ന്യുഡല്‍ഹി: രാജ്യവ്യാപകമായി കള്ളപ്പണത്തിനെതിരെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കര്‍ണാടകയില്‍ ഏഴ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ റെയ്ഡ് ആരംഭിച്ചു. ഡല്‍ഹി കോട്ടക് മഹീന്ദ്ര ബാങ്കില്‍ നിന്ന് കണക്കില്‍പെടാത്ത 39 കോടി രൂപ പിടിച്ചെടുത്തു. കണക്കില്‍പെടാത്ത 89 കോടി രൂപയാണ് അഹമ്മദാബാദില്‍ ആക്‌സിസ് ബാങ്കിലെ 17 അക്കൗണ്ടുകളില്‍ നിന്ന് പിടിച്ചെടുത്തത്. കൊല്‍ക്കൊത്ത സ്വദേശിയായ ഒരു വ്യവസായിയെ 25 കോടി രൂപയുടെ പുതിയ നോട്ടുമായും പിടികൂടി. രാജ്യവ്യാപകമായി സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പരിശോധന നടത്തിവരികയാണ്.
കൂടാതെ മധ്യപ്രദേശില്‍ നിന്ന് 2 ലക്ഷം രൂപയുടെ കള്ളനോട്ടുകളും പിടിച്ചെടുത്തു. രണ്ടു ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി രണ്ടു പേരാണ് പിടിയിലായത്. പഴയനോട്ടുകള്‍ മാറ്റി പുതിയതാക്കുന്നതിനിടെയാണ് കൊല്‍ക്കൊത്ത വ്യവസായി പരസ്മല്‍ ലോധ 25 കോടി രൂപയുമായി പിടിയിലാകുന്നത്. ലോധയുടെ അടുപ്പക്കാരായ വ്യവസായി ജെ.ശേഖര്‍ റെഡ്ഡിയും പങ്കാളി കെ.ശ്രീനിവാസലുവും അഡ്വ.രോഹിത് ഠണ്ടനും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ലോധയെ പിടികൂടിയത്. അഡ്വ.ഠണ്ടന്റെ ഓഫീസില്‍ നിന്ന് 13 കോടി രൂപയുടെ കള്ളപ്പണം നേരത്തെ പിടിച്ചെടുത്തിരുന്നു. ഇത് ലോധയുടേതാണെന്ന് എന്‍ഫോഴ്‌സ്‌മെന്റിന് വിവരം ലഭിച്ചിരുന്നു.
കേരളത്തില്‍ കണ്ണുര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കൊല്ലം മലപ്പുറം ജില്ലാ സഹകരണ ബാങ്കുകളില്‍ സി.ബി.ഐയും ഇന്നലെ മുതല്‍ പരിശോധന തുടരുകയാണ്.
Post Your Comments