NewsIndia

കേരള പൊലീസിന്റെ മാതൃകാ നടപടികൾ ദേശസ്നേഹികൾ സംഘടിതമായി പിന്തുണക്കണം; പോലീസ് പരമോന്നത കോടതിവിധിയുടെ ലംഘകർക്ക് കുടപിടിക്കണോ മുതിർന്ന മാധ്യമപ്രവർത്തകൻ കെ.വി.എസ്. ഹരിദാസ്; സിപിഎം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് എന്തുകൊണ്ട് കാണാതെ പോകണം

ദേശീയ ഗാനാലാപനവും അതിനു നൽകേണ്ടുന്ന ആദരവുമെല്ലാം കേരളത്തിൽ ചർച്ചയായിട്ട് ദിവസങ്ങൾ കുറച്ചായി. വേണമെങ്കിൽ തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേള മുതൽ എന്ന് ഒറ്റവാചകത്തിൽ നമുക്കുപറയാം. ചലച്ചിത്ര മേളക്കിടെ ഓരോ ചിത്രം പ്രദർശിപ്പിക്കുമ്പോഴും ദേശീയ ഗാനം ആലപിക്കണോ, അത് വേണമെങ്കിൽ അപ്പോഴെല്ലാം പ്രേക്ഷകർ എഴുന്നേറ്റുനിന്ന് ആദരവ് കാണിക്കണോ, ഒരു ഫെസ്റ്റിവലിൽ ഒരിക്കൽ മാത്രം ദേശീയ ഗാനം പാടിയാൽ മതിയല്ലോ, അങ്ങനെയാവുമ്പോൾ എഴുന്നേറ്റുനിൽക്കുന്നത് കുറയുമല്ലോ തുടങ്ങിയ ചിന്തകൾ ഇവിടെ പലവിധത്തിൽ ഉയർന്നുവന്നതും ചർച്ചചെയ്യപ്പെട്ടതും നാം കണ്ടതും കേട്ടതുമാണ്. ഇവിടെ എന്താണ് യഥാർഥ പ്രശ്നം? ദേശീയ ഗാനം ആലപിക്കുമ്പോൾ അതിനെ ബഹുമാനിക്കാൻ ഒരു ഇന്ത്യൻ പൗരന് ചുമതലയും ബാധ്യതയുമുണ്ടോ എന്നതാണ്. അത് ഭരണഘടനയും നാട്ടിലെ നിയമവും അനുശാസിക്കുന്നതാണോ ഇല്ലയോ എന്നതുമാണ്. ഇവിടെ ഇക്കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല. തീയറ്ററുകളിൽ സിനിമ ആരംഭിക്കുന്നതിന്‌ മുൻപായി ദേശീയ ഗാനം ആലപിച്ചേ തീരൂ എന്നത് സുപ്രീംകോടതിയുടെ ഉത്തരവാണ്. സുപ്രീം കോടതിവിധി എന്നാൽ ഇന്ത്യയിലെ നിയമവ്യവസ്ഥ പ്രകാരം നിയമമാണ്. അതിൽ നിന്ന് എല്ലാ പ്രശ്നങ്ങളും വ്യക്തമാണ്. എല്ലാ വിഷയങ്ങളും അവിടെ തീരേണ്ടതുമാണ്.

