IndiaPrathikarana Vedhi

വിവരക്കേട് ഒരു കുറ്റമല്ല, പക്ഷേ രാഹുല്‍ ഗാന്ധി അതൊരു അലങ്കാരമായി കൊണ്ട് നടക്കരുത് : നരേന്ദ്രമോദിയ്ക്കെതിരെ അനാവശ്യമായി ആരോപണം ഉന്നയിക്കുമ്പോള്‍

കെവിഎസ് ഹരിദാസ്

സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും തെളിവ് ഹാജരാക്കാൻ കഴിയാത്ത കേസാണ് ഇപ്പോൾ രാഹുൽ ഗാന്ധി തെരുവിൽ ഉന്നയിച്ചത്. രാഹുൽ ഗാന്ധിക്ക് വിവരമില്ല എന്നത് എല്ലാവർക്കുമറിയാം. ഇത്രയ്ക്ക് വലിയ വിവരദോഷിയാണ് എന്നത് ഇന്നത്തെ പരസ്യപ്രസ്താവനയോടെ വ്യക്തമായി. നരേന്ദ്ര മോഡിക്കെതിരെ ആരോപണവുമായി രംഗത്തുവന്ന രാഹുൽ ഉന്നയിച്ചത് സുപ്രീം കോടതി തെളിവില്ലെന്ന് പറഞ് അഡ്‌മിറ്റ്‌ ചെയ്യാൻ പോലും തയ്യാറാവാത്ത ഹർജിയിൽ ഉന്നയിച്ച ആക്ഷേപം. പ്രശാന്ത് ഭൂഷനാണ് ഹർജിയുമായി സുപ്രീം കോടതിയിലെത്തിയത്. നിയുക്ത ചീഫ് ജസ്റ്റിസ് ജെ എസ് കേഹാർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി കേട്ടത്. തെളിവുണ്ടെങ്കിൽ ഹാജരാക്കാൻ പ്രശാന്ത് ഭൂഷനോട് ആവശ്യപ്പെട്ടതാണ്. കോടതിയിൽ അത് ഹാജരാക്കിയില്ല.

നരേന്ദ്ര മോഡി ഗുജറാത്ത്മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തെ തകർക്കാൻ കോൺഗ്രസ് എന്തെല്ലാം ശ്രമങ്ങൾ നടത്തയെന്നത് എല്ലാവർക്കുമറിയാം. എത്രകാലം അദ്ദേഹത്തെ ഇക്കൂട്ടർ വേട്ടയാടി. ആ നീക്കങ്ങളുടെ ഭാഗമായി തല്ലിക്കൂട്ടിയതാണ് ഇപ്പോൾ രാഹുൽ പറയുന്ന ആദായ നികുതി റെയ്‌ഡും അതിൽ കണ്ടെന്നുപറയുന്ന രേഖകളും. അത് ആദായ നികുതി വകുപ്പ് അന്നുതന്നെ അംഗീകരിച്ചിരുന്നില്ല. അല്ലെങ്കിൽ എന്തുകൊണ്ടാണ് മൻമോഹൻ സിംഗിന്റെ ഭരണകാലത്ത് നടപടിയെടുക്കാതിരുന്നത്. എന്നിട്ട് ഇപ്പോൾ ഏതോ കടലാസ്സിൽ എവിടെയോ ഒക്കെ എന്തൊക്കെയോ കണ്ടുവെന്നുപറഞ് മോദിയെ കടന്നാക്രമിക്കാൻ ശ്രമിക്കുന്നു. ഏതോ ഒരു ബിർളയുടെ കമ്പനി ഉദ്യോഗസ്ഥന്റെ ലാപ്‌ടോപ്പിൽ നരേന്ദ്ര മോദിക്ക് കുറെ കോടികൾ നൽകിയതായി ഉണ്ടെന്നാണ് പറയുന്നത്. മറ്റൊന്ന് സഹാറ ഗ്രൂപ്പിന്റെ കണക്കിൽ മോദിക്ക് പണം കൊടുത്തതായി ഉണ്ടെന്നും. സഹാറ തലവൻ കൊടുത്തുവെന്നു പറയുന്ന കാലത്ത്‌ സഹാറ തലവൻ സുബ്രതോ റോയ് തട്ടിപ്പുകേസിൽ തിഹാർ ജയിലിലാണ്. ഒരു കോടി 85,000 കോടിയുടെ അധിപനായ സുബ്രതോ റോയിയെ ജയിലിലടച്ചത് സുപ്രീം കോടതിയാണ് ; അതും 40, 000 കോടി നിക്ഷേപകർക്ക് തിരിച്ചു കൊടുക്കാതിരുന്നതിന്റെ പേരിൽ. ഈ തട്ടിപ്പുകാരനെ മോഡി എന്തിനാ സഹായിക്കുന്നെ?. സഹാറ തലവൻ ആരുടെ തണലിലാണ് ജീവിച്ചിരുന്നത് എന്നത് എല്ലാവർക്കുമറിയാം.

