തിരുവനന്തപുരം : നിലമ്പൂര്‍ വനത്തിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വനിതയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവരെ തിരയുന്നു. നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സ്ത്രീയും, സമീപത്ത് നില്ക്കുന്ന പോലീസ് സേനാംഗങ്ങളും എന്ന പേരിലാണ് വ്യാജ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. സര്‍ക്കാരിനും പോലീസിനുമെതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും, സര്‍ക്കാരിനെതിരെ ജനവികാരം തിരിച്ചുവിടുന്നതിനും വേണ്ടിയാണ് നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വനിതയുടെ ചിത്രമെന്ന പേരില്‍ വ്യാജ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
സോഷ്യല്‍ മീഡിയയില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് ചുമതലയുള്ള ഡി ജി പി രാജേഷ് ദിവാന്റെ നിര്‍ദേശ പ്രകാരം സൈബര്‍ പോലീസും ഹൈടെക്ക് സെല്ലും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്. ദയവ് ചെയ്ത് ജനങ്ങള്‍ ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ക്രൈംബ്രാഞ്ച് ഡി ജി പി രാജേഷ് ദിവാന് അഭ്യര്‍ത്ഥിച്ചു. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വനിതയുടെ ചിത്രമെന്ന വ്യാജേനെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് 2015 ഒക്ടോബറില്‍ ഒഡിഷ-ഛത്തീസ്ഗഡ് അതിര്‍ത്തി ഗ്രാമമായ ദര്‍ഭഗട്ടിയില്‍ നടന്ന ഏറ്റുമുട്ടലില്‍ മരിച്ച സ്ത്രീയുടേതാണെന്നാണ് പോലീസ് ഹൈടെക്ക് സെല്‍ കണ്ടെത്തിയിരിക്കുന്നത്. നിലമ്പൂര്‍ സംഭവത്തിന് ശേഷം ആരോ ഇന്റര്‍നെറ്റില്‍ നിന്നും പരതിയെടുത്തതാണ് ഈ ചിത്രം. ഒഡീഷ ന്യൂസ് ഇന്‍സൈറ്റ് എന്ന വെബ്സൈറ്റ് 2015 ഒക്ടോബറിലെ ഏറ്റുമുട്ടലിന്റെ വാര്‍ത്തയും ചിത്രവും നല്‍കിയിരുന്നു. അതില്‍ നിന്ന് ചിത്രം മാത്രം ഡൗണ്‍ലോഡ് ചെയ്താണ് പ്രചരിപ്പിച്ചിരിക്കുന്നത്.
Post Your Comments