![](/wp-content/uploads/2016/12/haala.jpg)
ബംഗളൂരു: ഹവാല ഇടപാടുകാരന്റെ കുളിമുറിയിലെ ടൈല്‍സിനടിയില്‍ ഒളിപ്പിച്ച 5.7 കോടിയുടെ 2000 രൂപ നോട്ടുകളും 32 കിലോ സ്വര്‍ണ ബിസ്ക്കറ്റുകളും സ്വര്‍ണാഭരണങ്ങളും ഒപ്പം 90 ലക്ഷം രൂപയുടെ പഴയ നോട്ടുകളും ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. ഇന്റലിജന്‍സ് വിഭാഗം നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കുളിമുറിയിലെ ഭിത്തിക്കുള്ളില്‍ പ്രത്യേക സ്റ്റീല്‍ അറ ഉണ്ടാക്കിയാണ് പണവും സ്വര്‍ണവും സൂക്ഷിച്ചിരുന്നത്.
കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ ചല്ലാക്കരയിലാണ് സംഭവം. ഹവാല ഇടപാടുകാരന്റെ വീട്ടില്‍നിന്നാണ് കള്ളപ്പണവും സ്വര്‍ണവും പിടിച്ചെടുത്തത്. ഏതാനും രേഖകളും കണ്ടെടുത്തിട്ടുണ്ട്. ജനങ്ങള്‍ ബാങ്കില്‍ പണത്തിനായി ക്യൂ നില്‍ക്കുമ്പോഴാണ് ഇത്തരം പൂഴ്ത്തിവെപ്പുകാർ പലറെയും ഉപയോഗിച്ച് ബാങ്കിൽ നിന്നും പോസ്റ്റ് ഓഫിസിൽ നിന്നും പുതിയ നോട്ടുകൾ കരസ്ഥമാക്കുന്നത്.
ഇതിനിടെ ഹൈദരാബാദില്‍ നിന്നു സിബിഐ പിടിച്ചെടുത്തതു കണക്കില്‍പ്പെടാത്ത 82 ലക്ഷം രൂപയാണ്. ഇതില്‍ ഭൂരിഭാഗവും പുതിയ 2000 രൂപ നോട്ടുകളാണ്. പോസ്റ്റ് ഓഫീസ് ജീവനക്കാരന്റെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണു 65 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തത്.അറസ്റ്റിലായ ഖനി വ്യവസായി ശേഖര്‍ റെഡ്ഡി നല്‍കിയ വിവരമനുസരിച്ച് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.ചെന്നൈയില്‍ മാത്രം ഇതുവരെ പിടികൂടിയ കള്ളപ്പണത്തിന്റെയും അനധികൃത സ്വര്‍ണത്തിന്റെയും മൂല്യം 166 കോടി രൂപയായി.
Post Your Comments