NewsIndia

ജയലളിതയുടെ മരണദിനത്തില്‍ അണിയറയില്‍ നടന്നത് അധികാരത്തിനായുള്ള വടംവലി ശശികല വെള്ളപേപ്പറില്‍ മന്ത്രിമാരില്‍ ഒപ്പ് ശേഖരിച്ചിരുന്നതായി റിപ്പോര്‍ട്ട്

ചെന്നൈ: ജയലളിതയുടെ മരണത്തോടെ തമിഴകത്ത് രാഷ്ട്രീയ പ്രതിസന്ധിയും ഉടലെടുത്ത് കഴിഞ്ഞു. അണ്ണാ. ഡി.എം.കെയുടെ ജനറല്‍സെക്രട്ടറി സ്ഥാനവും ഒപ്പം മുഖ്യമന്ത്രി സ്ഥാനവും കൈപ്പിടിയിലൊതുക്കുക എന്ന ലക്ഷ്യത്തോടെ തോഴി ശശികല കരുക്കള്‍ നീക്കിയതായാണ് സൂചന. ജയലളിതയുടെ മരണ ദിനത്തില്‍ തോഴി ശശികലയുടെയും എതിര്‍ വിഭാഗത്തിന്റെയും അണിയറനീക്കങ്ങള്‍ക്കൊടുവിലാണ് പനീര്‍ ശെല്‍വം മുഖ്യമന്ത്രിസ്ഥാനത്തേയ്‌ക്കെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അതീവ ഗുരുതര നിലയിലായതിനു ശേഷം ജയലളിതയുടെ സമീപത്ത് പോകാന്‍ അനുവാദമുണ്ടായിരുന്നത് ശശികലയ്ക്കും മുന്‍; ഐഎഎസ് ഓഫീസറും മലയാളിയുമായ ഷീല ബാലകൃഷ്ണനുമായിരുന്നു. ഞായറാഴ്ചയാണ് ജയലളിതയ്ക്ക് അടിയന്തിരമായി ശസ്ത്രക്രിയ നടത്തിയത്. ഇതിനിടയില്‍ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു അടക്കമുള്ളവര്‍ ചെന്നൈയില്‍ എത്തുകയും ചെയ്തിരുന്നു. ഈ സമയങ്ങളിലൊക്കെ ജയലളിതയുടെ പിന്‍ഗാമിയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പിന്നണിയില്‍ സജീവമായിരുന്നു.

ശസ്ത്രക്രിയയ്ക്കു ശേഷം ജയലളിതയുടെ ആരോഗ്യം അതീവ ഗുരുതരസ്ഥിതിയിലായതോടെ തിങ്കളാഴ്ച രാവിലെ എല്ലാ മന്ത്രിമാരുടെയും എ.ഐ.എ.ഡി.എം.കെ.എം.എല്‍.എമാരുടെയും യോഗം അപ്പോളോ ആശുപത്രിയില്‍ ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ വെച്ച് ശശികല, എല്ലാവരെക്കൊണ്ടും മൂന്ന് വെള്ളപ്പേപ്പറുകളില്‍ ഒപ്പിടുവിച്ചിരുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഒപ്പിടുന്നവരുടെ പേരുകളല്ലാതെ പേപ്പറില്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഇതുകൂടാതെ, പാര്‍ട്ടി യോഗം നടന്നതായി വ്യക്തമാക്കുന്ന ഒരു രജിസ്റ്ററിലും എല്ലാവരെക്കൊണ്ടും ഒപ്പിടുവിച്ചിരുന്നു.

പിന്നീട് ജയലളിത മരിച്ചതായുള്ള അഭ്യൂഹങ്ങള്‍ക്കിടെ വൈകുന്നേരം ആറുമണിക്ക് പാര്‍ട്ടി ഓഫീസില്‍ എത്തണമെന്ന് എല്ലാ എം.എല്‍.എമാര്‍ക്കും നിര്‍ദ്ദേശം ലഭിച്ചു. എന്നാല്‍ ഈ യോഗത്തില്‍ പനീര്‍ ശെല്‍വം അടക്കം മുതിര്‍ന്ന അഞ്ച് മന്ത്രിമാര്‍ സന്നിഹിതരായിരുന്നില്ല.

ഈ സമയത്ത് ജയലളിത മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയെങ്കിലും പാര്‍ട്ടി ഓഫീസില്‍ നിന്ന് ആരെയും പുറത്തേയ്ക്ക് പോകാന്‍ അനുവദിച്ചില്ല. പിന്നീട്, 11 മണിയോടെ ആദ്യം എത്താതിരുന്ന മന്ത്രിമാര്‍ പാര്‍ട്ടി ഓഫീസിലെത്തുകയും പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയായി തീരുമാനിച്ചതായി പാര്‍ട്ടി ചെയര്‍മാന്‍ മധുസൂദനന്‍ പ്രഖ്യാപിക്കുകയും ചെയ്തു. പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അര മണിക്കൂറിനു ശേഷമാണ് ജയലളിത മരിച്ചതായി വെളിപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവന പുറത്തിറങ്ങുന്നത്.

പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അടിയൊഴുക്കുകള്‍ നടന്നതായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജയലളിത മന്ത്രിസഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ പളനിസാമിയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് ശശികലയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് സൂചന. എന്നാല്‍ വെങ്കയ്യ നായിഡുവിന്റെ ഇടപെടലാണ് പനീര്‍ശെല്‍വത്തെ തന്നെ മുഖ്യമന്ത്രിയാക്കുന്നതിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏതായാലും വരുംദിനങ്ങളില്‍ തമിഴകത്ത് രാഷ്ട്രീയപ്രതിസന്ധി പുകയും എന്ന കാര്യത്തില്‍ സംശയമില്ല..

shortlink

Related Articles

Post Your Comments

Related Articles


Back to top button