കൊച്ചി : ജിഷ കേസ് പ്രതി അമീറിനെ തൂക്കിക്കൊല്ലുന്ന ദിവസത്തിനായാണു തന്റെ കാത്തിരിപ്പെന്നു ജിഷയുടെ അമ്മ രാജേശ്വരി. കേസ് കോടതിയില്‍ നീണ്ടു പോവുകയാണ്. എന്റെ മകളെ കൊല്ലാന്‍ അയാള്‍ക്ക് ഏതാനും നിമിഷങ്ങള്‍ മതിയായിരുന്നു. എന്നാല്‍ കോടതി നടപടി എന്നു തീരുമെന്നറിയില്ലെന്നും അവര്‍ പറഞ്ഞു. പത്ത് കല്‍പനകള്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോടൊപ്പം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
പ്രതി അമീര്‍ ഇപ്പോള്‍ താനല്ല പ്രതിയെന്നാണു പറയുന്നത്. ഡിഎന്‍എ പരിശോധനയില്‍ ആവശ്യത്തിനു തെളിവുകള്‍ ലഭിച്ചതിനാല്‍ പ്രതി പറയുന്നതു കോടതി വിശ്വസിക്കരുത്. എനിക്കും മകള്‍ക്കും പണത്തിനു ആവശ്യമുണ്ടായിരുന്ന കാലത്ത് ആരും തിരിഞ്ഞു നോക്കിയിട്ടില്ല. ഇപ്പോള്‍ പണം കൊണ്ടു തന്നിട്ടു എന്തു കാര്യമെന്നും രാജ്വേശരി ചോദിച്ചു. കോടതിയില്‍ ഇംഗ്ലീഷ് സംസാരിക്കുന്നതിനാല്‍ എന്താണ് നടക്കുന്നതെന്നു നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള തനിക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ല. വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും എത്തുന്ന സ്ഥലങ്ങളാണ് കോടതികള്‍.
സമൂഹം ഒരു കാലത്തും സമാധാനമായി ജീവിക്കാന്‍ തങ്ങളെ അനുവദിച്ചിരുന്നില്ല. ഏറെ കഷ്ടപ്പെട്ടാണു മക്കളെ വളര്‍ത്തിയത്. തന്നെ ബൈക്കിടിച്ചു കൊല്ലാന്‍ ശ്രമിച്ചപ്പോഴും പരാതി നല്‍കിയിട്ടു പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്നും അവര്‍ പറഞ്ഞു. താഴേക്കിടയിലുള്ളവരോട് എന്നും സമൂഹം ഇത്തരത്തിലാണു പെരുമാറുന്നത്. നിയമം ശക്തമാക്കാതെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കഴിയില്ലെന്നു നടന്‍ അനൂപ് മേനോന്‍ പറഞ്ഞു. നിയമങ്ങളുടെയും ജ്യൂഡീഷ്യല്‍ സംവിധാനങ്ങളുടെയും പൊളിച്ചെഴുത്താണ് ആവശ്യം. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന ആപത്വാക്യം പലരും രക്ഷപ്പെടാനുള്ള മാര്‍ഗമായി ഉപയോഗിക്കുകയാണ്. ബ്രീട്ടീഷ് ഭരണകാലത്തു ഉണ്ടാക്കിയ നിയമങ്ങള്‍ ഇന്ത്യക്കാര്‍ക്കെതിരെ എന്തു ചെയ്താലും അവരെ രക്ഷപ്പെടുത്താനുള്ള പഴുതുകളിട്ടു കൊണ്ടാണു നിര്‍മിക്കപ്പെട്ടത്. അതു തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഈ വ്യവസ്ഥിതിക്കു മാറ്റം വരണമെന്നു അനൂപ് മേനോന്‍ പറഞ്ഞു. സൗമ്യ, ജിഷ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ലിംഗഛേദം ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകള്‍ പ്രതികള്‍ക്കു നല്‍കണമെന്നു നടി മീരാ ജാസ്മിന്‍ പറഞ്ഞു.
Post Your Comments