മൈസൂർ : എച്ച്.ഡി. കോട്ടയിലെ മാലലി ഗ്രാമത്തില്‍ കർഷകൻ വെടിയേറ്റ് മരിച്ചു. നാട്ടിലിറങ്ങിയ കടുവയെ ഓടിക്കാനുള്ള ശ്രമത്തിനിടെ വനംവകുപ്പ് അധികൃതരുടെ വെടിയേറ്റാണ് കര്‍ഷകന്‍ മരിച്ചത്. എന്‍. ബേലത്തൂര്‍ ഗ്രാമസ്വദേശി മൂര്‍ത്തി (25) എന്ന കർഷകനാണ് മരിച്ചത്. വനംവകുപ്പ് റേഞ്ച് ഓഫിസര്‍ മഹേഷ്, കര്‍ഷകന്‍ കെംപയ്യ എന്നിവരെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
നാഗര്‍ഹോളെയിലെ അന്തര്‍സന്തെ വന റേഞ്ചിന്റെ പരിധിയില്‍പ്പെടുന്ന ഗ്രാമത്തിലെ വാഴത്തോട്ടത്തില്‍ കുഞ്ഞുങ്ങളോടൊപ്പം ഒരാഴ്ചമുമ്പാണ് പെണ്‍കടുവ എത്തിയത്. കടുവയെ ഓടിക്കാനുള്ള ഗ്രാമവാസികളുടെ ശ്രമം വിഫലമായപ്പോള്‍ വനപാലകരുടെ സഹായം തേടുകയായിരുന്നു. വ്യാഴാഴ്ച കടുവയെ പിന്തുടരുന്നതിനിടെ വനപാലകരിലൊരാള്‍ വെടിയുതിര്‍ത്തപ്പോള്‍ അബദ്ധത്തില്‍ മൂര്‍ത്തിയുടെ മുഖത്തേക്ക് വെടിയുണ്ട തുളച്ചുകയറുകയായിരുന്നു.
ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂര്‍ത്തിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി അധികൃതര്‍ അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ചു. മൂര്‍ത്തിയുടെ കുടുംബത്തിന്റെ പരാതിപ്രകാരം ബീച്ചനഹള്ളി പോലീസ് വനംവകുപ്പ് അധികൃതര്‍ക്കെതിരേ കേസെടുത്തു.
Post Your Comments