ധാക്ക: ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം ഹോട്ടല്‍ മുറിയില്‍ യുവതികളെ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് ബംഗ്ലാദേശ് കളിക്കാര്‍ക്ക് 15,000 ഡോളര്‍ (ഏകദേശം 10 ലക്ഷം രൂപ)വീതം പിഴ. പേസ് ബൗളര്‍ അല്‍ അമിന്‍ ഹൊസൈന്‍, ബാറ്റ്‌സ്മാന്‍ സാബിര്‍ റഹ്മാന്‍ എന്നിവര്‍ക്കാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വന്‍ തുക പിഴയായി വിധിച്ചത്.
ക്രിക്കറ്റ് താരങ്ങളുടേത് അതീവ ഗൗരവതരമായ അച്ചടക്ക ലംഘനമാണെന്ന് ബോര്‍ഡ് വിലയിരുത്തി. ബ്ലംഗ്ലാദേശില്‍ നടന്നുവരുന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ടി20 മത്സരത്തിനിടെയായിരുന്നു താരങ്ങളുടെ അതിരുകടന്ന അച്ചടക്കലംഘനം. അതേസമയം, കളിക്കാര്‍ക്കെതിരെ എന്ത് കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല.
കുറ്റം ചെയ്തവര്‍ ദേശീയ ടീം അംഗങ്ങളാണെന്ന ഉത്തരവാദിത്വം കാട്ടിയില്ല. മാത്രമല്ല, സമാനകുറ്റം ഭാവിയില്‍ ആവര്‍ത്തക്കരുതെന്ന് മുന്നറിയിപ്പു നല്‍കിയതായും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഇതുവരെ ഏത് ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തിനും ലഭിച്ചതിനേക്കാള്‍ ഉയര്‍ന്ന പിഴയാണ് കളിക്കാര്‍ക്ക് വിധിച്ചിരിക്കുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാതൃകയിലുള്ളതാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ലീഗ്. ഏഴു ഫ്രാഞ്ചൈസികളാണ് നിലവില്‍ ടൂര്‍ണമെന്റില്‍ കളിക്കുന്നത്. പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി, വെസ്റ്റിന്റീസ് താരം ക്രിസ് ഗെയ്ല്‍, ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര തുടങ്ങിയ പ്രമുഖര്‍ ബംഗ്ലാദേശില്‍ കളിക്കുന്നുണ്ട്.
Post Your Comments