മലപ്പുറം ; അലിഗഢ് സര്‍വ്വകലാശാലയുടെ മലപ്പുറം പെരിന്തല്‍മണ്ണയിലുള്ള സെന്ററില്‍ ഭക്ഷ്യ വിഷബാധയേറ്റ് നിരവധി വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. ശനിയാഴ്ച രാത്രി ക്യാമ്പസിലെ കാന്റീനില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് വിഷബാധ ഏറ്റത്. ഛര്‍ദ്ദിയും വയറിളക്കവുമായി അവശ നിലയിലായ വിദ്യാര്‍ത്ഥികളെ ഇന്നലെ ഉച്ചയോടുകൂടി പെരിന്തല്‍മണ്ണ യിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതേസമയം സംഭവം മൂടിവയ്ക്കാന്‍ അധികൃതര്‍ കാട്ടിയ വ്യഗ്രത സംശയം ഉളവാക്കുന്നു.
വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച ആശുപത്രികളില്‍ നിന്നു പോലും വിവരം ചോര്‍ന്നു പോകാതിരിക്കാനുള്ള ക്രമീകരണവും അധികൃതര്‍ നടത്തി. എന്നാല്‍ വിവരം അന്വേഷിച്ചെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരോട് ‘ആരുടെയും നില ഗുരുതരമല്ലെന്ന’ മറുപടിയാണ് ആശുപത്രി അധികാരികളില്‍ നിന്ന് ലഭിച്ചത്. ഹോസ്റ്റലില്‍ താമസിക്കുന്ന ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ശനിയാഴ്ച രാത്രി കഴിച്ച റൊട്ടിയില്‍ നിന്നാകാം ഭക്ഷ്യ വിഷബാധ ഏറ്റതെന്നാണ് അധികൃതരുടെ ഭാഷ്യം. അതേസമയം , കാന്റീനില്‍ ഭക്ഷണം പാകം ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ തന്നെയാണെന്ന മറുപടിയാണ് ഇപ്പോള്‍ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. സംഭവത്തെ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായി.
Post Your Comments