പക്ഷെ ഇത് കേരളമാണ്. ഇവിടെ ദേശീയതയും ദേശഭക്തിയുമൊക്കെ രണ്ടാം തരം പൗരന്മാരാണ് എന്നതാണ് കുറെയേറെ ആൾക്കാരുടെ ചിന്തയും വിലയിരുത്തലും. ഇന്ത്യയെ, മാതൃഭൂമിയെ, ഭക്തിയോടെയും അർപ്പണ ബോധത്തോടെയും കാണുന്നവരെ അധിക്ഷേപിക്കുകയും അവരെയെല്ലാം പരസ്യമായി തള്ളിപ്പറയുകയും ചെയ്താൽ അവനാണ് യഥാർഥ പൗരൻ എന്നതായിരിക്കുന്നു ഇവിടത്തെ ഒരു പൊതു ചിന്താഗതി. പാക്കിസ്ഥാന് സിന്ദാബാദ് വിളിക്കുക, ചൈനയുടെ ഇന്ത്യ വിരുദ്ധ നീക്കങ്ങളെ പ്രകീർത്തിക്കുക, ദേശസ്നേഹികളെ അധിക്ഷേപിക്കുക, ധീര സൈനികർ രാജ്യത്തിന്റെ അതിർത്തി കാക്കാൻ വേണ്ടി പടപൊരുതുന്നതിനെ വിലകുറച്ചുകാണുകയും അവർ നടത്തുന്ന ശക്തമായ നടപടികളെ പരസ്യമായി അപലപിക്കുകയും ചെയ്യുക …… ഇതെല്ലാമാണ് രാജ്യതാല്പര്യമെന്ന് പറയാൻ മടിക്കാത്തവർ. എൻഐഎ അടുത്തിടെ നടത്തിയ നീക്കങ്ങൾ നമ്മളൊക്കെ കണ്ടതാണ്. കേരളം പോലീസും അവരുമായി പലപ്പോഴും നന്നായി സഹകരിച്ചു. എന്നാൽ എൻഐഐ ഇന്നിപ്പോൾ പലർക്കും രാജ്യവിരുദ്ധ ശക്തിയായിമാറിയിരിക്കുന്നു. അതിന്റെയൊക്കെ തുടർച്ചയാണ് ദേശീയഗാനം സംബന്ധിച്ച വിവാദത്തിലും കാണാനിടയായത്. അൽക്വയ്‌ദയിലേക്കും ഐഎസിലേക്കും റിക്രൂട്ട്മെന്റ് നടത്തിയവർക്കെതിരെയും അത്തരക്കാർക്ക്‌ എല്ലാവിധ സഹായവും നൽകിയവർക്കെതിരെയുമാണ് എൻഐഎ നടപടിക്ക് മുതിർന്നത് എന്നത് മറന്നുകൂടാ. ചില വിദേശ സഹായം കിട്ടിയവരുടെ കണക്കുകൾ പരിശോധിച്ചത് തെറ്റായിപ്പോയി എന്നതാണോ പറയേണ്ടത്?.

ഇവിടത്തെ വിഷയം ദേശീയ ഗാനമാണ്. കേരളത്തിൽ ദേശീയ ഗാനത്തെ അധിക്ഷേപിക്കാനും അതിനോട് അനാദരവ് കാണിക്കാനും തയ്യാറായവർക്കെതിരെ ശക്തമായ നടപടിയുണ്ടായി എന്നത് സമ്മതിക്കാതെ വയ്യ. ഇതാണ് ഇന്നിപ്പോൾ പലരെയും വിഷമിപ്പിക്കുന്നത്. അത് സിപിഎം നയമാണോ എന്നുമാറ്റും ചോദിച്ചുകൊണ്ട് പലരും രംഗത്തുവരുന്നുണ്ട്. ദേശീയഗാനത്തെ തള്ളിപ്പറയാൻ പറ്റുന്നില്ലെങ്കിലും അതിന്റെ പേരിൽ ചിലർക്കെതിരെ ഒളിയുദ്ധം നടത്താമല്ലോ എന്ന് കരുതുന്നവരും അതിലുണ്ട്. ചിലർക്കെതിരെ എന്നതുകൊണ്ട് ആരെയാണ് ഉദ്ദേശിച്ചതെന്ന് പറയേണ്ടതില്ലല്ലോ. അത് നമ്മുടെ മുഖ്യമന്ത്രിയെ തന്നെയാണ്, പിണറായി വിജയനെ. അധികാരം നഷ്ടമായതിന്റെ വിദ്വേഷം മനസിലേറ്റി കഴിയുന്ന വിഎസിന് ഇത് വീണുകൊട്ടിയ വടിയാണ് . നേരിട്ട് യുദ്ധം ചെയ്യാൻ കഴിയാത്തതിനാൽ പോലീസിനുനേരെ ആക്രമണം നടത്തുന്നു. ഒരു വന്ദ്യ വയോധികന്റെ ഗതികേടാണ് നാമൊക്കെ കാണുന്നത്.

