ന്യൂഡൽഹി: കടലാസ്സിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പ്രവര്‍ത്തിക്കാത്ത 200 രാഷ്ട്രീയ പാര്‍ട്ടികളെ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറെടുക്കുന്നു.കടലാസില്‍ മാത്രമുള്ള ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ പലതും കള്ളപ്പണം വെളുപ്പിക്കനായാണ് ഉപയോഗിക്കുന്നതെന്ന സംശയത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. രാഷ്ട്രീയ പാര്‍ട്ടികളായി രജിസ്റ്റര്‍ ചെയ്തതിനു ശേഷം ഒരു വിധത്തിലുള്ള പ്രവര്‍ത്തനങ്ങളും നടത്താത്തതും ആദായ നികുതി സംബന്ധിച്ച വിവരങ്ങള്‍ നല്‍കാത്തതുമായ പാര്‍ട്ടികളുടെ സമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആദായനികുതി വകുപ്പിനോട് ആവശ്യപ്പെടും.
2005നു ശേഷം ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതും നിര്‍ജ്ജീവവുമായ 200 രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 20,000 രൂപയുടെ വരെ അസാധുവാക്കിയ 1,000, 500 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് ആദായ നികുതി നല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാർ പ്രഖ്യാപിച്ചിരുന്നു.എന്നാൽ പ്രവർത്തനരഹിതമായ പാർട്ടികൾ ഈ ആനുകൂല്യം ദുരുപയോഗം ചെയ്യും.ഓരോ പാര്‍ട്ടികള്‍ക്കും സംഭാവനയായി ലഭിക്കുന്ന 20,000ന് മേലെയുള്ള തുക, ആര് സംഭാവന നല്‍കി തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കുന്ന ആദായ നികുതി റിട്ടേണിന്റെ പകര്‍പ്പ് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണമെന്നാണ് നിയമം. എന്നാല്‍ മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്ക് ലഭിക്കുന്ന സംഭാവന 20,000 വീതമുള്ള ചെറിയ തുകകളാക്കി കാണിക്കുകയാണ് പതിവ്.അതിനാൽ 20,000ന് താഴെയുള്ള തുകയ്ക്കും നിലവിലുള്ള നിയമം ബാധകമാക്കണമെന്ന് കമ്മീഷൻ സർക്കാരിനോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
Post Your Comments