പാർലമെന്റ് സമ്മേളനത്തിന്റെ അവസാന ദിവസം നടന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ നരേന്ദ്ര മോഡി പറഞ്ഞ ഒരു കാര്യമുണ്ട്. സ്വന്തം പണത്തിന്റെ ശേഖരം ആവിയായിപ്പോയവർ ഇന്നിപ്പോൾ തനിക്കെതിരെ ആരോപണവുമായി ഇറങ്ങുകയാണ് എന്നാണത്. ആരുടെ കാഷ് റിസർവ് ആണ് ആവിയായത്‌ എന്നത് എല്ലാവർക്കുമറിയാം. ആഗസ്റ്റാ വെസ്റ്റ്‌ലാൻഡ് തട്ടിപ്പിലും നാഷണൽ ഹെറാൾഡ് കേസിലും പ്രതിക്കൂട്ടിലായ സോണിയ – രാഹുൽ പരിവാർ ഇന്നിപ്പോൾ ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിലേ അതിശയമുള്ളൂ.

ഹെലികോപ്റ്റർ ഇടപാട് കേസിൽ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിന് കോടികൾ നൽകിയെന്ന വസ്തുത ഇറ്റാലിയൻ കോടതി ശരിവെച്ചിരുന്നു. അത് ചെന്നത് എവിടെയെന്നു എല്ലാവർക്കുമറിയാം. അതുതന്നെയാണ് അടുത്തിടെ അറസ്റ്റിലായ മുൻ വ്യോമസേനാ മേധാവി സിബിഐയോട് വെളുപ്പെടുത്തിയത്.

കോഴ നൽകിയതും അതിൽ പങ്കാളിത്തമുള്ളവരെക്കുറിച്ചും ഒക്കെ കോടതിവിധിയിൽ പരാമർശമുണ്ട്. വിധിന്യായത്തിൽ കോൺഗ്രസുകാരുടെ പേരുമുണ്ട് എന്നാണ് കേട്ടിരുന്നത്. രാഹുലിന്റെ വിശ്വസ്തരുടെയും ബന്ധുക്കളുടെയും. ഇറ്റലിയുമായി ആർക്കാണ് എന്തൊക്കെയാണ് ബന്ധമുള്ളത് എന്നതൊക്കെ ഞാനിവിടെ പറയേണ്ടതുണ്ടോ?. അതാണല്ലോ അവസാനം തീരുമാനങ്ങൾ എടുത്തത് താനല്ല, മറിച്ചു പ്രധാനമന്ത്രിയുടെ ഓഫിസ് ആണ് എന്ന് മുൻ വ്യോമസേനാ മേധാവി പറഞ്ഞത്. ഇവിടെ ഒരു കാര്യം തീർച്ചയാണ്. ഇതിൽ തട്ടിപ്പു നടന്നിരുന്നു. അത് ഏറ്റവുമധികം വ്യക്തമായി അറിയുന്നയാൾ എകെ ആന്റണി എന്ന അന്നത്തെ പ്രതിരോധ മന്ത്രിയാണ്. അദ്ദേഹമാണല്ലോ അഴിമതി നടന്നതിന്റെ പേരിൽ കരാർ റദ്ദാക്കാൻ തയ്യാറായത്. എല്ലാ പ്രശ്നവും ഇവിടെ തീരും, ആന്റണി ഒരു വാക്ക് പറഞ്ഞാൽ മതി. ആര് കാശുവാങ്ങി എന്നത് മനസിലാക്കിയപ്പോഴാണ് കരാർ റദ്ദാക്കിയത് എന്ന്.

