ന്യൂഡല്‍ഹി● സ്ത്രീ സൗഹൃദങ്ങളുടെ പേരില്‍ എന്നും മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു തിരുവനന്തപുരം എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍. തരൂരിന്റെ മൂന്നാം ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തെത്തുടര്‍ന്ന് ഉയര്‍ന്ന മെഹര്‍ തരാര്‍ വിവാദം കെട്ടടങ്ങിയ ശേഷം തരൂരിന്റെ പേരില്‍ സ്ത്രീവിഷയമൊന്നും ഉയര്‍ന്നുവന്നിരുന്നില്ല. എന്നാല്‍ അടുത്തിടെ തരൂരിനോപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട പുതിയ കൂട്ടുകാരിയെത്തേടി നടക്കുകയാണ് ഇന്ദ്രപ്രസ്ഥത്തിലെ മാധ്യമങ്ങള്‍. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നടന്ന ഒരു ഫാഷന്‍ ഷോയിലാണ് ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്.
ജയ്പൂര്‍ രാജകുമാരിയും ബി.ജെ.പി എം.എല്‍.എയുമായ ദിയാ കുമാരിയാണ് തരൂരിനൊപ്പം പ്രത്യക്ഷപ്പെട്ട പുതിയ സുന്ദരിയെന്നാണ് പ്രമുഖ ദേശീയ ഓണ്‍ലൈന്‍ മാധ്യമമായ ഐ.ബി. ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജസ്ഥാന്‍ രാജകുടുംബാംഗമായ ദിയാ കുമാരി രാജസ്ഥാനിലെ സവായി മധോപുരില്‍ നിന്നുള്ള എം.എല്‍.എയാണ്. ജയ്പൂര്‍ മഹാരാജാ സവായി ഭവാനി സിംഗിന്‍റെയും പദ്മിനി ദേവിയുടെയും മകളും ജയ്പൂര്‍ രാജ്മാതയും സൗന്ദര്യറാണിയുമായ മഹാറാണി ഗായത്രിദേവിയുടെ പേരക്കുട്ടിയുമാണ്.
സാമൂഹിക സേവനത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഇവര്‍ ജയ്പൂരില്‍ സജീവമാണെന്നും ചിലര്‍ പറയുന്നു. ഒരു വര്‍ഷമായി ഇരുവരും കടുത്ത സൗഹൃദത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.കഴിഞ്ഞ ജയ്പൂര്‍ സാഹിത്യോത്സവത്തിലും ഇരുവരും ഒന്നിച്ചാണു പങ്കെടുത്തത്. ആരാണ് ഇവരെന്ന ചോദ്യം പലരും ഉന്നയിച്ചെങ്കിലും ഉത്തരം കിട്ടിയില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് തരൂരിന്റെ പുതിയ സൗഹൃദം ചര്‍ച്ചയാകുന്നത്. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ഹ്യൂമാനിറ്റീസ് അധ്യാപികയായ തിലോത്തമ മുഖര്‍ജിയായിരുന്നു തരൂരിന്‍റെ ആദ്യഭാര്യ. മാധ്യമപ്രവര്‍ത്തകരായ കനിഷ്ക്, ഇഷാന്‍ എന്നീ രണ്ടു മക്കള്‍ ഈ ബന്ധത്തിലുണ്ട്. യുഎന്നിലെ കനേഡിയന്‍ നയതന്ത്രജ്ഞ ക്രിസ്റ്റ് ഗില്‍സായിരുന്നു രണ്ടാം ഭാര്യ. 2010 ഓഗസ്റ്റ് 22 നായിരുന്നു കശ്മീര്‍ സ്വദേശിയായ സുനന്ദ പുഷ്കറുമായുള്ള തരൂരിന്റെ മൂന്നാം വിവാഹം.
Post Your Comments