ന്യൂഡല്‍ഹി● ലോക്സഭയില്‍ ക്ഷുഭിതനായി മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി. നോട്ട് നിരോധനത്തില്‍ തുടര്‍ച്ചയായി പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുന്നതാണ് അദ്വാനിയെ ചൊടിപ്പിച്ചത്. തുടര്‍ച്ചയായി മൂന്നാമത്തെ ആഴ്ചയാണ് സഭാനടപടികള്‍ തടസപ്പെടുന്നത്.
മുതിര്‍ന്ന സഹപ്രവര്‍ത്തകനും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ അനന്ദ് കുമാറിനോടോയിരുന്നു അദ്വാനിയുടെ രോഷപ്രകടനം. ഉച്ചഭക്ഷണത്തിന് മുമ്പ് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ 15 മിനുട്ട് നിര്‍ത്തിവച്ചപ്പോഴായിരുന്നു മന്ത്രിയെ തന്റെ സീറ്റിനരികിലേക്ക് വിളിച്ചു വരുത്തി അദ്വാനി ക്ഷുഭിതനായത്. ആരാണ് സഭ നടത്തേണ്ടത്. സഭ സ്വയം പ്രവര്‍ത്തിക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു. സ്പീക്കറോ പാര്‍ലമെന്ററി കാര്യ മന്ത്രിയോ സഭ നിയന്ത്രിക്കുന്നതില്‍ ശ്രദ്ധിക്കുന്നില്ലെന്നും അദ്വാനി പറഞ്ഞു.
അദ്വാനിയെ ശാന്തനാക്കാന്‍ അനന്ദ്കുമാര്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മാധ്യമപ്രവര്‍ത്തകര്‍ എല്ലാം കാണുന്നുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചെങ്കിലും ‘ഞാന്‍ ഇത് പരസ്യമായി പറയാന്‍ പോകുകയാണ്. ഞാന്‍ സ്പീക്കറോട് പറയും. സഭ സമാധാനപരമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ ചുമതലയുണ്ട്’ എന്നായിരുന്നു ഇതിന് അദ്വാനിയുടെ മറുപടി.
Post Your Comments