Kerala

മുരളിയെ രൂക്ഷമായി വിമര്‍ശിച്ച് രാജ്‌മോഹന്‍

കൊല്ലം : കെ.മുരളീധരന്‍ എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസിനെ പൊതുജനമധ്യത്തില്‍ അവഹേളിക്കുന്ന കെ.മുരളീധരന്‍ എംഎല്‍എ സ്ഥിരം പ്രശ്‌നക്കാരനായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് കെപിസിസി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.

പാലുകൊടുത്ത കയ്യില്‍ കൊത്തുന്നതു ശൈലിയാണു മുരളി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. കെ.കരുണാകരന്റെ ചരമദിനാചരണത്തിനു പത്മജ വേണുഗോപാലും കുടുംബാംഗങ്ങളും തൃശൂരില്‍ ഒത്തുചേര്‍ന്നു. മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ജോലിയിലായിരുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഡല്‍ഹിയിലായിരുന്ന എ.കെ.ആന്റണിയും ഓര്‍മദിനത്തില്‍ കേരളത്തിലേക്കു വന്നു. എന്നാല്‍ അച്ഛന്റെ സ്മരണദിനത്തില്‍ മുരളീധരന്‍ ദുബായിലേക്കു പോയി. കരുണാകരന്റെ സ്മൃതികുടീരത്തില്‍ എത്താന്‍ മുരളിക്കു സമയം ലഭിച്ചില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

രാഷ്ട്രീയ എതിരാളികളുടെ കയ്യില്‍ ആയുധം വച്ചുകൊടുക്കുന്ന അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനത്തിനു ക്ഷതം ഏല്‍പ്പിക്കുന്നു. മൂന്നു പാര്‍ട്ടികളുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെത്തിയ കേരള രാഷ്ട്രീയത്തിലെ ഏക വ്യക്തിയാണു മുരളീധരന്‍. അദ്ദേഹം പഴയ പാത സ്വീകരിക്കാനുള്ള പുറപ്പാടാണോയെന്നു സംശയം ഉണ്ട്. കേവലം അംഗത്വം മാത്രം മതി, പദവികളൊന്നും വേണ്ട എന്നുപറഞ്ഞാണ് അദ്ദേഹം കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയത്. തിരിച്ചെടുക്കരുതെന്നു മുതിര്‍ന്ന നേതാക്കള്‍ അടക്കം പലരും നിലപാടു സ്വീകരിച്ചപ്പോള്‍ വി.എം.സുധീരന്‍ മുരളിയെ ശക്തമായി പിന്തുണച്ചു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും മികച്ച പ്രവര്‍ത്തനമാണു നടത്തുന്നതെന്നു മറ്റു രാഷ്ട്രീയ കക്ഷികള്‍ പോലും സമ്മതിക്കുന്നുണ്ട്. കോണ്‍ഗ്രസ് പദവികള്‍ വേണ്ടെന്നു വച്ച ഉമ്മന്‍ ചാണ്ടിയും തന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ ഓടിനടക്കുന്നു. ക്രിയാത്മകമായ പ്രതിപക്ഷമായി കോണ്‍ഗ്രസും യുഡിഎഫും മാറുമ്പോള്‍ അതിനൊപ്പം നില്‍ക്കാതെ എതിരാളികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മുരളീധരനെതിരെ നടപടിയെടുക്കുന്ന കാര്യം പാര്‍ട്ടിയാണു തീരുമാനിക്കേണ്ടതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button