NewsIndia

ലോക സാമ്പത്തിക തലസ്ഥാനങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ നഗരങ്ങള്‍ക്ക് വമ്പന്‍ കുതിപ്പ്

മുംബൈ : അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് തെളിവായി ആഗോള സാമ്പത്തിക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ നഗരങ്ങള്‍ക്ക് മികച്ച സ്ഥാനം. ഓക്‌സ്ഫഡ് ഇക്കണോമിക്‌സ് തയ്യാറാക്കിയ പട്ടികയനുസരിച്ച്, ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമെന്ന പെരുമ മുംബൈയില്‍നിന്ന് ഡല്‍ഹി ഏറ്റെടുക്കുമെന്നാണ് സൂചന. 200 ഓളം രാജ്യങ്ങളിലെ 3000 നഗരങ്ങളുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തി തയ്യാറാക്കുന്ന ഓക്‌സ്ഫഡ് ഇക്കണോമിക്‌സിന്റെ പട്ടിക ലോകത്തേറ്റവും ആധികാരികമായാണ് വിലയിരുത്തപ്പെടുന്നത്.
മുംബൈയും അതിന്റെ വിശാല നഗരപരിധിയില്‍വരുന്ന നവിമുംബൈ, താനെ, വസായ്‌വിരാഡ്, ബിവാന്‍ഡി, പന്‍വേല്‍ എന്നിവയുമുള്‍പ്പെട്ട മേഖലയുടെ 2015ലെ ജിഡിപി 368 ബില്യണ്‍ ഡോളറാണ്.

നാഷണല്‍ കാപ്പിറ്റല്‍ റീജിയണ്‍, ഗുഡ്ഗാവ്, ഫരീദാബാദ്, നോയ്ഡ, ഗസ്സിയാബാദ് എന്നിവിടങ്ങള്‍ ഉള്‍പ്പെട്ട ഡല്‍ഹി നഗരപരിധിയുടെ ജിഡിപി 370 ബില്യണ്‍ ഡോളറും.. ആഗോള സാമ്പത്തിക കേന്ദ്രങ്ങളില്‍ 31ാം സ്ഥാനത്താണ് മുംബൈ.
ഇന്ത്യയിലെ രണ്ട് മഹാനഗരങ്ങളും ഇനിയും വളര്‍ച്ച കൈവരിക്കുമെന്നാണ് ഓക്‌സ്ഫഡ് ഇക്കണോമിക്‌സിന്റെ വിലയിരുത്തല്‍. 2030 ആകുമ്പോഴേക്കും ഡല്‍ഹി 11ാം സ്ഥാനത്തും മുംബൈ 14ാം സ്ഥാനത്തുമെത്തും. ഡല്‍ഹിയെ അപേക്ഷിച്ച് കുറഞ്ഞ ജനസംഖ്യയുള്ള മുംബൈ നഗരം ആളോഹരി ജിഡിപിയില്‍ ഡല്‍ഹിയെക്കാള്‍ മുന്നിട്ടുനില്‍ക്കുന്നു. മുംബൈയിലെ ആളോഹരി ജിഡിപി 16,881 ഡോളറും ഡല്‍ഹിയിലേത് 15,745 ഡോളറുമാണ്.
കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട അനുമതികള്‍ക്കും മറ്റും കൂടുതല്‍ സൗകര്യമെന്ന നിലയ്ക്ക് വ്യവസായ ലോകം മുംബൈയെ കൈവിട്ട് ഡല്‍ഹിയോട് അടുക്കുകയാണെന്നും വിലയിരുത്തപ്പെടുന്നു. മാത്രമല്ല, മുംബൈയെക്കാള്‍ അടിസ്ഥാന സൗകര്യ വികസനവും ഡല്‍ഹിയിലുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button