ബെംഗളൂരു : ശുചിമുറിയിലെ രഹസ്യ അറയിൽ 5.70 കോടിയുടെ പുതിയ കറൻസിയും സ്വർണവും സൂക്ഷിക്കാൻ ഗോവയിലെ ചൂതാട്ട ബിസിനസുകാരൻ കെ.സി. വീരേന്ദ്രയെ നാല് ബാങ്ക് ജീവനക്കാരും, രണ്ട് ഇടനിലക്കാരും സഹായിച്ചതായി സി.ബി.ഐ കണ്ടെത്തി.
ഡിസംബർ പത്തിനാണ് ആദായ നികുതി വകുപ്പ് കെ.സി. വീരേന്ദ്രയുടെ കർണാടക ചിത്രദുർഗ ചെല്ലക്കെരെയിലെ വീട്ടിലെ ശുചിമുറിയിലെ പ്രത്യേക അറയിൽ നിന്നും 5.70 കോടിയുടെ പുതിയ നോട്ടുകളും 32 കിലോ സ്വർണ ബിസ്ക്കറ്റുകളും 90 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും കണ്ടെത്തിയത്. തുടർന്ന് ഹുബ്ബള്ളിയിൽ വെച്ച് അറസ്റ്റ് ചെയ്ത ഇയാളെ ബെംഗളൂരു സിബിഐ കോടതിയിൽ ഹാജരാക്കിയ ശേഷം ആറു ദിവസം കസ്റ്റഡിയിൽ വിട്ടു.
ഇയാളെ കൂടാതെ ചിത്രദുർഗ സ്വദേശികളായ ഇടനിലക്കാർ തപസിസ്വാമി, വെങ്കിടേഷ്, സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഒാഫ് മൈസൂർ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവിടങ്ങളിലെ നാലു ഉദ്യോഗസ്ഥർക്കെതിരെയും കേസുണ്ടെന്ന് സിബി ഐ അറിയിച്ചു.
പുതിയ 2000, 500 രൂപയുടെ നോട്ടുകളായിരുന്നു റെയ്ഡിൽ കൂടുതലായും കണ്ടെത്തിയത്. ബാങ്കുകളിൽപോലും പുതിയ കറൻസിക്കു ക്ഷാമം നേരിടവെ രണ്ടായിരത്തിന്റെ ഇത്രയധികം നോട്ടുകൾ ലഭിച്ചത് അന്വേഷണം ബാങ്ക് ജീവനക്കാരിലേക്ക് വഴി തെളിയാന്‍ കാരണമായി. ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തിഉദ്യോഗസ്ഥർക്കെതിരെ കേസ്സെടുത്തു എന്നാണ് സൂചന. ഉദ്യോഗസ്ഥരുടെ പേരുകൾ സിബിഐ വെളിപ്പെടുത്തിയിട്ടില്ല.
Post Your Comments