ആരെയും അതിശയിപ്പിക്കുന്ന ഒരു രക്ഷപ്രവർത്തനത്തിന്റെ കഥയുമായി ഫ്ലോറിഡയിലെ റ്റില ലെവി എന്ന അമ്മ. കഥയിലെ നായകൻ ആ അമ്മയുടെ 9 വയസുകാരനായ മൂത്ത മകൻ. മകൻ രക്ഷിച്ചതാകട്ടെ 11 മാസം പ്രായമുള്ള സ്വന്തം സഹോദരനെ. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ എൻെറ കുഞ്ഞ്… വിതുമ്പലോടെ അതു പറയുമ്പോഴും 11 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം തൻെറ ജീവിതത്തിലെ ഹീറോയായ 9 വയസ്സുകാരനായ മകനെയും ചേർത്തു പിടിക്കാൻ ആ അമ്മ മറന്നില്ല.
11 മാസം പ്രായമായ മകനെ മേശപ്പുറത്തു കിടത്തി മറ്റു അഞ്ചു മക്കളെ ഉറക്കാൻ കിടത്തുന്ന തിരക്കിലായിരുന്നു ലവി. അപ്പോഴാണ് മേശപ്പുറത്തു കിടത്തിയിരുന്ന കുഞ്ഞ് ഉരുണ്ട് നിലത്തേക്ക് വീഴാൻ പോയത്. ഇതുകണ്ടു നിന്ന ഇവരുടെ ഒൻപതുവയസ്സുകാരനായ മകൻ ജോസഫ് ലെവി എവിടെനിന്നോ ചാടിവീണ് തൻെറ സഹോദരനെ കൈകളിൽ താങ്ങി രക്ഷിച്ചു.
ഒരു നിമിഷം ജോസഫ് വൈകിയിരുന്നെങ്കിൽ ആ പിഞ്ചുകുഞ്ഞിൻെറ തല നിലത്തടിച്ചു തകർന്നേനെ. സംഭവത്തിനു ദൃക്സാക്ഷിയായ അമ്മയ്ക്കു ആദ്യമൊന്നും സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും പിന്നെ അവർ തൻെറ അശ്രദ്ധയെ പഴിച്ചുകൊണ്ട് കുറേ കരഞ്ഞു. പിന്നെ തൻെറ ജീവിതത്തിലെ കുഞ്ഞു ഹീറോയെ ചേർത്തുപിടിച്ചു.
സഹോദരൻറെ ജീവൻ രക്ഷിച്ചെങ്കിലും എന്തോ വലിയ കാര്യം ചെയ്തുവെന്ന ഭാവമൊന്നും ജോസഫിനില്ല. അനിയനെ അങ്ങനെ എടുത്തു നടക്കാറൊന്നും ഇല്ലായിരുന്നുവെന്നും അത്രവേഗത്തിലൊന്നും ഓടാൻ തനിക്ക് അറിയില്ലെന്നുമാണ് കുഞ്ഞു ജോസഫിൻെറ വാദം. അനിയൻ വീഴാൻ പോകുന്നതുകണ്ടപ്പോൾ ആരോ തള്ളിവിട്ടതുപോലെ താൻ ചെന്ന് അനിയനെ രക്ഷിക്കുകയായിരുന്നുവെന്നും ജോസഫ് പറയുന്നു.
Post Your Comments