Kerala

തിരുവനന്തപുരം വിമാനത്താവളം മൂന്ന് മാസത്തേക്ക് പകല്‍ അടച്ചു

തിരുവനന്തപുരം• റണ്‍വേ റീ-കാര്‍പ്പറ്റിംഗ് ജോലികള്‍ക്കായി തിരുവനന്തപുരം വിമാനത്താവളം മൂന്ന് മാസത്തേക്ക് പകല്‍ അടച്ചു. ജനുവരി 2 മുതല്‍ മാര്‍ച്ച്‌ 31 വരെ പകല്‍ 10:30 മുതല്‍ വൈകുന്നേരം 5:15 വരെയാണ് റണ്‍വേ അടച്ചിടുക. ഈ സമയത്ത് വിമാനസര്‍വീസുകള്‍ ഉണ്ടാകില്ല. ഇതനുസരിച്ച് ഈ സമയത്തെ ആഭ്യന്തര സര്‍വീസുകളും മാല്‍ഡീവിയന്‍ എയര്‍ലൈന്‍സിന്റെ അന്താരാഷ്ട്ര സര്‍വീസുകളും പുനക്രമീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ലോകമെമ്പാടുമുള്ള വൈമാനികര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബോയിംഗിന്റെ ജംബോ വിമാനങ്ങള്‍ അടക്കം 15 ലേറെ വിമാനക്കമ്പനികള്‍ രാത്രിയിലും പുലര്‍ച്ചെയുമായി നടത്തുന്ന സര്‍വീസുകളെ ബാധിക്കാത്ത തരത്തിലാണ് സമയക്രമീകരണം.

വിമാനത്താവളത്തിന്റെ 3373 മീറ്റര്‍ ദൈര്‍ഘ്യമുള്ള റണ്‍വേയുടെ നവീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. 56 കോടി ചെലവില്‍ അഹമ്മദാബാദ് ആസ്ഥാനമായ കമ്പനിയാണ് റീ-കാര്‍പ്പറ്റിംഗ് ജോലികള്‍ ചെയ്യുന്നത്. 15 വര്‍ഷത്തേക്ക് ഒരു വിള്ളല്‍ പോലും വീഴരുതെന്ന കര്‍ശനവ്യവസ്ഥയോടെയാണ് നവീകരണം. തിരുവനന്തപുരത്തിന്റെ ഭൂപ്രകൃതിയും സിവിൽ ഏവിയേഷൻ റൂൾബുക്കിലെ മാനദണ്ഡങ്ങളും അനുസരിച്ചാണ് റീ-കാർപ്പറ്റിംഗിന് ഉപയോഗിക്കേണ്ട രാസവസ്തുക്കൾ തീരുമാനിച്ചത്. ഗുണമേന്മയേറിയ ബിട്യുമെൻ, മെറ്റൽ എന്നിവയ്ക്കൊപ്പം രാസപദാർത്ഥങ്ങളും കൂട്ടിച്ചേർത്താണ് മൂന്ന് പാളിയായി റൺവേ ശക്തിപ്പെടുത്തുന്നത്. റൺവേയുടെ വശങ്ങളിലെ നവീകരണം ഏതാണ്ട് പൂർത്തിയായി. മദ്ധ്യഭാഗത്ത് 1856മീറ്റർ സ്ഥലത്തെ റീകാർപെറ്റിംഗ് ജോലികളാണ് ഇനി പൂർത്തിയാക്കാനുള്ളത്.

നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ ആദ്യം മാത്രമേ റണ്‍വേ പൂര്‍ണ്ണമായും തുറക്കുകയുള്ളൂ. റണ്‍വേയ്ക്ക് സമാന്തരമായി പാരലല്‍ ടാക്സി വേയും ടേണിംഗ് പാഡും നിര്‍മ്മിക്കുന്നുണ്ട്. ഇതോടെ തിരുവനന്തപുരം റണ്‍വേയുടെ ശേഷി പലമടങ്ങ് വര്‍ധിക്കും. 2004ല്‍ ആണ് ഇതിനു മുമ്പ് റണ്‍വേ നവീകരണം നടന്നത്. സുരക്ഷാകാരണങ്ങളാല്‍ ജനുവരി 31 വരെ സന്ദര്‍ശകര്‍ക്ക് വിമാനത്താവളത്തിനുള്ളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button