ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 31 ആരംഭിക്കും. പൊതുബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന പാര്‍ലമെന്ററികാര്യ ക്യാബിനറ്റ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന് പുറമെ, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, അനന്ത് കുമാര്‍, രവിശങ്കര്‍പ്രസാദ് തുടങ്ങിയവര്‍ പാര്‍ലമെന്ററികാര്യ കാബിനറ്റ് കമ്മിറ്റിയില്‍ പങ്കെടുത്തു.
പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിസംബോധന ചെയ്യുന്നതോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമാകുക. സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടും ജനുവരി 31 ന് സഭയുടെ മേശപ്പുറത്ത് വെയ്ക്കും. നരേന്ദ്രമോദി സര്‍ക്കാറിന്റെ മൂന്നാമത് പൊതുബജറ്റാണ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിക്കുക. ഇത്തവണ റെയില്‍വേ ബജറ്റും പൊതു ബജറ്റില്‍ ഉള്‍പ്പെടുത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. പ്രത്യേക റെയില്‍വേ ബജറ്റ് എന്ന 92 വര്‍ഷം പഴക്കമുള്ള സമ്പ്രദായമാണ് ഇതോടെ ചരിത്രമാകുന്നത്.
Post Your Comments