കൊച്ചി: ഭീകരര്‍ ബന്ധിയാക്കിവച്ചിട്ടുള്ള ഫാ. ടോം ഉഴുന്നാലിലിന്റേതായി ഒരു വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വിശ്വാസി സമൂഹത്തിനു മുഴുവനുമുള്ള വേദന വര്‍ധിപ്പിക്കുന്നതാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. രണ്ടു ദിവസം മുമ്പു മാധ്യമങ്ങള്‍ക്കു നല്‍കിയ ക്രിസ്മസ് സന്ദേശത്തില്‍ ഫാ. ടോം ഉഴുന്നാലില്‍ മോചിപ്പിക്കപ്പെടാത്തതു ക്രിസ്മസിന്റെ നൊമ്പരമാണെന്നു താന്‍ പങ്കുവച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ പുറത്തുവരുന്ന വീഡിയോയുടെ സ്രോതസ് വ്യക്തമല്ല. പക്ഷെ ഉഴുന്നാലിലച്ചന്റെ മോചനം തീര്‍ച്ചയായും വേഗത്തില്‍ ഉണ്ടാകേണ്ടതു തന്നെയാണെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ഏതാനും ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നാണു മനസിലാക്കാന്‍ കഴിയുന്നത്. യമനിലെ ഭരണകൂടവുമായി നയതന്ത്രബന്ധങ്ങള്‍ നടത്താനുള്ള ബുദ്ധിമുട്ടുകള്‍ മോചനശ്രമങ്ങള്‍ക്കു വേഗത കുറയാന്‍ കാരണമായിട്ടുണ്ടെന്നാണ് അറിയുന്നത്. ഇത്തരം തടസങ്ങള്‍ നീക്കി ഫാ. ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫാ. ഉഴുന്നാലിലിന്റെ മോചനത്തിനായി കത്തോലിക്കാസഭയുടെ ഭാഗത്തുനിന്നുള്ള ഊര്‍ജിതമായ ശ്രമങ്ങള്‍ തുടരുന്നുണ്ട്. വത്തിക്കാനും, ഭാരതസര്‍ക്കാരിലൂടെ സിബിസിഐയും ഇതിനു നിരന്തരമായി സമ്മര്‍ദം ചെലുത്തുന്നുണ്ട്. കേരളസഭയുടെയും ഭാരതസഭയുടെയും പ്രതിനിധി സംഘങ്ങള്‍ പലതവണ ഇതുമായി ബന്ധപ്പെട്ടു കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഫാ. ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള പരിശ്രമങ്ങള്‍ തുടരുന്നതിനൊപ്പം ഇതിനായുള്ള നമ്മുടെ പ്രാർത്ഥനകൂടുതല്‍ തീക്ഷ്ണമാകേണ്ടതുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയുള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ സഭയും മിഷനറിമാരും നേരിടുന്ന വെല്ലുവിളികളും അതിക്രമങ്ങളും ലോകസമൂഹം ഗൗരവമായി കാണണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
Post Your Comments