തിരുവനന്തപുരം: നിലമ്പൂര്‍ വിഷയം വിവാദമാകുമ്പോള്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രതികരിച്ച മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ബിജെപി. രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട് അഞ്ച് ദിവസം ആയിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രി എന്തോ മറച്ചുവയ്ക്കുന്നുവെന്നും മുരളീധരന്‍ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. രാജ്യത്തെ ഭരണകൂടത്തിനും നിയമ വ്യവസ്ഥയ്ക്കും ഭീഷണിയാണ് മാവോയിസ്റ്റുകള്‍. അധികാരം സായുധ വിപ്ലവത്തിലൂടെ നേടിയെടുക്കാമെന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിലൂടെയല്ല പോലീസ് കൊലപ്പെടുത്തിയതെന്ന വിവാദം ശക്തമായിട്ടുണ്ട്. സര്‍ക്കാരിനെതിരെയാണ് എല്ലാവരും വിരല്‍ ചൂണ്ടുന്നത്. അതേസമയം, സര്‍ക്കാരിന് ഇതില്‍ പങ്കില്ലെന്നാണ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞത്. ഇത്രയൊക്കെയായിട്ടും മുഖ്യമന്ത്രി ഇതില്‍ പ്രതികരിച്ചിട്ടില്ല. ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് ഏറെ വിവാദമായ വിഷയത്തില്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അത് അദ്ദേഹത്തിന്റെ പരാജയമാണെന്നും മുരളീധരന്‍ പറയുന്നു.
Post Your Comments