മട്ടന്നൂര്‍ : വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് സ്നേഹസ്പർശവുമായി ഗുജറാത്തിൽ നിന്നും 14 വയസുകാരി. ഗുജറാത്ത് ഖേദ ജില്ലയിലെ രാജേന്ദ്രയാദവിന്റെയും ഭാരതീബെന്‍ യാദവിന്റെയും മകള്‍ വിധി രാജേന്ദ്രയാദവാണ് മട്ടന്നൂരിലെ വീരജവാന്‍ നായിക് സി. രതീഷിന്റെ കുടുംബത്തിന് സ്വരുക്കൂട്ടിയ അയ്യായിരം രൂപയും കത്തും അയച്ചത്. കൂടാതെ കശ്മീരിലെ പാമ്പേറില്‍ ജവാന്‍ രതീഷിനൊപ്പം വീരമൃത്യുവരിച്ച ഫരേറ്റ് പുണെ സ്വദേശി സൗരബ് നന്ദകിഷോറിനും ജാര്‍ഖണ്ഡ് സ്വദേശി സാക്ഷികാന്ത് രാജേശ്വര്‍ പാണ്ഡേക്കും ഈ ഒമ്പതാം ക്ലാസ്സുകാരി പോക്കറ്റുമണിയായും മറ്റും സ്വരുക്കൂട്ടിയ തുകയും സാന്ത്വന സന്ദേശവും ഇതോടൊപ്പം അയച്ചുകൊണ്ട് രാജ്യസ്‌നേഹവും കാണിച്ചു.
ഇതുവരെ അയ്യായിരം രൂപ വീതം 93 വീരജവാന്മാരുടെ കുടുംബത്തിന് അയച്ചുകൊടുത്തിട്ടുണ്ട്. വിധി, രക്തസാക്ഷികളായ ധീരജവാന്‍മാരുടെ കുടുംബാംഗങ്ങള്‍ക്കും അവകാശികളുടെയും ക്ഷേമത്തിനായി കൂടുതല്‍ ധനസഹായവും സൗകര്യങ്ങളും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ച് 15നും സെപ്റ്റംബര്‍ 22നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു. കൂടാതെ രാജ്യത്തിനുവേണ്ടി വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകളിലെത്തുകയും കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ ഈ പതിന്നാലുകാരി ഉറി ആക്രമണത്തില്‍ മരിച്ച സൈനികരുടെ വീടുകളിലും സാന്ത്വനവുമായെത്തി. സൈനികരുടെ ക്ഷേമത്തിനായി പ്രധാനമന്ത്രിക്കയച്ച കത്തിന് മറുപടി കാത്തിരിക്കുകയാണ് വിധി. തന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനാണെന്നും അവൾ പറഞ്ഞു. വിധി ഈ പ്രവർത്തനത്തിനായി തന്റെ അച്ഛനമ്മമാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കിട്ടുന്ന പണവും തന്റെ സുഹൃത്തുക്കളില്‍ നിന്നും ഉദാരമനസ്‌കരില്‍ നിന്നും കിട്ടുന്ന സഹായവും സ്വീകരിക്കുന്നുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിധിയുടെ കത്തും തുകയും കുടുംബത്തിന് കിട്ടിയത്.
Post Your Comments