ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരായ ആരോപണത്തില്‍ പുറത്തു വിട്ട പട്ടികയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോദി സഹാറ ഗ്രൂപ്പില്‍ നിന്നു 40 കോടി രൂപ കൈപ്പറ്റിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പുറത്തുവിട്ട പട്ടികയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിതിന്റെ പേരു ഉള്‍പ്പെട്ടിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് മോദിക്കും ബിജെപിക്കുമെതിരായ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടത്. 2013 സെപ്റ്റംബര്‍ 23നാണ് ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന് ഒരു കോടി രൂപ കൈമാറിയത് എന്നാണ് രേഖയില്‍ പറയുന്നത്.
മധ്യപ്രദേശ്, ചത്തീസ്ഗഡ് മുഖ്യമന്ത്രിമാരും പണം കൈപ്പറ്റിയെന്നും രേഖയില്‍ പറയുന്നു. 2013 സെപ്റ്റംബര്‍ 29നും ഒക്ടോബര്‍ ഒന്നിനുമായി മധ്യപ്രദേശ് മുഖ്യമന്ത്രിയ്ക്ക് ഭോപ്പാലില്‍ വച്ച് അഞ്ചു കോടി രൂപ നല്‍കി. 2013 ഒക്ടോബര്‍ ഒന്നിന് ചത്തീസ്ഗഡ് മുഖ്യമന്ത്രിയായിരുന്ന രമണ്‍ സിങ്ങിന് ഡല്‍ഹിയില്‍ വച്ച് നാലു കോടി രൂപ നല്‍കിയെന്നും പുറത്തുവിട്ട രേഖയില്‍ പറയുന്നു. നരേന്ദ്ര മോദി സഹാറയില്‍ നിന്നു 40 കോടി രൂപയും ബിര്‍ലയില്‍ നിന്നു 12 കോടി രൂപയും കൈപ്പറ്റിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആരോപിച്ചിരുന്നു. ഇതിന് ആദായനികുതി വകുപ്പിന്റെ പക്കല്‍ തെളിവുണ്ടെങ്കിലും അന്വേഷണമുണ്ടായിട്ടില്ലെന്നും ഗുജറാത്തിലെ മെഹ്‌സാനയില്‍ റാലിയില്‍ അദ്ദേഹം ആരോപിച്ചിരുന്നു.
Post Your Comments