NewsIndia

സ്ഥാനം വെട്ടിപ്പിടിയ്ക്കാന്‍ നടത്തുന്ന ശശികലയുടെ മോഹത്തിന് വന്‍തിരിച്ചടി നല്‍കാനൊരുങ്ങി തമിഴ് സിനിമാലോകം

ചെന്നൈ: അണ്ണാദുരൈയ്ക്കും എംജിആറിനും ജയലളിതയ്ക്കും ശേഷം അണ്ണാഡിഎംകെയെ നയിക്കാന്‍ ഇനിവരുന്നത് ആരെന്ന ചര്‍ച്ചകള്‍ തമിഴകത്ത് ഇപ്പോള്‍ സജീവമാണ്. അണ്ണാ ഡി.എം.കെയുടെ അമരത്തേയ്ക്കും അതോടൊപ്പം മുഖ്യമന്ത്രി സ്ഥാനത്തിനുമായി ശശികലയും ബന്ധുക്കളും അണിയറയില്‍ ചരടുവലി ആരംഭിച്ചിരുന്നു. ഇതിന് മുന്നോടിയായിട്ടായിരുന്നു അമ്മയുടെ മരണ ദിവസം തന്നെ തിരക്കിട്ട് പനീര്‍ ശെല്‍വത്തെ മുഖ്യമന്ത്രിയായി അവരോധിച്ചതും.

എന്നാല്‍ ജയലളിതയുടെ മരണത്തിനു പിന്നില്‍ ശശികലയാണെന്നും മരണത്തിലെ ദുരൂഹത നീക്കണമെന്നും ആവശ്യപ്പെട്ട് ജനങ്ങള്‍ രംഗത്തുവന്നിരിക്കുകയാണ് . ഇതിനിടെ തമിഴകത്തെ പദവി ശശികലയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച് തമിഴ് സിനിമാലോകവും നീക്കം തുടങ്ങി. അമ്മതന്നെ മനസാ അനന്തരാവകാശിയായി നിശ്ചയിച്ചത് താരലോകത്തുനിന്ന് നടന്‍ അജിത്തിനെ ആണെന്ന ചിന്തകള്‍ പ്രബലമായത് ജയയുടെ മരണത്തെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവച്ച് താരം അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പറന്നെത്തിയതോടെയാണ്.

ഇതിനു പിന്നാലെ അമ്മയുടെ വേര്‍പാടിന്റെ പശ്ചാത്തലത്തില്‍ തന്റെ ജന്മദിനം ഇക്കുറി ആഘോഷിക്കരുതെന്നും പോസ്റ്ററും ബാനറുമെല്ലാം സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് രജനീകാന്തും രംഗത്തെത്തിയത്.
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ശശികലയുടെ ഇടപെടലുകളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടി ഗൗതമിയും രംഗത്തെത്തിയതോടെ അണ്ണാ ഡിംഎംകെയെ വരുതിയില്‍ നിര്‍ത്താനുള്ള ശശികലയുടെയും മന്നാര്‍ഗുഡി മാഫിയയുടെയും നീക്കങ്ങള്‍ എളുപ്പമാവില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പാര്‍ട്ടിയിലും ഭരണത്തിലും പിടിമുറുക്കാന്‍ ശശികലയും കൂട്ടരും നടത്തുന്ന നീക്കങ്ങള്‍ക്ക് തടയിടാന്‍ അജിത്തോ രജനിയോ ഉടന്‍ രംഗത്തിറങ്ങുമെന്നാണ് സൂചനകള്‍. അമ്മയുടെ പിന്‍ഗാമിയാകുമെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങളില്‍ ഇടംപിടിച്ച സൂപ്പര്‍ സ്റ്റാര്‍ അജിത്ത് ബള്‍ഗേറിയയിലെ ഷൂട്ടിങ് നിര്‍ത്തിവച്ച് പ്രണാമമര്‍പ്പിക്കാന്‍ ചെന്നൈയില്‍ എത്തുകയായിരുന്നു. മറീന ബീച്ചില്‍ ജയയുടെ മൃതദേഹം അടക്കംചെയ്ത സ്ഥലത്ത് ഭാര്യ ശാലിനിക്കൊപ്പം എത്തിയാണ് അന്ത്യോപചാരം അര്‍പ്പിച്ചത്.

മരണത്തിലേക്ക് നയിച്ച രോഗത്തോടെ ജയയെ സെപ്റ്റംബര്‍ 22ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആദ്യം അവിടെയെത്തി അവരെ കണ്ടതും അജിത്തായിരുന്നു. ജയലളിതയ്ക്ക് താന്‍ മകനെപ്പോലെയാണെന്ന് നിരവധിതവണ അജിത്ത് പറയുകയും ചെയ്തിരുന്നു. ഇതോടെ നേരത്തേ മുതലേ അജിത്താണ് ജയയുടെ പിന്‍ഗാമിയെന്ന പ്രചരണവും സജീവമായി.

