ന്യൂഡൽഹി : ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായ സംഭവത്തില്‍ ഒരു പുരോഗതിയും കാണാത്തതിനെ തുടര്‍ന്ന്‍ പോലീസിന് ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. യുവാവ് അപ്രത്യക്ഷനായത് എങ്ങനെയെന്നും, നജീബ് അഹമ്മദിന്റെ മാതാവ് യുവാവിനെ തിരഞ്ഞ് നടക്കാൻ തുടങ്ങിയിട്ട് 50 ദിവസം കഴിഞ്ഞിട്ടും ഒരു വിവരവും പോലീസിന് ലഭിക്കാത്തത് ജനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് പരിഗണിക്കവെയാണ് ഹൈക്കോടതി രൂക്ഷവിമര്‍ശം ഉന്നയിച്ചത്. അത്യാഹിതം എന്തെങ്കിലും സംഭവിച്ചുവെങ്കില്‍ അതിന്റെ വിവരം അറിയേണ്ടതല്ലേയെന്നും ജസ്റ്റിസുമാരായ ജി.എസ് സിസ്താനി, വിനോദ് ഗോയല്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് ചോദിച്ചു. സര്‍വകലാശാലയില്‍ ഉണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് അറിയാന്‍ താത്പര്യമില്ല. പക്ഷെ അമ്മയ്ക്ക് മകനെ കാണാന്‍ കഴിയണമെന്നും, യുവാവിനെ കണ്ടെത്തി വീട്ടിലെത്തിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
നജീബും എ.ബി.വി.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടർന്ന് ഒക്ടോബര്‍ 5 മുതലാണ് ജെ.എന്‍.യുവിലെ ഹോസ്റ്റലില്‍നിന്ന് നജീബിനെ കാണാതായത്. എന്നാൽ ഏറ്റുമുട്ടലും നജീബിനെ കാണാതായതുമായി ബന്ധമില്ലെന്ന്‍ എ.ബി.വി.പി പറയുന്നു.
Post Your Comments