിന്ത അവർക്കുള്ളിൽ ആഴത്തിൽ പതിയുന്ന വിധത്തിലുള്ളതായിരിയ്ക്കണം ആ ശിക്ഷ.
സംസ്ക്കാരങ ൾ ഉടലെടുക്കുന്നത് സമൂഹത്തിൽ നിന്നാണെന്നും സമൂഹം വ്യക്തികളുടെ കൂട്ടായ്മയാണെന്നുമുള്ള തിരിച്ചറിവ് നമുക്കുണ്ടായാൽ സ്ത്രീയേയും സ്ത്രീത്വത്തേയും ബഹുമാനിയ്ക്കാൻ ഇനിയും വരുന്ന തലമുറയ്ക്കെങ്കിലുമാവും.അതുവരെയും സ്ത്രീ സഹിച്ചുകൊണ്ടേ ജീവിയ്ക്കണോ? നാടിന്റെ ഓരോ ഭാഗവും പറയുന്ന കഥകളിൽ ഇതു തന്നെയല്ലേ കാണുന്നത്? വസ്ത്രധാരണരീതിയേയോ ജീവിതരീതിയേയോ കുറ്റം പറയുന്നതെന്തിനാണ്? ജീവിയ്ക്കാനുള്ള മൌലികാവകാശം എല്ലാവർക്കും ഒരുപോലെത്തന്നെയല്ലേ? കാലം മറുപടി പറയട്ടെ!
Post Your Comments