NewsIndia

ജയലളിതയുടെ ജീവിതത്തിലും മരണത്തിലും ശശികലയുടെ റോള്‍ എന്തായിരുന്നു? ഇക്കാര്യങ്ങള്‍ ശശികല വെളിപ്പെടുത്തണമെന്ന് ആവശ്യവുമായി രാഷ്ട്രീയ നിരീക്ഷകര്‍

ചെന്നൈ: ജയലളിതയുടെ രോഗവിവരം ഇപ്പോഴും അജ്ഞാതമാണ്. എല്ലാം അറിയാവുന്നത് തോഴി ശശികലയ്ക്കും. അവര്‍ ഇനിയെങ്കിലും എല്ലാം തുറന്ന് പറയണമെന്നാണ് ഉയരുന്ന ആവശ്യം. തോഴിയായ ശശികലയെ ജയലളിത നേരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്തിനായിരുന്നു ഇതെന്ന് ജയലളിത തുറന്നു പറഞ്ഞില്ല. പാര്‍ട്ടി അച്ചടക്ക നടപടിയുടെ യഥാര്‍ത്ഥ കാരണം ശശികല ഇനിയെങ്കിലും വെളിപ്പെടുത്തണമെന്നാണ് ആവശ്യം. അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയാകാന്‍ ശശികല ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ ചര്‍ച്ച സജീവമാകുന്നത്.

2011 ല്‍ ആണ് ചില രാഷ്ട്രീയ കാരണങ്ങളാല്‍ ഇവരുടെ സൗഹൃദത്തിന് ഉലച്ചില്‍ തട്ടിയത്.
എന്നാല്‍ സ്വന്തം തെറ്റുതിരിച്ചറിഞ്ഞ് ശശികല തിരിച്ചെത്തിയപ്പോള്‍ പൂര്‍ണ്ണമനസ്സോടെ ജയലളിത ആ സൗഹൃദം തുടരാന്‍ തയാറായി. ശശികല ജയലളിതയുടെ ആശുപത്രിവാസ സമയത്തും മരണസമയത്തുമെല്ലാം ഒപ്പം നിന്നു. ജയയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള യാത്രയിലും രാജാജി ഹാളിലെ പൊതുദര്‍ശന വേളയിലുമെല്ലാം താരമായി. ജയലളിതയുടെ ജീവിതത്തിലും മരണത്തിലും ശശികലയുടെ റോള്‍ എന്തായിരുന്നുവെന്നതിന് ഇനിയും ഉത്തരമില്ല. ജയലളിതയുടെ മരണത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണമെന്താണെന്നതിനും ആരും ഒന്നും പറയുന്നില്ല. അതുകൊണ്ട് തന്നെ ഇനിയെങ്കിലും ശശികല എല്ലാം തുറന്നു പറയണമെന്നാണ് ആവശ്യം. ഒരു ചെറിയ പനിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിതക്ക് പിന്നീടെങ്ങനെ അണുബാധയും ഹൃദയസ്തംഭനവുമുണ്ടായി എന്നതാണ് സംശയങ്ങള്‍ക്കെല്ലാം ആധാരം.

ശ്വാസകോശ അണുബാധ, പനി, ഹൃദയസ്തംഭനം എന്നിങ്ങനെ ഒരുപാടു കാരണങ്ങള്‍ ജയയുടെ ആശുപത്രി വാസത്തിന് കാരണമായി പറയുന്നു. 75 ദിവസത്തെ ആശുപത്രി വാസത്തിനിടയില്‍ എന്താണ് ജയയുടെ ജീവിതത്തില്‍ സംഭവിച്ചിരിക്കുക. ഒരു ചെറിയ പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്മയെ ചികില്‍സിക്കാന്‍ എന്തിനാണ് വിദേശത്തു നിന്ന് വിദഗ്ധ ഡോക്ടര്‍മാരെക്കൊണ്ടു വന്നത്. കാര്യങ്ങള്‍ക്കെല്ലാം ഒരു രഹസ്യസ്വഭാവം സൂക്ഷിച്ച അവര്‍ ജയയെ കാണാനെത്തിയ പ്രമുഖര്‍ക്കുപോലും ജയയെ സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കിയില്ല. എല്ലാം ഭേദമായ ശേഷം ജയലളിത എന്തുകൊണ്ട് മരിച്ചുവെന്നതും സംശയങ്ങളുണ്ടാക്കുന്നു. എന്നാല്‍ ഈ ചോദ്യങ്ങളോട് മൗനം തുടരാനാണ് ശശികലയുടെ തീരുമാനം. ചെന്നൈ മെട്രോയുടെ രണ്ടാ ഘട്ട ഉദ്ഘാടന ദിവസത്തിനു ശേഷം സെപ്റ്റംബര്‍ 22നാണ് ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ജയയുടെ മരണവും, ശശികലയുടെ തിടുക്കത്തിലുള്ള രാഷ്ട്രീയ പ്രവേശനവുമെല്ലാം രാഷ്ട്രീയ നിരീക്ഷകര്‍ വളരെ സംശയത്തോടെയാണ് ഇപ്പോള്‍ വീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button