ദേശീയ ഗാനം ചൊല്ലുമ്പോൾ അനാദരിക്കുന്നതും അവഹേളിക്കുന്നതും തടയാൻ സംസ്ഥാനത്തെ പോലീസ് ശക്തമായ നടപടിയാണ് സ്വീകരിച്ചത് എന്നത് ആദ്യമേ പറഞ്ഞുവല്ലോ. ഇവിടെ ഈ വിഷയത്തിൽ ബിജെപിയും സംഘ പരിവാറും എന്തുനിലപാടാണ് സ്വീകരിക്കേണ്ടത്?. സംഘ പ്രസ്ഥാനങ്ങൾ, ബിജെപിയും, ഗൗരവത്തിൽ ചിന്തിക്കേണ്ടുന്ന വിഷയമാണിത് എന്നാണ് തോന്നുന്നത്. ആദ്യമേ സൂചിപ്പിക്കട്ടെ, ലോകനാഥ്‌ ബെഹ്‌റ എന്ന ഡിജിപിയെ, കേരളത്തിലെ ബിജെപിയും സംഘ പരിവാറും പരസ്യമായി പിന്തുണക്കുകയാണ് വേണ്ടത്. കേരള പോലീസിന്റെ ഇക്കാര്യത്തിലെ ശക്തവും വ്യക്തവുമായ നിലപാടിനെയും അവരെടുക്കുന്ന നടപടികളെയും മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണക്കുന്നുവെങ്കിൽ അദ്ദേഹത്തെയും ബിജെപിയും സംഘ പരിവാറും പിന്തുണക്കുക തന്നെവേണം. നിലമ്പൂരിൽ മാവോയിസ്റ്റുകൾ കൊലചെയ്യപ്പെട്ടപ്പോൾ ബിജെപി സർക്കാരിനൊപ്പം, പോലീസിനൊപ്പം നിന്നത്‌ മറക്കുന്നില്ല. പലപ്പോഴും ഇത്തരം വേളകളിൽ ബിജെപിയാണ് പ്രതിക്കൂട്ടിലാവുന്നത് എങ്കിൽ തെരുവിലിറങ്ങാൻ സിപിഎം മടിക്കാറില്ല എന്നത് മനസിലാക്കിക്കൊണ്ടുതന്നെയാണല്ലോ നിലമ്പൂർ വിഷയത്തിൽ പോലീസ് നടപടിയെ ബിജെപി പിന്തുണച്ചത്.

ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനെ പോലുള്ളവർ സ്വീകരിച്ചത് ശരിയായ നിലപാടല്ല എന്ന് കരുതുന്നവരുണ്ട്. അത് ശരിയുമാണ്. പിന്നെ പിണറായി കമലിനെ ന്യായീകരിച്ചില്ലേ എന്ന് ചോദിക്കുന്നവരുമുണ്ട്. അതും ശരിയാണ്. താൻ നിയമിച്ച ഒരാളെ ന്യായീകരിക്കാൻ ഒരു മുഖ്യമന്ത്രി തയ്യാറായി. അതിനു ഒരു പക്ഷെ കാരണം അദ്ദേഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നു എന്ന തോന്നലാവാം. അതെന്തൊക്കെയായാലും ‘ ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റുനിൽക്കാൻ പറ്റാത്തവർ സിനിമ കാണാൻ തീയറ്ററിൽ പോകേണ്ടതില്ല’ എന്ന് തുറന്നുപറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മന്ത്രിയായ എ കെ ബാലനെയും ഇവിടെ സ്മരിക്കാതെ വയ്യ. അത്‌ ശരിയായ നിലപാടാണ് എന്നതല്ലേ കരുതേണ്ടതും പറയേണ്ടതും. കോടിയേരി പറഞ്ഞത് സിപിഎം നിലപാടവണമല്ലോ. അദ്ദേഹം ഒരു ശരി കാണിച്ചാൽ, ഒരു വസ്തുത പറഞ്ഞാൽ, എന്തിനാണ് കാണാതെ പോകുന്നത്. സംഘ പരിവാറിന് സിപിഎമ്മുമായുളള ഭിന്നതകൾ വേറെ കാര്യം. സിപിഎമ്മിനും സംഘ പരിവാറിനോട് കടുത്ത ഭിന്നതകളുണ്ട്. അതൊക്കെ അങ്ങിനെയൊന്നും തീരാൻ പോകുന്നുമില്ല എന്നത് എല്ലാവർക്കുമറിയാം. ഭിന്നതകൾ അവിടെ നിൽക്കട്ടെ. എന്നാൽ രാഷ്ട്രം നേരിടുന്ന ഒരുപ്രധാന വിഷയത്തിൽ ഒന്നിച്ചുചിന്തിക്കാൻ അവർക്കായാൽ അത് നല്ലതല്ലേ. സംഘ പ്രസ്ഥാനങ്ങൾക്കും സംസ്ഥാന സർക്കാരിനും ഇക്കാര്യത്തിൽ ഒരേ മനസ്സാണ് എങ്കിൽ എന്തിനാണ് അത് മറച്ചുവെക്കുന്നത് . അവിടെ ഒരാൾ മറ്റൊരാളെ പരസ്യമായി പിന്തുണച്ചാൽ എന്താണ് തെറ്റ്. പിന്തുണക്കേണ്ടതായ ഉത്തരവാദിത്വം സംഘ പ്രസ്ഥാനങ്ങൾക്കില്ലേ?. അത് വരവുവെയ്‌ക്കേണ്ട ബാധ്യത സർക്കാരിനുമുണ്ട്. നമ്മുടെ രാഷ്ട്രവുമായി ബന്ധപ്പെട്ട പ്രശ്നമാണിത്. രാഷ്ട്രവും രാഷ്ട്രീയവും (രാജനൈതികവും) രണ്ടും രണ്ടു പ്രശ്നങ്ങളാണ്. അതും മനസിലാവുന്നവരാണ് എല്ലാവരും. ഇവിടെയിപ്പോൾ വിഎസ് അച്യുതാനന്ദനും കൂട്ടരും ദേശീയഗാനമാലപിക്കാൻ മാറ്റിക്കുന്നവർക്കും ദേശീയഗാനത്തെ അധിക്ഷേപിക്കുന്നവർക്കുമെതിരെ പോലീസ് സ്വീകരിച്ച നടപടികളെ അധിക്ഷേപിക്കാൻ വരുമ്പോൾ ഓരോരുത്തരും എവിടെയാണ് നിൽക്കേണ്ടതെന്ന് എല്ലാവരും ചിന്തിക്കണമല്ലോ. വിഘടനവാദികളും മാവോയിസ്റ്റുകളും അന്താരാഷ്ട്ര ഭീകര പ്രസ്ഥാനങ്ങളും എടുക്കുന്ന നിലപാടിനൊപ്പമാണ് അല്ലെങ്കിൽ അവരെല്ലാം പറയുന്ന സമീപനത്തിനൊപ്പമാണ് ഇന്നിപ്പോൾ വിഎസ് നിലകൊള്ളുന്നത് എന്നത് മറന്നുകൂടാ. ഈ ഘട്ടത്തിൽ ഈ വിഷയത്തിൽ, കേരള പോലീസിനെ, കേരളം സർക്കാരിനെ പരസ്യമായി പിന്തുണക്കേണ്ടത് ബിജെപിയുടെ, സംഘ പരിവാറിന്റെ ചുമതലയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button