ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതില്‍ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ അഭിപ്രായ ഭിന്നത.കോണ്‍ഗ്രസ് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു എന്നും എസ്പി, ബിഎസ്പി, എന്‍സിപി, ഇടതു പാര്‍ട്ടികൾ തുടങ്ങി ആരുമായും ആലോചിച്ചില്ല എന്നും ആരോപണം ഉണ്ട്.ഇതിനിടയിൽ നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പാര്‍ലമെന്റ് തടസപ്പെട്ട കാര്യങ്ങളും ചൂണ്ടിക്കാണിച്ചു പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു നിവേദനം നല്‍കി.
ഇതിൽ നിന്ന് സമാജ്‍വാദി പാര്‍ട്ടിയും ബിഎസ്പിയും വിട്ടുനിന്നു.ഇതോടെ പ്രതിപക്ഷത്തിനിടയിലെ അഭിപ്രായഭിന്നത പുറത്താകുകയും ചെയ്തു.സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവരാണു രാഷ്ടപതിയെ കണ്ടത്.രാജ്യവ്യാപകമായി സ്വന്തം നിലയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.ഇതേത്തുടര്‍ന്ന് നോട്ട് അസാധുവാക്കല്‍, കര്‍ഷകര്‍ നേരിടുന്ന ദുരിതം എന്നിവ ഉയര്‍ത്തിക്കാട്ടി നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ചില്‍നിന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്മാറി.
പാര്‍ലമെന്റില്‍ ഒരുമിച്ചുനിന്ന പ്രതിപക്ഷം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതും ഒരുമിച്ച് വേണമായിരുന്നുവെന്ന് എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.മറ്റ് പാര്‍ട്ടികളോട് ആലോചിക്കാതെ പ്രധാനമന്ത്രിയുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയതിലാണ് പ്രതിപക്ഷത്തെ മറ്റുപാര്‍ട്ടികള്‍ക്ക് വിയോജിപ്പ്.കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെടുത്താനായിരുന്നു കൂടിക്കാഴ്ചയെന്ന് രാഹുല്‍ പിന്നീട് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ഇരുസഭകളിലെയും ഉപനേതാക്കളായ ആനന്ദ് ശര്‍മ, ജ്യോതിരാദിത്യ സിന്ധ്യ, തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Post Your Comments