ബെയ്ജിങ്: അതിർത്തി തർക്കം കൂടുതൽ സങ്കീർണമാക്കരുതെന്ന് ഇന്ത്യയോട് ചൈന. കഴിഞ്ഞയാഴ്ച്ച ടിബറ്റൻ നേതാവ് കർമാപാ ലാമ അരുണാചൽ പ്രദേശിലെ തവാങ് സന്ദർശിച്ചതാണ് ചൈനയെ പ്രകോപിപ്പിക്കാൻ കാരണം. അരുണാചലിനെ ചൊല്ലി ചൈനയും ഇന്ത്യയും തമ്മിൽ തർക്കം തുടരുകയാണ്. ഇന്ത്യയുടെ ഭാഗമായ അരുണാചലിനെ ദക്ഷിണ ടിബറ്റ് എന്നാണ് ചൈന വിശേഷിപ്പിക്കുന്നത്. മുൻപും അരുണാചൽ ചൈനയുടെ ഭാഗമാണെന്ന് അവർ അവകാശപ്പെട്ടിരുന്നു.
കർമാപാ ലാമയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ചോദിച്ചപ്പോൾ ഇന്ത്യയുടെ കിഴക്കൻ മേഖലയെക്കുറിച്ച് ചൈനയുടെ നിലപാട് വ്യക്തമാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കൻങ്ങിന്റെ പ്രതികരിച്ചത്. ഇന്ത്യ രണ്ടു ഭാഗത്തുമുള്ള കാര്യങ്ങളെ ബഹുമാനിക്കുമെന്നാണ് കരുതുന്നത്. അതുപോലെ ഇന്ത്യ അതിർത്തി തർക്കം സങ്കീർണമാകുന്ന യാതൊന്നും ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. അതിർത്തിയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുകയെന്നത് ഇരുരാജ്യങ്ങളുടെയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
2000 ജനുവരി അഞ്ചിനാണ് ചൈനയിൽനിന്നു പലായനം ചെയ്‌ത കർമാപ ധർമശാലയിൽ എത്തിയത്. സിദ്ധബാരിയിലെ ഗ്യാറ്റോ മഠമാണ് ആസ്‌ഥാനം. ബുദ്ധമതപ്രകാരം ടിബറ്റൻ ജനതയുടെ ഉയർന്ന ആത്മീയപദവിയാണ് കർമാപാ സ്ഥാനം. അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് അവരോധിച്ചതും ദലൈലാമയാണ്.
Post Your Comments