ഡൽഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേന്ദ്ര ബജറ്റ് അവതരണം മാറ്റിവെയ്ക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഹര്‍ജി ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും അര്‍ഹിക്കുന്ന സമയത്ത് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റീസ് ജഗദീഷ് സിങ് ഖെഹാര്‍ തലവനായ സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. അഭിഭാഷകനായ എം എല്‍ ശര്‍മ്മയാണ് ബജറ്റ് അവതരണം മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരിഗണിച്ച് കേന്ദ്ര ബജറ്റ് അവതരണം മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ ഇന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണുന്നുണ്ട്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 16 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് രാഷ്ട്രപതിയെ കാണുക. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ മാറ്റിവെയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ബജറ്റില്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സാധ്യത ഏറെയാണ്. ഇത് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളെ സ്വാധീനിക്കും. അതിനാല്‍ നിഷ്പക്ഷവും നീതിപൂര്‍വ്വവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമാകുമെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നു.
ബജറ്റ് അവതരണം മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കിയിരുന്നു.കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ജെഡിയു നേതാവ് ശരദ് യാദവ് തുടങ്ങിയവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ നിവേദനത്തില്‍ ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസിനെ കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ജെഡിയു, ആര്‍എല്‍ഡി പാര്‍ട്ടി നേതാക്കളും തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട പ്രതിപക്ഷ സംഘത്തില്‍ ഉണ്ടായിരുന്നു.
ഫെബ്രുവരി ഒന്നിന് പൊതുബജറ്റ് അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ബജറ്റ് സെഷന്‍ ജനുവരി 31നും ആരംഭിക്കും. പാര്‍ലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റിയുടേതാണ് ഇതുസംബന്ധിച്ച തീരുമാനം. ഫെബ്രുവരിയിലെ മൂന്നാമത്തെ വാരമാണ് സാധാരണ ബജറ്റ് സെഷന്‍ തുടങ്ങാറുള്ളത്. പൊതുബജറ്റ് അവതരിപ്പിക്കാറുള്ളത് ഫെബ്രുവരി 28നും.
Post Your Comments