ഒരുപിടി മധുരവും കയ്പ്പും നിറഞ്ഞ ഓര്‍മ്മകളുടെ ഒരു വർഷം നമ്മെ വിട്ടുപിരിയുമ്പോൾ ഏറെ പ്രതീക്ഷകളുടെയും പ്രത്യാശകളുടെയും നിറവാര്‍ന്ന അനുഭൂതികൾ മനസ്സില്‍ സൂക്ഷിച്ചു, കൊണ്ട് ഒരു പുതുവർഷത്തെ എതിരേൽക്കാൻ തയ്യാറായിക്കഴിഞ്ഞിരിക്കുന്നവരാ ണ് നമ്മൾ ഓരോരുത്തരും.
ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഗവണ്മെന്റ് എന്നു ജനാധിപത്യത്തെ നമുക്ക് കരുതാമെങ്കില്,ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തയ്യാറാക്കപ്പെടുന്ന ജനങ്ങളുടെ മാധ്യമം എന്നു വിശേഷിപ്പിക്കാവുന്ന “നവമാധ്യമകുടുംബ”ത്തില്‍ ഒരതിഥിയായി ഞാനെത്തുന്നത് 2011 ഓഗസ്റ്റിൽ ആണ്. കലാ-സാമൂഹ്യ-സാഹിത്യ രംഗങ്ങളിൽ പുതിയ ഒരുപിടി സഹൃദങ്ങൾ, മിക്കതും തുടക്കക്കാരുടെ, കൊണ്ട് സമ്പന്നമായ ഒരു കാലഘട്ടമായിരുന്നു, പിന്നീടങ്ങോട്ട്.. ഈസ്റ്റ് കോസ്റ്റ് ഫാമിലി ക്ലബ് എന്ന ഫേസ് ബുക്ക് ഗ്രൂപ്പ് തുടങ്ങിയതും സജീവമായി മുന്നോട്ടുപോയതും അങ്ങനെയാണ്. ഇതിനിടയിൽ പലരും വരികയും പല കാരണങ്ങളാൽ പിരിഞ്ഞു പോവുകയും ചെയ്തിട്ടുണ്ട്.. സാഹചര്യങ്ങൾകൊണ്ട് ചിലർക്ക് അകന്നു പോകേണ്ടി വന്നിട്ടുണ്ട്.. മറ്റു ചിലർ തെറ്റിദ്ധാരണയോ സൗന്ദര്യപ്പിണക്കമോ ഒക്കെക്കൊണ്ടും.
ഈസ്റ്റ് കോസ്റ്റ് ഡെയിലി എന്ന ഓൺലൈൻ പത്രം തുടങ്ങിയ സാഹചര്യവും അങ്ങനെതന്നെ.
2012 -ന്റെ പിറവിയുടെ സൂചനയോടൊപ്പം തിരിതെളിയിപ്പിക്കപ്പെട്ട ഓൺലൈൻ ഡെയിലിക്ക് ഇന്ന് അഞ്ചു വയസ്സ് തികയുകയാണ്. ഒരു പത്രം എന്ന നിലയിൽ സത്യസന്ധതയും നിഷ്പക്ഷതയും പുലർത്തുവാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെങ്കിലും, ചിലപ്പോഴെങ്കിലും , മനപ്പൂർവ്വമല്ലെങ്കിലും തെറ്റുകൾ സംഭവിച്ചിരിക്കാം. പക്ഷെ, ഒരിക്കലും പ്രലോഭനങ്ങളിൽ അകപ്പെട്ട് ഒരുവാക്ക് പോലും ആർക്കു വേണ്ടിയും എതിരെയും എഴുതിയിട്ടില്ലായെന്ന് ആത്മാർത്ഥമായി പറയുവാൻ കഴിയും. കാണേണ്ടത് പലതും കാണാതെയും അറിയിക്കേണ്ടത് പലതും അറിയിക്കാതെയും , ചിലതൊക്കെ മൂടി വെച്ചും മറ്റു പലതും പെരുപ്പിച്ചു കാട്ടിയും സ്വാര്ത്ഥതാല്പര്യങ്ങള്ക്ക് വേണ്ടി മാത്രം മൂല്യങ്ങളെ ബലികഴിച്ചു ‘പണസമ്പാദനം’ എന്ന ഒറ്റ ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്ന രീതിക്ക് എന്നെന്നേക്കുമായി തടയിടാന്‍ ഉതകുന്ന ഒരു “നവമാധ്യമസംസ്കാര”ത്തിനു ഭാഗമായിത്തന്നെ നിലകൊള്ളുവാൻ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. ജനാധിപത്യം പോലെ നമുക്ക് കൈവന്നിരിക്കുന്ന ഈ നവ മാധ്യമ സ്വാതന്ത്ര്യം അനാവശ്യമായി ആരെയും നോവിക്കാതെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതിനെ പ്രോത്സാഹിപ്പിച്ചും നിരുത്സാഹപ്പെടുത്തേണ്ടതിനെ നിരുത്സാഹപ്പെടുത്തിയും, ആത്മ നിയന്ത്രണത്തോടെ മുന്നേറാൻ കഴിഞ്ഞുവെന്നത് അഭിമാനത്തോടെ ഓർക്കുന്നു.
ഇന്ത്യയെക്കുറിച്ചും നമ്മുടെ ഭരണാധികാരികളെക്കുറിച്ചും അതിന്റെ നേതൃത്വത്തെ കുറിച്ചുമൊക്കെ രാഷ്ട്രീയമായ കാഴ്ച്ചപ്പാടുകൾക്കപ്പുറത്ത് സ്വതന്ത്രനിലപാടുകൾ എടുക്കുമ്പോൾ അതിനെ ദുർവ്യാഖ്യാനം ചെയ്ത് “സംഘിപ്പട്ടം” ചാർത്തി പരിഹസിക്കാനും നിരുത്സാഹപ്പെടുത്താനുമുള്ള വിഫല ശ്രമങ്ങൾ കഴിഞ്ഞകുറേ മാസങ്ങളായി തുടർന്നു കൊണ്ടേയിരിക്കുന്ന നിർഭാഗ്യകരമായ സാഹചര്യം അൽപം വേദനയോടെ ഓർമ്മിക്കുന്നു. എങ്കിലും നിക്ഷ്പക്ഷമായി ചിന്തിക്കുന്ന വലിയൊരു വിഭാഗത്തിന്റെ പിന്തുണയും പ്രോത്സാഹനങ്ങളുമൊക്കെ എല്ലാത്തിനെയും അതിജീവിച്ച് വിജയകരമായി മുന്നോട്ട് പോകാൻ കരുത്ത് പകരുന്നു.
ഒരു പത്രമെന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്തത്തോടെയും സാമൂഹ്യ പ്രതിബദ്ധതയോടെയും മുന്നോട്ട് പോകുമെന്ന ഉറപ്പോടെ പ്രിയ സുഹൃത്തുക്കളുടെ സഹായസഹകരണങ്ങളും പ്രോത്സാഹനവുമൊക്കെ തുടർന്നും പ്രതീക്ഷിച്ചു കൊണ്ട് എല്ലാ പ്രിയപ്പെട്ടവർക്കും നവവത്സരാശംസകൾ നേരുന്നു.
സ്നേഹപൂർവ്വം വിജയൻ
Post Your Comments