മുംബൈ : പണമിടപാട് ആപ്ലിക്കേഷനായ പേടിഎം ഉപയോഗിക്കാന്‍ ഇനി ഇന്റര്‍നെറ്റോ സ്മാര്‍ട്ട്ഫോണോ ആവശ്യമില്ല. ഇവ രണ്ടും ഇല്ലാതെ പേടിഎം ഉപയോഗിക്കുന്നതിനുള്ള സംവിധാനം കമ്പനി പുറത്തിറക്കി. 1800 1800 1234 എന്ന ടോള്‍ ഫ്രീ നമ്പറിലുടെയാണ് പുതിയ സംവിധാനം ഉപയോഗിക്കുന്നതിനായി സാധിക്കുക. നേരത്തെ വ്യാപാരികള്‍ക്ക് ഒരു ശതമാനം ട്രാന്സാക്ഷന് ചാര്‍ജോടു കൂടി പണമയക്കുന്നതിനുള്ള സംവിധാനം പേടിഎം അവതരിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് പേടിഎം ട്രാന്സാക്ഷന് ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കി.
ഉപഭോക്താക്കള്‍ അവരുടെ പേടിഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ നിന്ന് ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ചാല്‍ മതി. ഈ ടോള്‍ ഫ്രീ നമ്പറില്‍ പേടിഎം പിന് നമ്പര്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താവുന്നതാണ്. എന്നാല്‍ ടോള്‍ ഫ്രീ നമ്പര്‍ ഉപയോഗിച്ച് പുതിയ പേടിഎം അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയില്ല. അത് പോലെ തന്നെ പേടിഎം അക്കൗണ്ടില്‍ പണം ചേര്‍ക്കുന്നതിനായി വെബ് സൈറ്റിനേയോ ആപ്ലിക്കേഷനേയോ ആശ്രയിക്കേണ്ടി വരും. സംവിധാനം പ്രകാരം ആര്‍ക്കെങ്കിലും പണമയക്കണമെങ്കില്‍ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് അവരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്താല്‍ മതി. നോട്ട് പിന്‍വലിക്കലിന്റെ പശ്ചാത്തലത്തില്‍ പേടിഎം പോലുള്ള ആപ്പുകളുടെ ഉപയോഗത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Post Your Comments