ന്യൂഡല്‍ഹി: വൃക്ക രോഗം ബാധിച്ച് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആശുപത്രി കിടക്കയിലും കര്‍മ്മനിരതയാണ്. തങ്ങളുടെ വിസ പ്രശ്‌നങ്ങള്‍ പറഞ്ഞ് വരുന്നവരെ നിരാശരാക്കാതെ അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഒരു മടിയുമില്ല അവര്‍ക്ക്. ഇത്തവണ 500 കിലോ തൂക്കമുള്ള ഈജിപ്ത്യന്‍ യുവതിയ്ക്കാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലിനെ തുടര്‍ന്ന് വിസ ലഭിച്ചത്. കെയ്‌റോ സ്വദേശിനിയായ ഇമാന്‍ അഹമ്മദിനാണ് ഇന്ത്യയിലേക്കുള്ള വിസ ലഭിച്ചത്. 36 കാരിയായ ഇമാന്‍ അമിത വണ്ണത്തിനുള്ള ചികിത്സയ്ക്കായാണ് ഇന്ത്യയിലേക്ക് മെഡിക്കല്‍ വിസയ്ക്ക് അപേക്ഷിച്ചത്.
എന്നാല്‍ ഇമാന് വിസ ലഭിച്ചില്ല. തുടര്‍ന്ന ഇമാനെ ചികിത്സിക്കാമെന്നേറ്റ ബാരിയാറ്റിക് സര്‍ജന്‍ ഡോ: മുഫി ലഖ്ഡാവാലായാണ് ഈ വിവരം സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഡോക്ടറിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇമാനെ സഹായിക്കണമെന്ന ആവശ്യപ്പെട്ട് സുഷമ ട്വീറ്റ് ചെയ്തു.
അതിന് ശേഷം കെയ്‌റോയിലുള്ള എംബസി ഇമാന് മെഡിക്കല്‍ വിസ നല്‍കിയെന്ന് ഡോ: ലഖ്ഡാവാലാ ട്വീറ്റ് ചെയ്തു.
അമിത വണ്ണം മൂലം ഇമാന് പഠനം പോലും പാതിയില്‍ ഉപേക്ഷിക്കേണ്ടതായി വന്നു. ഇന്ത്യയിലെത്തി അമിതവണ്ണത്തിനായുള്ള ചികിത്സയിലൂടെ പുതിയ ജീവിതത്തിലേക്ക് കടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇമാന്‍.
Post Your Comments