Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NewsIndia

അഞ്ച് ലഘുപാനീയങ്ങളില്‍ മാരക വിഷപദാര്‍ഥങ്ങള്‍; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി കേന്ദ്രം

ന്യൂഡല്‍ഹി: വിപണിയില്‍ ലഭിക്കുന്ന അഞ്ച് ലഘുപാനീയങ്ങളില്‍ ഈയം, കാഡ്മിയം, ക്രോമിയം എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ വ്യക്തമാക്കി. രണ്ടു പ്രമുഖ ബഹുരാഷ്ട്ര കമ്പനികലാണ് ഈ പാനീയങ്ങൾ വിപണിയിൽ എത്തിക്കുന്നത്. ആരോഗ്യ സഹമന്ത്രി ഫഗന്‍ സിംഗ് കുലസ്തെ രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. പെപ്സി, കൊക്കക്കോള, സ്പ്രൈറ്റ്, മൗണ്ടന്‍ ഡ്യൂ, സെവന്‍അപ് എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച്‌ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കൊല്‍ക്കത്തയിലെ നാഷനല്‍ ടെസ്റ്റ് ഹൗസില്‍ നടത്തിയ പരിശോധനയിലാണ് ഈയത്തിന്റെയും മറ്റു ഘനലോഹങ്ങളുടേയും സാന്നിധ്യം കണ്ടെത്തിയത്. ഇത്തരം പാനീയങ്ങള്‍ പ്ലാസ്റ്റിക്ക് പെറ്റ് (പോളി എഥലിന്‍ ടെര്‍താലേറ്റ്) ബോട്ടിലുകളില്‍ നിറയ്ക്കുന്നതു മൂലമാണ് കാഡ്മിയവും ക്രോമിയവും കലരാന്‍ ഇടയായതെന്നു പരിശോധനയില്‍ തെളിഞ്ഞു.

ഇതു സംബന്ധിച്ച്‌ ഡ്രഗ് ടെക്നിക്കല്‍ അഡ്വൈസറി ബോര്‍ഡ് നടത്തിയ പഠനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് മന്ത്രി രാജ്യസഭയില്‍ പരിശോധനാഫലം വ്യക്തമാക്കിയത്. പ്ലാസ്റ്റിക്ക് പെറ്റ് ബോട്ടിലുകളില്‍ വിപണിയിലെത്തുന്ന പാനീയങ്ങളില്‍ അനുവദിച്ചിട്ടുള്ള അളവില്‍ കൂടുതല്‍ രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടെന്നു വിവിധ ഇടത്തുനിന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ ഏപ്രിലിലാണു കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദമായ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹൈജീന്‍ ആന്‍ഡ് പബ്ലിക്ക് ഹെല്‍ത്ത് എന്ന സ്ഥാപനം സാമ്പിളുകള്‍ പരിശോധിക്കാന്‍ നാഷനല്‍ ടെസ്റ്റ് ഹൗസിനെ ചുമതലപ്പെടുത്തുകയായിരുന്നു. പ്ലാസ്റ്റിക്ക് പെറ്റ് ബോട്ടിലുകളില്‍ വിറ്റഴിക്കുന്ന മദ്യം, ജ്യൂസ്, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവയില്‍ കാന്‍സറിനു കാരണമാകുന്ന രീതിയിൽ അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് വിവിധ സന്നദ്ധ സംഘടനകള്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹൈജീന്‍ ആന്‍ഡ് പബ്ലിക്ക് ഹെല്‍ത്തിലെ ഡോ. ജി.കെ. പാണ്ഡെ ചെയര്‍മാനായി രൂപീകരിച്ച പ്ലാസ്റ്റിക്ക് ഹസാര്‍ഡ്സ് കമ്മിറ്റി സമര്‍പ്പിച്ച ആദ്യ റിപ്പോര്‍ട്ടില്‍ പെറ്റ് ബോട്ടിലുകളില്‍ വിറ്റഴിക്കുന്ന മരുന്നുകളില്‍ അടങ്ങിയിട്ടുള്ള ഘനലോഹങ്ങളെക്കുറിച്ചും ഡൈ ഈതൈര്‍ ഹെക്സൈല്‍ താലേറ്റ് എന്നിവയെക്കുറിച്ചും ആശങ്കാജനകമായ വിവരങ്ങള്‍ ഉണ്ടായിരുന്നു. വിപണിയില്‍നിന്ന് ശേഖരിച്ച ബെനാഡ്രില്‍ സിറപ്പ്, മ്യൂകെയ്ന്‍ ജെല്‍, പോളിബയോണ്‍ സിറപ്പ്, ഹെംഫര്‍ സിറപ്പ്, അലെക്സ് സിറപ്പ് എന്നീ മരുന്നുകള്‍ നാഷനല്‍ ടെസ്റ്റ് ഹൗസില്‍ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. അഞ്ച് സാമ്പിളുകള്‍ സാധാരണ താപനിലയിലും 40 ഡിഗ്രി, 60 ഡിഗ്രി താപനിലകളിലും പത്തു ദിവസം സൂക്ഷിച്ചാണ് പഠനവിധേയമാക്കിയത്. സാധാരണ താപനിലയില്‍ തന്നെ മരുന്നുകളില്‍ ആന്റിമൊണിയും ക്രോമിയവും ഈയവും ഡിഎച്ച്‌ഇപിയും അടങ്ങിയതായി കണ്ടെത്തി. തുടര്‍ന്നാണ് ഇത്തരം പായ്ക്കറ്റുകളില്‍ വിറ്റഴിക്കുന്ന ലഘുപാനീയങ്ങള്‍, എണ്ണ, സോഡ, പഴച്ചാറുകള്‍, മദ്യം, തുടങ്ങിയവയുടെ സാമ്പിളുകളും പരിശോധിക്കാന്‍ കേന്ദ്ര ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button