ആലപ്പുഴ: സര്‍ക്കാര്‍ജോലിക്ക് കയറുമ്പോള്‍ ഇനി സ്വത്തുവിവരം വെളിപ്പെടുത്തണം. വിജിലന്‍സ് വകുപ്പിന്റെ നിര്‍ദേശപ്രകാരം ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
സര്‍ക്കാര്‍ ശമ്പളം ലഭിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും ഉത്തരവ് ബാധകമായിരിക്കും. ജോലിക്കുകയറുന്ന സമയത്ത് എന്തെല്ലാം സ്ഥാവരജംഗമ വസ്തുക്കളാണ് ഉള്ളതെന്ന് സര്‍വീസ് ബുക്കില്‍ നിശ്ചിതഫോറത്തില്‍ രേഖപ്പെടുത്തണം. ജീവനക്കാരുടെ അനധികൃത സ്വത്തുസമ്പാദനം എത്രയെന്നറിയാന്‍ നിലവില്‍ വിജിലന്‍സിന് ഏറെ ബുദ്ധിമുട്ടുണ്ട്. ഇതേ തുടർന്നാണ് ശുപാർശ.
അഴിമതി ആരോപണ വിധേയരായ ജീവനക്കാര്‍ സര്‍വ്വീസില്‍ കയറിയപ്പോള്‍ ഉണ്ടായിരുന്ന സ്വത്ത് എത്രയായിരുന്നെന്നറിയാന്‍ അതിവിപുലമായ അന്വേഷണം നടത്തേണ്ട സാഹചര്യമാണുള്ളത്. ഇതുമൂലം അന്വേഷണം നീണ്ടുപോകാനുള്ള സാഹചര്യമാണുള്ളത്. സര്‍വീസില്‍ കയറുമ്പോള്‍ നല്‍കുന്ന സത്യവാങ്മൂലത്തില്‍ എന്തെല്ലാമുണ്ടായിരുന്നെന്ന് കൃത്യമായി അറിഞ്ഞാല്‍ ഇപ്പോഴത്തെ സ്ഥിതി പരിശോധിക്കാന്‍ എളുപ്പമാണെന്ന് വിജിലന്‍സ് അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കിയ കത്തിനെത്തുടര്‍ന്നാണ് നടപടി.
Post Your Comments