പാലക്കാട് : ട്രെയിനുകളില്‍ രാത്രികാല പരിശോധന ആരംഭിച്ചു. സിഗ്‌നല്‍ തകരാര്‍ കാരണം തുടര്‍ച്ചയായി ട്രെയിന്‍ അപകടങ്ങള്‍ ഉണ്ടായതിന്റെ പാശ്ചാത്തലത്തിലാണ് റെയില്‍വേ രാത്രികാല തീവ്ര സുരക്ഷാ പരിശോധന ആരംഭിച്ചത്. റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദ്ദേശമനുസരിച്ചു മുഴുവന്‍ വകുപ്പുതലവന്മാരുടെയും നേതൃത്വത്തില്‍ അര്‍ധരാത്രി 12 മുതല്‍ പുലര്‍ച്ചെ നാലുവരെയുള്ള സമയത്താണു ട്രെയിന്‍ പരിശോധന. സിഗ്‌നല്‍ സംവിധാനത്തിലെ വീഴ്ചയെ തുടര്‍ന്നു നോര്‍ത്ത്, സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേകളില്‍, അടുത്തിടെയുണ്ടായ രണ്ട് ട്രെയിന്‍ അപകടത്തില്‍ നിരവധി പേരാണു മരിച്ചത്.
സിഗ്‌നല്‍, കോച്ചുകള്‍, എന്‍ജിന്‍ എന്നിവയുടെ പ്രശ്‌നങ്ങളും തകരാറുകളും പരിശോധിച്ചു റിപ്പോര്‍ട്ട് ഉടന്‍ റെയില്‍വേ മേഖലാ ഒാഫിസില്‍ അറിയിക്കാനാണു നിര്‍ദ്ദേശം. യാത്രക്കാരില്‍നിന്നുള്ള പ്രതികരണവും എടുക്കാം. ഗേറ്റുകളിലെ സിഗ്‌നല്‍ സംവിധാനത്തിലെ പ്രശ്‌നങ്ങള്‍ പ്രത്യേകം നിരീക്ഷിക്കാനാണു നിര്‍ദേശം. ഗേറ്റുമാന്മാരുടെ ജാഗ്രത ഉറപ്പുവരുത്തുന്നതിനൊപ്പം അവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍, ആവശ്യമായ കൂടുതല്‍ സംവിധാനങ്ങള്‍, നിലവിലുളളതിന്റെ തകരാറുകള്‍ എന്നിവയെക്കുറിച്ചും റിപ്പോര്‍ട്ട് നല്‍കണം. സൂപ്പര്‍വൈസര്‍മാര്‍ ട്രെയിനുകളില്‍ യാത്രചെയ്താണ് പരിശോധന നടത്തുന്നത്. ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ചു സുരക്ഷാ സൂപ്പര്‍വൈസര്‍മാരും മറ്റു ഓഫിസര്‍മാരും സംയുക്തമായും ഒറ്റയ്ക്കുമാണു പരിശോധന നടത്തുന്നത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നിശ്ചിത ട്രെയിനുകള്‍ നിരീക്ഷിക്കും. രാത്രിയില്‍ ലോക്കോപൈലറ്റുമാരുടെയും ട്രെയിന്‍ ഓപ്പറേറ്റിങ് ജീവനക്കാരുടെയും ജാഗ്രത ഉറപ്പുവരുത്തുകയാണു ലക്ഷ്യം.
Post Your Comments