വര്‍ഷങ്ങള്‍ക്കു മുമ്പ് തോഴി ശശികലയുമായി പിണങ്ങിയതോടെ അവരേയും അവരുടെ ബന്ധുകൂടിയായ വളര്‍ത്തുമകന്‍ സുധാകരനെയും ജയലളിത പോയ്‌സ് ഗാര്‍ഡനില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അജിത്തിനെ അവര്‍ മകനെപ്പോലെ കരുതിത്തുടങ്ങിയത്. മാത്രമല്ല, അവസാന നാളുകളില്‍ അവര്‍ക്ക് ജനോപകാര പ്രദമായ രീതിയില്‍ ഭരണം നിര്‍വഹിക്കണമെന്ന ആഗ്രഹം സജീവമായിരുന്നു.

ബാംഗ്ലൂര്‍ കോടതി സ്വത്തുകേസില്‍ ശിക്ഷിച്ചതോടെ ജയില്‍വാസം അനുഷ്ഠിക്കേണ്ടിവന്നപ്പോള്‍ ജയക്ക് മാനസാന്തരമുണ്ടായെന്ന് അടുപ്പമുള്ളവര്‍ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനോപകാര പ്രദമായ കൂടുതല്‍ പദ്ധതികള്‍ ജയില്‍ശിക്ഷ കഴിഞ്ഞ്് തിരിച്ചെത്തിയതിനു പിന്നാലെ ജയ പ്രഖ്യാപിക്കുന്നത്. ഇതിനു ശേഷം തന്നെ കാണാനെത്തുന്ന നേതാക്കന്മാരോടും ആഡംബരം കുറയ്ക്കാനും ലളിത ജീവിതം നയിക്കാനും നിര്‍ദ്ദേശിച്ചിരുന്നതായും പറയുന്നു. കനത്ത സ്വര്‍ണമാലയണിഞ്ഞിരുന്ന ചില നേതാക്കന്മാരെ വിലക്കുകയും മറ്റും ചെയ്തതോടെ അമ്മയുടെ അപ്രീതി ഭയന്ന് പലരും ഇത്തരത്തില്‍ പ്രത്യക്ഷ ആഡംബരം ഉപേക്ഷിക്കുകയും ചെയ്തു.

ഇത്തരം സൂചനകള്‍ വച്ച് ജനങ്ങളോട് അനുതാപത്തോടെ പെരുമാറുന്ന നടന്മാരായ രജനീകാന്തോ താനുമായി അടുപ്പമുണ്ടായിരുന്ന അജിത്തോ പിന്‍ഗാമിയായി വരാന്‍ ജയ ആഗ്രഹിച്ചിരുന്നെന്നും അതിനാലാണ് ശശികലയ്‌ക്കെതിരെ ശക്തമായ നിലപാട് ജയ സ്വീകരിച്ചതെന്നുമുള്ള പ്രചരണം സജീവമാണ്. ശശികലയിലേക്കും അവരുടെ നേതൃത്വത്തിലുള്ള മന്നാര്‍ഗുഡി മാഫിയയ്ക്കും ഒരു കാരണവശാലും അധികാരം എത്തിച്ചേരാന്‍ അനുവദിക്കരുതെന്ന വാദം ഇപ്പോള്‍ തമിഴകത്ത് സജീവമാണ്.

അണ്ണാഡിഎംകെയില്‍ പന്നീര്‍ ശെല്‍വത്തിന്റെ നേതൃത്വം അംഗീകരിക്കുന്ന ഒരു വിഭാഗവും ദേശീയ നേതാവായി അറിയപ്പെടുന്ന തമ്ബിദുരൈയുടെ നേതൃത്വം അംഗീകരിക്കുന്ന മറ്റൊരു വിഭാഗവും ഇതിനകം സജീവ ചേരികളായി മാറാനും തുടങ്ങിയിട്ടുണ്ട്. ഇരുകൂട്ടരുടെയും ഭിന്നിപ്പുകള്‍ മുതലെടുത്ത അധികാരകേന്ദ്രമായി തുടരനാണ് ശശികല ലക്ഷ്യമിടുന്നത്.

ഏതായാലും അമ്മയെ അംഗീകരിച്ചതുപോലെ ശശികലയെ അംഗീകരിക്കില്ലെന്ന് സാധാരണക്കാരായ പ്രവര്‍ത്തകര്‍പോലും പറഞ്ഞുതുടങ്ങിയതിനാല്‍ താമസിയാതെ താരലോകത്തുനിന്ന് രജനിയോ അജിത്തോ അടുത്ത ഭരണാധികാരിയായി ദ്രാവിഡ പാര്‍ട്ടിയുടെ തലപ്പത്ത് എത്തുമെന്നാണ് സൂചനകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button