ഇന്നിപ്പോൾ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതിയാണ്. മൻമോഹൻ സിംഗിനെ മാത്രമല്ല സോണിയയെയും രാഹുലിനെയും ആന്റണിയെയും ചോദ്യം ചെയ്യേണ്ടതായി വരും. മൻമോഹൻ സിംഗിന്റെ ഓഫീസിലുണ്ടായിരുന്നവരും പ്രതിക്കൂട്ടിലാവും. നൂറുകണക്കിന് കോടികളാണ് രാജ്യത്തെ പറ്റിച്ചത് എന്നത് ചെറിയ കാര്യമല്ലല്ലോ. ഈ തട്ടിപ്പിൽ ഇക്കൂട്ടർക്കനുകൂലമായി , കാര്യം മനസിലാക്കാതെയോ മനസിലാക്കിക്കൊണ്ടോ, തലയാട്ടിയ പലർക്കും തിഹാർ ജയിലിലെ സൗകര്യങ്ങൾ നേരിട്ടറിയേണ്ടതായി വരും. മൻമോഹൻ സിങ് അഴിമതി നടത്തിയെന്ന് ആരും ഇപ്പോഴും പറയുന്നില്ല. പക്ഷെ കോടികൾ വരുന്ന തട്ടിപ്പു നടന്നിട്ടുണ്ട്. ഖനവിനു കോടികളുടെ നക്ഷത്രം സംഭവിച്ചിട്ടുണ്ട്. കോഴ നൽകിയെന്ന ഇറ്റാലിയൻ കോടതിവിധി ഒരാൾക്കും കാണാതെ പോകാനാവില്ലല്ലോ. കൽക്കരി തട്ടിപ്പുകേസിൽ മൻമോഹൻ ഇപ്പോൾത്തന്നെ പ്രതിക്കൂട്ടിലാണ്. അന്ന് അദ്ദേഹം തന്നെ വകുപ്പ് കൈകാര്യം ചെയ്യുമ്പോഴാണ് പലതും വഴിവിട്ടുനടന്നതു് . എന്തൊരു ഗതികേടാണ് അല്ലെ?. അതിൽ അദ്ദേഹത്തെ ചോദ്യം ചെയ്തുകഴിഞ്ഞു. ഇനി വരേണ്ടത് കുറ്റപത്രമാണ്. വയസുകാലത്ത് വന്നുചേരുന്ന ഓരോ തലവേദനകൾ. നാഷണൽ ഹെറാൾഡ് കേസും ഹെലികോപ്റ്റർ കേസും സിബിഐ തകൃതിയായി അന്വേഷിക്കുമ്പോൾ എന്താവും സംഭവിക്കുക എന്നത് ഊഹിക്കാം. അതൊക്കെയാണ് രാഹുലിനെയും സോണിയയയെയും അലട്ടുന്നത്‌. അതിനിപ്പോൾ മോദിക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് ശ്രദ്ധ തിരിച്ചുവിടാൻ ശ്രമിച്ചതുകൊണ്ടു കാര്യമില്ല.

ഇവിടെ ഓർക്കേണ്ടതായ ഒന്നുകൂടിയുണ്ട്. നരസിംഹ റാവു സർക്കാർ ജെഎംഎം കോഴ അടക്കമുള്ള തട്ടിപ്പുകളിൽ കുടുങ്ങിയ സമയത്താണ് എൽകെ അദ്വാനിക്കെതിരേ ഹവാല ഇടപാട് എന്ന ആക്ഷേപമുന്നയിച്ചതു് . ഒരു ഹവാല ഡയറിയിൽ അദ്വാനിയുടെ പേരുണ്ടായിരുന്നു എന്നതാണ് അന്ന് പറഞ്ഞ കാര്യം. വെറും കടലാസ് കഷണങ്ങളിൽആരൊക്കെയോ എഴുതിവെച്ചപേരുകളുടെ പേരിൽ തട്ടിക്കൂട്ടിയ കള്ളക്കേസായിരുന്നു അത്. അന്ന് ദൽഹി മുഖ്യമന്ത്രിയായിരുന്ന മദൻലാൽ ഖുരാനയെയും അന്ന് കേസിൽ പെടുത്തിയിരുന്നു. സുപ്രീംകോടതിവരെ അത് ഏറ്റുപറഞ്ഞതാണ്. സിബിഐ അതിന്റെ പേരിൽ കേട്ട വിമർശനങ്ങൾ കുറച്ചൊന്നുമല്ല. കള്ളക്കേസ് സൃഷ്ടിക്കാൻ നരസിംഹ റാവു മിടുക്കനായിരുന്നു എന്നതോർക്കുക. എന്നാൽ വിവരക്കേടിന്റെ പര്യായമായി കോൺഗ്രസുകാർ പോലും കരുതുന്ന രാഹുൽ ഗാന്ധി ഇപ്പോൾ ചെയ്തിരിക്കുന്നത് അതിനോട് പോലും അടുത്തുനിൽക്കാൻ കഴിയാത്ത കള്ളത്തരമാണ്. അത് കോൺഗ്രസിന് തിരിച്ചടിക്കും. ഹവാല കേസിൽ തിരിച്ചടി കിട്ടാൻ കുറെ മാസങ്ങൾ വേണ്ടിവന്നു. എന്നാൽ രാഹുലിന്റെ ഇന്നത്തെ ആക്ഷപത്തിനു മണിക്കൂറുകൾക്കകം തിരിച്ചടി ലഭിക്കാനാണ് സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button