ന്യൂഡല്‍ഹി: പച്ചക്കറി കടക്കാരന്റെ ലോക്കപ്പ് മരണവുമായി ബന്ധപ്പെട്ട് അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കു സസ്‌പെന്‍ഷന്‍. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ആദര്‍ശ് നഗര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ കുല്‍ദീപ്, സുരേന്ദര്‍, ഇന്ദ്രജ് എന്നിവര്‍ക്കു പുറമേ സ്റ്റേഷന്‍ ഹെഡ് ഓഫീസര്‍ സഞ്ജയ് കുമാര്‍, ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
പച്ചക്കറി കച്ചവടക്കാരനായ യുവാവിനെ ലോക്കപ്പ് മര്‍ദനത്തിനിരയാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റൊരു കച്ചവടക്കാരനുമായി വഴക്കുണ്ടാക്കിയെന്ന കുറ്റത്തിന് ഡിസംബര്‍ 28ന് ആസാദ്പുര്‍ മാണ്ഡിയില്‍വച്ച് പോലീസ് പിടികൂടിയ സോംപാലാണ് മരണമടഞ്ഞത്.
പോലീസ് സ്റ്റേഷന്റെ നാലാം നിലയിലെ ടെറസിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാള്‍ താഴെവീണെന്നാണ് പോലീസ് റിപ്പോര്‍ട്ട്. മണിക്കൂറുകള്‍ക്കുശേഷം രക്തം ഒഴുകുന്ന നിലയില്‍ സ്റ്റേഷന്റെ പരിസരത്തെ കുറ്റിക്കാട്ടില്‍നിന്നു സോംപാലിന്റെ ശരീരം കണ്ടെത്തുകയായിരുന്നു. സംഭവം ആത്മഹത്യാശ്രമമാണെന്നാണ് പോലീസ് പറയുന്നത്.
സോംപാലിന്റെ മുട്ടുകള്‍ തകര്‍ന്നിട്ടുണ്ട്. മുഖത്തും തലയിലും കനമുള്ള വസ്തുക്കള്‍ കൊണ്ട് അടിച്ചതിന്റെ മുറിവും ചതവുമുണ്ട്. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്നു വ്യക്തമായതിനെ തുടര്‍ന്നാണ് അഞ്ചു പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തത്.
Post Your Comments