ന്യൂഡല്‍ഹി: നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അസാധുവായി പ്രഖ്യാപിച്ച 500, 1000 നോട്ടുകൾ കൈമാറാനുള്ള സാധാരണ സമയപരിധി ഇന്നലെ അവസാനിച്ചു. എന്നാൽ, പഴയ നോട്ടുകൾ കൈവശമുള്ള പ്രവാസികളും നോട്ട് പിൻവലിക്കൽ തീരുമാനം നടന്ന ഘട്ടത്തിൽ വിദേശത്തായിരുന്നവർക്കും 2017 ജൂണ്‍ 30വരെ സമയം അനുവദിച്ചു. പ്രവാസി ഇന്ത്യക്കാർക്ക് കൈവശമുള്ള പഴയ നോട്ടുകൾ റിസർവ് ബാങ്ക് ഓഫീസുകളിൽ ജൂൺ 30 വരെ സമർപ്പിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള ഓർഡിനൻസിൽ രാഷ്ട്രപതി പ്രണബ് മുഖർജി ഒപ്പുവച്ചു.
പ്രവാസികള്‍ വിമാനമിറങ്ങുമ്പോള്‍ കൈവശമുള്ള അസാധുനോട്ടിന്റെ കണക്ക് കസ്റ്റംസ് അധികൃതര്‍ മുൻപാകെ വെളിപ്പെടുത്തണം. അതിനായി പ്രത്യേക ഫോറം കസ്റ്റംസ് കൗണ്ടറില്‍നിന്ന് ലഭിക്കും. പ്രവാസികൾക്ക് ഡിക്ലറേഷൻ എഴുതി നൽകിയശേഷം പരമാവധി 25,000 രൂപവരെയുള്ള പഴയ നോട്ടുകൾ നിക്ഷേപിക്കാനാണ് അനുമതിയുള്ളത്. ഈ ഡിക്ലറേഷൻ നൽകിയ നോട്ടുകൾ മാത്രമേ റിസർവ് ബാങ്കിൽ നിക്ഷേപിക്കാനാവൂ. ഡിക്ലറേഷന്റെ വിശദാംശങ്ങൾ റിസർവ് ബാങ്ക് അറിയിക്കും.
തെറ്റായ ഡിക്ലറേഷൻ നൽകി നോട്ടുകൾ മാറാൻ ശ്രമിക്കുന്നത് 50,000 രൂപവരെയോ മാറാൻ ശ്രമിച്ച തുകയുടെ അഞ്ചിരട്ടിവരെയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇപ്പോൾ അനുവദിച്ചിട്ടുള്ള കാലയളവിന് ശേഷം പഴയ നോട്ടുകൾ കൈവശംവെക്കുന്നതും മാറാൻ ശ്രമിക്കുന്നതും കുറ്റകരമാണ്. പതിനായിരം രൂപയോ പിടിക്കപ്പെടുന്ന തുകയുടെ അഞ്ചിരട്ടിയോ പിഴലഭിക്കാവുന്ന കുറ്റമായാണ് ഇത് പരിഗണിക്കപ്പെടുക.
സർക്കാർ നിർദേശിച്ച നിശ്ചിത സമയത്ത് പഴയ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കാതിരുന്നവർക്ക് മതിയായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ അതിന് സൗകര്യം നൽകുന്നതിനുവേണ്ടിയാണ് കേന്ദ്ര ധനമന്ത്രാലയം ഓർഡിനൻസ് പുറപ്പെടുവിച്ചത്. പ്രവാസികളായ ഇന്ത്യക്കാർ, ഇക്കാലയളവിൽ വിദേശത്തായിരുന്നവർ എന്നിവരെയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യംവെക്കുന്നത്.
Post Your Comments