നാഗ്‌പുര്‍: എല്ലാ എല്ലാ ഹിന്ദു സ്‌ത്രീകളും പത്തു കുട്ടികളെ പ്രസവിക്കണമെന്ന വിവാദ പരാമര്‍ശവുമായി സ്വാമി വാസുദേവാനന്ദ് സരസ്വതി. ഇത്രയുമധികം കുട്ടികളെ ആരു നോക്കുമെന്ന് ആശങ്കപ്പെടേണ്ടതില്ല, അവരെ ദൈവം സംരക്ഷിക്കുമെന്നും വാസുദേവാനന്ദ് സരസ്വതി ആഹ്വാനം ചെയ്തു. ആര്‍ എസ് എസ് നാഗ്‌പുരില്‍ സംഘടിപ്പിച്ച ധര്‍മ്മ സംസ്‌കൃതി മഹാകുംഭ് എന്ന പരിപാടിക്കിടെയാണ് ജ്യോതിര്‍മഠം ശങ്കരാചാര്യ സ്വാമി വാസുദേവാനന്ദ് സരസ്വതി ഇങ്ങനെ പറഞ്ഞത്.
രണ്ട് കുട്ടികള്‍ മാത്രമെന്ന ശീലത്തെ തകര്‍ക്കണം. 10 കുട്ടികളെ വീതം ഉണ്ടാക്കണം. അവരെ എങ്ങനെ വളര്‍ത്തും എന്നതിനെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ട. കുട്ടികളുടെ കാര്യം ദൈവം നോക്കിക്കോളുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഹിന്ദുക്കളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാക്കുകയെന്നുള്ളത് അനിവാര്യമായി തീര്‍ന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളുടെ എണ്ണത്തിലുള്ള കുറവാണ് ഹിന്ദുക്കള്‍ക്കു നേരെയുള്ള പ്രശ്‌നങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് അസാധുവാക്കിയതുപോലെ ഗോവധ നിരോധിക്കാനും പ്രധാനമന്ത്രി തയ്യാറാകണമെന്ന് സ്വാമി വാസുദേവാനന്ദ് സരസ്വതി പറഞ്ഞു. ഗോവധം നിരോധനം കര്‍ശനമായി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് വി എച്ച് പി അദ്ധ്യക്ഷന്‍ പ്രവിന്‍ തൊഗാഡിയയും ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവതും പറഞ്ഞു. ആര്‍ എസ് എസ് ആസ്ഥാനത്തു നടന്ന പരിപാടിയില്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ആസം ഗവര്‍ണര്‍ ബന്‍വാര്‍ലിലാല്‍ പുരോഹിത് എന്നിവര്‍ പങ്കെടുത്തു.
Post Your Comments