
ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ ഇനി അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൂടി വെളിപ്പെടുത്തേണ്ടിവരും.ഇതാദ്യമായാണ് സോഷ്യൽ മീഡിയയുടെ അക്കൗണ്ടും ഉൾപ്പെടുത്തുന്നതെന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ നസീം സെയ്ദി പറഞ്ഞു.സോഷ്യൽ മീഡിയയിലൂടെ സ്ഥാനാർഥികൾ തിരഞ്ഞെടുപ്പു പ്രചാരണം നടത്തുകയോ പരസ്യം നൽകുകയോ ചെയ്താൽ അതിന്റെ ചെലവുകൂടി ഉൾപ്പെടുത്തേണ്ടി വരും. കൂടാതെ രാഷ്ട്രീയ കക്ഷികൾ നൽകുന്ന പരസ്യങ്ങളും അവരുടെ അക്കൗണ്ടിൽ കാണിക്കേണ്ടി വരും.പഞ്ചാബിൽ അടുത്തവർഷം ആദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു മുതലാണ് ഇതു നടപ്പാക്കുക..
എല്ലാ സോഷ്യൽ മീഡിയയും നിരീക്ഷിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷനു സംവിധാനമുണ്ടാകും.പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായി ഏതെങ്കിലും പരസ്യം സോഷ്യൽ മീഡിയയിൽ വന്നാൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.മിക്ക സോഷ്യൽ മീഡിയകളുടെയും സെർവറുകൾ വിദേശത്താണ്.ഇവയിൽ പൊതുപരാതികൾ കൈകാര്യം ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥന്മാരുടെ പേരും വിവരങ്ങളും തിരഞ്ഞെടുപ്പു കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്.സ്ഥാനാർഥികൾ സോഷ്യൽ മീഡിയയിൽ ചട്ടവിരുദ്ധമായി എന്തെങ്കിലും പ്രസിദ്ധപ്പെടുത്തുകയോ പരസ്യപ്പെടുത്തുകയോ ചെയ്താൽ ഇത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും നസീം സെയ്ദി ചൂണ്ടിക്കാട്ടി.
Post Your Comments