കൊല്‍ക്കൊത്ത : മണപ്പുറം ഫിനാന്‍സിന്റെ കൊല്‍ക്കൊത്തയിലെ ഡണ്‍ലപ് ബ്രിഡ്ജ് ശാഖയില്‍ വന്‍ കൊളള. ആയുധധാരികളായ ഒരു സംഘം തോക്കു ചൂണ്ടി ലോക്കറില്‍ സൂക്ഷിച്ചിരുന്ന 30 കിലോ സ്വര്‍ണ്ണം കവര്‍ന്നു. അക്രമിസംഘം മണപ്പുറം ഫിനാന്‍സിന്റെ സുരക്ഷാജീവനക്കാരനെ തോക്കിന്‍ മുനയില്‍ നിര്‍ത്തുകയും, ബ്രാഞ്ച് മാനേജരെ ആക്രമിക്കുകയും ചെയ്തതായി മണപ്പുറം ഫിനാന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. മണപ്പുറം ഫിനാന്‍സിന്റെ എല്ലാ ശാഖകളെയും നിരീക്ഷിക്കാനുതകുന്ന കേന്ദ്രീകൃത സെക്യൂരിറ്റി ക്യാമറാ സംവിധാനമുണ്ടെന്നും, ഉപഭോക്താക്കളുടെ സ്വര്‍ണ്ണം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണിതെന്നും പ്രസ്താവനയില്‍ പറയുന്നു. ആക്രമണദൃശ്യങ്ങള്‍ പൊലീസിനു കൈമാറിയതായും പ്രസ്താവന വ്യക്തമാക്കുന്നു.
ഹെല്‍മറ്റ് ധരിച്ചെത്തിയ നാലംഗസംഘമാണ് കൊളളയ്ക്കു പിന്നിലെന്ന് ബറാക്ക്പൂര്‍ പൊലീസ് കമ്മീഷണറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സംഭവത്തില്‍ കേസെടുത്ത പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. രാവിലെ നടന്ന സംഭവത്തിനു ശേഷം സ്ഥാപനത്തില്‍ നിന്നു രക്ഷപ്പെട്ട സംഘം ആള്‍ക്കൂട്ടത്തിനുളളില്‍ മറയുകയായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം മുത്തൂറ്റ് ഫിനാന്‍സിന്റെ ഹൈദരാബാദ് ശാഖയിലും സി.ബി.ഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ സംഘം വന്‍ കൊളള നടത്തിയിരുന്നു. 40 കിലോ സ്വര്‍ണ്ണമാണിവര്‍ കവര്‍ന്നത്. അതിനു മുന്‍പ് മുത്തൂറ്റിന്റെ തന്നെ ഗുജറാത്തിലെ രാജ്കോട്ട് ദോറാജി ശാഖയില്‍ നിന്നും 90 ലക്ഷം രൂപയും കൊളളയടിച്ചിരുന്നു.
Post Your Comments