ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സക്കീര്‍ റാഷിദിന്റെ പുതിയ രണ്ട് വീഡിയോകള്‍ വൈറലായതോടെ അദ്ദേഹത്തെ പിടികൂടാന്‍ സുരക്ഷാസേന തിരച്ചില്‍ ഊര്‍ജിതമാക്കി. തെക്കന്‍ കശ്മീരിലെ പുല്‍വാമയിലെ ഒളിത്താവളത്തില്‍നിന്നാണ് വീഡിയോ ചിത്രീകരിച്ചതെന്ന സംശയം ബലപ്പെട്ടതിനാല്‍ ആ വഴിക്ക് തിരച്ചില്‍ നടക്കുന്നുണ്ട്. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കുവേണ്ടി ചാരപ്പണി നടത്തുന്ന മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സക്കീറിന്റെ രണ്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറയുന്നത്.
അതേസമയം, ബതിപോറയിലെ ദദ്‌സാര ഗ്രാമത്തില്‍ സക്കീറിനെ തേടി വ്യാപക അന്വേഷണം നടന്നുവരുകയാണ്. രഹസ്യവിവരത്തെ അടിസ്ഥാനമാക്കിയുള്ള തിരച്ചിലാണ് നടന്നുവരുന്നതെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിഡിയോ തയാറാക്കിയ കേന്ദ്രം കണ്ടെത്തുന്നതോടെ ഹിസ്ബുല്‍ തീവ്രവാദികളെ വലയിലാക്കാന്‍ കഴിയുമെന്നാണ് സുരക്ഷാസേന കണക്കുകൂട്ടുന്നത്.
വിഡിയോയിലും ഫോട്ടോകളിലും സക്കീറും കൂട്ടാളികളും ധരിച്ച വസ്ത്രങ്ങളും മറ്റും ഇതിനകം ഒരുവീട്ടില്‍നിന്ന് സുരക്ഷാസേന പിടിച്ചെടുത്തിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ വീട്ടുടമ മുങ്ങി. ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കഴിഞ്ഞ ജൂലൈയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതോടെയാണ് സക്കീര്‍ റാഷിദ് കമാന്‍ഡറാവുന്നത്.
Post Your Comments