ന്യൂ ഡൽഹി : അമിത വേഗതയിൽ വണ്ടി ഓട്ടിച്ചതിനും,11 ലക്ഷം രൂപയുടെ കറന്‍സി നോട്ട് കൈവശം വെച്ചതിനും പരംജീത്ത് എന്ന എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ പോലീസ് പിടികൂടി. ഹരിയാനയിലെ രോഹ്തക്കില്‍ വെച്ചായിരുന്നു സംഭവം. ഡൽഹിയിൽ നിന്നും സ്വദേശമായ രോഹ്തക്കിലേക്ക് അമിതവേഗതയില്‍ സഞ്ചരിച്ച പരംജീത്തിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടിയപ്പോഴാണ് പുതിയതും,അസാധുവുമായ നോട്ട് കെട്ടുകൾ കണ്ടെടുത്തതെന്നാണ് റിപ്പോര്‍ട്ട്. 3 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍, 1.6 ലക്ഷം രൂപയുടെ അസാധുവാക്കിയ നോട്ടുകള്‍, ശേഷിച്ചവ 100, 50, 20 നോട്ടുകളുമാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. നോട്ടിന്റെ ഉറവിടത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ ഇയാള്‍ക്ക് സാധിച്ചിട്ടില്ല.
ദില്ലിയിലെ ഒരു സുഹൃത്തില്‍ നിന്നും വാങ്ങിയതാണ് പണമെന്ന് പരംജീത്തിന്റെ സഹോദരന്‍ പറഞ്ഞു. പരംജീത്തിന്റെ ഭാര്യയുടെ പിറന്നാളായ ഡിസംബര്‍ 31ന് കാര്‍ സമ്മാനമായി നല്‍കാനാണ് ബാങ്കില്‍ നിന്നും പണമെടുത്തതെന്നും സഹോദരന്‍ പോലീസിന് മൊഴി നൽകി. സംഭവത്തെ പറ്റി ഇന്‍കം ടാക്സ് വകുപ്പിന് റിപ്പോര്‍ട്ട് നൽകി കൂടാതെ വഞ്ചനയ്ക്കും അമിത വേഗതയില്‍ കാറോടിച്ചതിനും പരംജീത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും രോഹ്തക്ക് പോലീസ് ഉദ്യോഗസ്ഥന്‍ സുനിത അറിയിച്ചു.
Post Your Comments